കൊട്ടാരക്കര: ഭാസ്കര്‍ റാവു സ്മൃതികളുമായി കൊട്ടാരക്കരയില്‍ ഇന്ന് കാര്യാലയ സമര്‍പ്പണം. ഹിന്ദു സംഘടനാ പ്രവര്‍ത്തനത്തിന്റെ കൈവഴികളെ ഏകോപിപ്പിക്കുകയും അതിന് കരുത്തു പകരുകയും ചെയ്ത രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ താലൂക്ക് കാര്യാലയമാണ് ഇന്ന് രാവിലെ 9.30ന് ഗൃഹപ്രവേശനച്ചടങ്ങോടെ സമര്‍പ്പിക്കപ്പെടുന്നത്.
മതഭീകരവാദവും അതിര്‍ത്തി കടന്നുള്ള അതിക്രമങ്ങളും രാജ്യത്തിന് ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ പൊതു സമൂഹത്തെ ദേശീയോന്മുഖമായി ഉണര്‍ത്തുന്ന പ്രവര്‍ത്തന പദ്ധതിക്ക് കരുത്തു പകരുകയാണ് ആര്‍എസ്എസ് ചെയ്യുന്നത്. അത്തരം ദേശഭക്ത സമൂഹത്തെ വാര്‍ത്തെടുക്കുന്ന ക്രിയാത്മക പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനാണ് കൊട്ടാരക്കരയില്‍ ഭാസ്കരദ്യുതി എന്ന പേരില്‍ സ്വന്തമായൊരു ആസ്ഥാന നിര്‍മ്മിതിക്ക് കളമൊരുങ്ങിയത്.
ഉദ്ഘാടന സമ്മേളനത്തില്‍ താലൂക്ക് സംഘചാലക് പി.എം. രവികുമാര്‍ അധ്യക്ഷനായിരിക്കും. കെ.സി. കണ്ണന് ഉദ്ഘാടനം നിര്‍വഹിക്കും. മുന്‍ അഖിലഭാരതീയ ബൗദ്ധിക് പ്രമുഖ് ആര്. ഹരി, അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ. നന്ദകുമാര്‍, കാര്യകാരി അംഗം എസ്. സേതുമാധവന്, സീമാജാഗരണ്‍ സഹസംയോജകന് എ. ഗോപാലകൃഷ്ണന്, പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന്, പ്രാന്തപ്രചാരക് പി.ആര്. ശശിധരന്, കാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്, ബിജെപി അധ്യക്ഷന്‍ വി. മുരളീധരന്, രാ. വേണുഗോപാല്‍, ആദ്യകാല പ്രചാരകന്മാര്, മുതിര്‍ന്ന നേതാക്കള്‍ എന്നിവര്‍ സംബന്ധിക്കും. 5.30ന് ബോയ്സ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന സാമൂഹ്യ സൂര്യനമസ്കാരത്തിലും സാംഘിക്കിലും ജെ. നന്ദകുമാര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: