ന്യൂദല്‍ഹി: സാമ്പത്തിക മാന്ദ്യം ഇന്ത്യന്‍ വാഹന വിപണിയേയും തളര്‍ത്തുന്നു. യൂറോപ്പിലേയും യുഎസിലേയും വളര്‍ച്ചാ മാന്ദ്യം ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കും മങ്ങല്‍ ഏല്‍പ്പിച്ചു. ഉയര്‍ന്ന പലിശ നിരക്കും ഇന്ധന വിലയും കാരണം പുതിയ വാഹനങ്ങള്‍ വാങ്ങുവാന്‍ ഉപഭോക്താക്കള്‍ തയ്യാറല്ല. ഫലമോ വാഹന നിര്‍മാതാക്കള്‍ ഉത്പാദനം കുറയ്ക്കുകയും നിക്ഷേപ പദ്ധതികളില്‍ നിന്നും പിന്മാറുകയും ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്.
നിര്‍മാതാക്കള്‍ ഉത്പാദനം കുറയ്ക്കുന്നതോടെ ഇതുമായി ബന്ധപ്പെട്ട മേഖലകള്‍ കൂടി പ്രതിസന്ധിയിലാകുമെന്ന് ചുരുക്കം. വാഹനങ്ങളുടെ ഘടകഭാഗങ്ങള്‍ നിര്‍മിക്കുന്നവരേയും ചില്ലറ വില്പന കേന്ദ്രങ്ങളേയും വാഹന നിര്‍മാതാക്കളുട തീരുമാനം പ്രതികൂലമായി ബാധിക്കും. കൂടാതെ ഇടത്തരം, ഭാര വാണിജ്യ വാഹനങ്ങളേയും ഇരു ചക്രവാഹന വിഭാഗത്തേയും ഈ തീരുമാനം പ്രതിസന്ധിയിലാക്കും. വരുന്ന മാസങ്ങള്‍ വാഹന നിര്‍മാതാക്കളെ സംബന്ധിച്ച് കൂടുതല്‍ കടുത്തതാകും. തുടര്‍ച്ചയായി നാലാം മാസമാണ് ഉത്പാദനത്തില്‍ ഇടിവുണ്ടാകുന്നത്.
പെട്രോള്‍ കാറുകളുടെ ഡിമാന്റില്‍ ഇടിവുണ്ടായതിനെ തുടര്‍ന്ന് മാരുതി സുസുക്കി ഗുര്‍ഗാവോണ്‍ പ്ലാന്റ് രണ്ട് ദിവസവും മനേസര്‍ പ്ലാന്റ് ഒരു ദിവസവും അടച്ചിട്ടിരുന്നു. ഡിമാന്റ് ഇടിയുകയാണെങ്കില്‍ തുടര്‍ന്നും ഇത്തരം നടപടിയുണ്ടാകുമെന്നും മാരുതി വ്യക്തമാക്കിയിരുന്നു. ഡിമാന്റ് ഇടിയുകയാണെങ്കില്‍ ഉത്പാദനത്തില്‍ ക്രമീകരണം നടത്തേണ്ടി വരുമെന്ന് മാരുതി സുസുക്കി ചെയര്മാന് ആര്.സി.ഭാര്‍ഗവ പറഞ്ഞു. മാരുതി മാത്രമല്ല രാജ്യത്തെ മറ്റ് പ്രമുഖ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സ്, ഫോഡ്, ജനറല്‍ മോട്ടോഴ്സ്, ഫോക്സ്വാഗന്, സ്കോഡ, നിസ്സാന്‍, ഹോണ്ടയും ഉത്പാദനത്തില്‍ കുറവ് വരുത്തിയിട്ടുണ്ട്. വാഹന നിര്‍മാതാക്കളെ സംബന്ധിച്ച് ഈ സ്ഥിതി ദൗര്‍ഭാഗ്യകരമാണെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബെയില്‍ മാനുഫാക്ചേഴ്സ് പറയുന്നു. 2016 ഓടെ മൊത്തം വിറ്റുവരവ് 145 ബില്യണ്‍ ഡോളറാക്കണമെന്ന ലക്ഷ്യം നേടാന്‍ സാധിക്കില്ലെന്നും സിയാം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: