ജനാധിപത്യത്തിന്റേതായ ഈ യുഗത്തില്‍ ഒരു രാജാവിന്റെ സ്ഥാനം എന്തായിരിക്കണം? സാമൂതിരിപ്പാട് പി.കെ.എസ്. രാജയുടെ ജീവിതം നോക്കി മനസ്സിലാക്കിയാല്‍ മതി.
നമ്മുടെ നാട്ടിലെ രാജാക്കന്മാര് പൊതുവേ, പ്രജാക്ഷേമം മുന്‍നിര്‍ത്തി ഭരണം നടത്തിയവരാണ്. ലളിതമായിരുന്നു അവരുടെ ജീവിതരീതി. തങ്ങളുടെ അധീനതയിലുള്ള രാജ്യത്തിന്റെയും സമ്പത്തിന്റെയും ഉടമസ്ഥാവകാശം തങ്ങള്‍ക്കല്ലെന്ന് അവര്‍ കരുതി. പാരിന്റെ നന്മയാണ്, പാഴ്വമ്പു കാട്ടാനുള്ളതല്ല തങ്ങളില്‍ വന്നു ചേര്‍ന്ന ധനമെന്ന് വിശ്വസിച്ച് അതനുസരിച്ച് അവര്‍ കൈകാര്യം ചെയ്തു.
ആ അറിവ് തലമുറ തലമുറ പകര്‍ന്ന് ലഭിച്ചിരുന്നതിനാല്‍, രാജഭരണം പോയി ജനായത്ത ഭരണ സമ്പ്രദായം നടപ്പിലായപ്പോള്‍ ഒരു മനഃപ്രയാസവും കൂടാതെ ഉടുമുണ്ടുമാത്രമായി സിംഹാസനങ്ങളില്‍ നിന്നിറങ്ങിപ്പോരാനും അവര്‍ക്കായി. മറ്റേതു പ്രജയെയും പോലെ, ഇനി തങ്ങള്‍ക്കും ഒരേ ഒരു വോട്ടു മാത്രമേ ഉള്ളൂ എന്ന സത്യം അംഗീകരിക്കാന്‍ അവര്‍ തയ്യാറായി.
ധാര്‍മ്മികമായും സാംസ്കാരികമായും എത്രമാത്രം ഔന്നത്യത്തിലായിരുന്നു അന്ന് രാജാക്കന്മാരെന്ന് ജനങ്ങളും ചിന്തിക്കാതിരുന്നില്ല. തങ്ങള്‍ തെരഞ്ഞെടുത്ത് ഭരണത്തിലേറ്റിയ പ്രതിനിധികളുടെ നടപ്പും കൊടുപ്പും ജനങ്ങള്‍ വിലയിരുത്താതെയുമിരുന്നില്ല. അതോടെ മുന്‍കാല ഭരണാധികാരികളോടുള്ള ആദരവും ആരാധനയും വര്ദ്ധിക്കുകയായിരുന്നില്ലേ?
ഏതായാലും ഈയൊരു പശ്ചാത്തലത്തിലാണ് 2003ല്‍ 90-ാം വയസ്സില്‍ ശ്രീ മാനവേദന്‍രാജ സാമൂതിരിപ്പാടായി അവരോധിക്കപ്പെടുന്നത്. മൂന്നിലേറെ ദശകക്കാലത്തെ രാജഭരണവും അതിലിരട്ടിക്കാലത്തെ പ്രജായത്തഭരണവും കണ്ട അനുഭവം അപ്പോഴേക്ക് അദ്ദേഹത്തിനുണ്ടായിരുന്നു. ജനങ്ങള്‍ രാജാക്കന്മാരെ ഏതുവിധത്തിലാണ് കാണുന്നതെന്നും അതെന്തുകൊണ്ടാണെന്നും അദ്ദേഹം മനസ്സിലാക്കി താനായി ഇടപെടുന്നവര്‍ക്കു ആത്മീയമായും സാംസ്കാരികമായും ആവശ്യമായ ഉപദേശനിര്‍ദ്ദേശങ്ങള്‍ നല്കി അദ്ദേഹം പത്താണ്ടു സാമൂതിരി പദവിയില്‍ വാണു. രാഷ്ട്രീയമായും മറ്റും ഉയര്‍ന്ന വിവാദങ്ങളില്നിന്നകന്നു നിന്നു. തന്റെ അധീനതയിലുള്ള അമ്പതോളം ക്ഷേത്രങ്ങളുടെ ഭരണം കാര്യക്ഷമമായി നടത്തുന്നതില്‍ നിഷ്കര്‍ഷത പുലര്‍ത്തി. ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി എന്ന നിലയില്‍ കാര്യങ്ങളില്‍ സക്രിയമായി ഇടപെട്ടു. സാമൂതിരിപ്പാടിന്റെ ചുമതലയില്‍ വരുന്ന കോളേജുള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പ് ആവലാതികള്‍ക്കും ആരോപണങ്ങള്‍ക്കും ഇടം കൊടുക്കാത്തവിധത്തില്‍ നിര്‍വ്വഹിച്ചു. ഒരു കാലത്ത് ദേശത്തിനകത്തുംപുറത്തുമുള്ള പണ്ഡിത ശ്രേഷ്ഠന്മാരെയും സാംസ്കാരിക പ്രമുഖരെയും ആകര്‍ഷിക്കുകയും സാര്‍വത്രികമായ പ്രശസ്തി നേടുകയും ചെയ്തിരുന്ന, ഇടക്കാലത്ത് നിന്നുപോയശേഷം, തന്റെ മുന്‍ഗാമികള്‍ പേരിനു പുനരാരംഭിച്ച, രേവതി പട്ടത്താനം കോഴിക്കോട്ടെ ശ്രദ്ധേയമായ സാംസ്കാരിക പരിപാടിയായി മാറ്റിയതിന്റെ മികവും ഈ സാമൂതിരി തറവാട്ടിനുള്ളതത്രെ.
ഇതിനെല്ലാം അദ്ദേഹത്തിനു പ്രാപ്തി നല്‍കിയത് ജാതകവശാലുള്ള കേസരീയോഗമാണെന്ന് ജ്യോതിഷവിശ്വാസികള്‍ പറയട്ടെ. അദ്ദേഹത്തിന്റെ വിപുലമായ അനുഭവസമ്പത്തും ലോകപരിചയവും നമുക്കു ചൂണ്ടിക്കാണിക്കുകയും ചെയ്യാം. മദിരാശിയിലെ ലയോള കോളേജില്‍ നിന്ന് ബി.എ ഓണേഴ്സ് പ്രശസ്തനിലയില്‍ പാസായി ടെലഗ്രാഫ് വകുപ്പില്‍ ജൂനിയര്‍ എഞ്ചിനീയറായിച്ചേര്ന്ന അദ്ദേഹം ഡെപ്യൂട്ടി ജനറല്‍ മാനേജരായി (1936-1971) റിട്ടയര്‍ ചെയ്യുന്നതിനിടയ്ക്ക് ഭാരതത്തിന്റെ എല്ലാ വൈവിധ്യങ്ങളും വൈചിത്ര്യങ്ങളും നേരിട്ടു കണ്ടറിഞ്ഞിരുന്നു. കല്‍ക്കത്ത, ബോംബെ, മദിരാശി എന്നിങ്ങനെ വന്‍ നഗരങ്ങളിലും ആസ്സാമിലെ ഗൗഹാട്ടി, ഇന്നത്തെ ബംഗ്ലാദേശിലെ ബാരിസാള്‍, ഇന്നത്തെ പാക്കിസ്ഥാനിലെ സക്കൂര്‍ എന്നീ പരിഷ്കാരം ചെന്നെത്തിയിട്ടില്ലാത്ത (1937-42 കാലം) പ്രദേശങ്ങളിലും ജോലി ചെയ്തു. ഭൂമിശാസ്ത്രപരമായ സവിശേഷതകളോടെയും ജനജീവിതത്തിലെ വ്യത്യസ്തതകളും അറിഞ്ഞനുഭവിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്തും പ്രകൃതിക്ഷോഭ സമയങ്ങളിലും വാര്‍ത്താവിനിമയരംഗം പോലെ സുപ്രധാനമായ ഒരു മേഖലയില്‍ നിര്‍ണായക ചുമതലകള്‍ പ്രശംസാര്‍ഹമാംവിധം നിര്‍വഹിച്ചു.
അതോടൊപ്പം ജീവിതത്തില്‍ വ്യക്തിപരമായ ദുഃഖാനുഭവങ്ങളും സുഖാനുഭവങ്ങളെപ്പോലെത്തന്നെ, സ്വാഭാവികമായി നേരിടേണ്ടിവന്നിട്ടുണ്ട്.
ഔദ്യോഗികജീവിതത്തില്‍ നിന്നു വിരമിച്ചശേഷം ഇന്ത്യയ്ക്കു പുറത്തുള്ള രാജ്യങ്ങളില്‍ നടത്തിയ സന്ദര്‍ശനവും അദ്ദേഹത്തിന്റെ വ്യക്തിത്വം രൂപപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ട്. തന്റെ ഹിതാഹിതങ്ങള്‍ അറിഞ്ഞ്, കാര്യങ്ങള്‍ സൂക്ഷ്മമായി പഠിച്ച് ആക്ഷേപങ്ങള്ക്കോ തര്‍ക്കങ്ങള്‍ക്കോ പഴുതില്ലാതെ എല്ലാം നിവര്‍ത്തിച്ചു പേരാന് പ്രാപ്തനായ ഒരു സെക്രട്ടറിയെയും ദൈവഗത്യാ അദ്ദേഹത്തിനു കിട്ടി- ഭാഗിനേയനും ജാമാതാവുമായ പി.കെ. കൃഷ്ണനുണ്ണിരാജയെ.
സാമൂതിരിപ്പാടായി സ്ഥാനമേറ്റ ആദ്യവര്‍ഷങ്ങളില്‍ തപസ്യയുടെ തുഞ്ചന്‍ ദിനാഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോള്‍ അദ്ദേഹം ചെയ്ത പ്രസംഗം ഇപ്പോഴും ഓര്‍മയില്‍ തങ്ങി നില്ക്കുന്നു. എഴുത്തച്ഛന്റെ കൃതികളെക്കുറിച്ചും ആചാര്യന്റെ ദൗത്യത്തെക്കുറിച്ചും മര്‍മ്മസ്പര്‍ശിയായ ചില നിരീക്ഷണങ്ങള്‍ അന്ന് ആ സദസ്സില്‍ അദ്ദേഹം നടത്തുകയുണ്ടായി. നഗരത്തിലെ സാംസ്കാരിക പരിപാടികളില്‍ അടുത്തകാലം വരെ, അദ്ദേഹം, താല്പ്പര്യപൂര്വ്വം പങ്കെടുക്കാറുണ്ടായിരുന്നു. രേവതി പട്ടാത്താന സദസ്സില്‍ ഇക്കഴിഞ്ഞ പരിപാടിയിലും അദ്ദേഹം സന്നിഹിതനായിരുന്നു.
തനിക്ക് ജഗദീശ്വരന് കനിഞ്ഞനുഗ്രഹിച്ച് തന്ന ജീവിതം സമ്പൂര്‍ണമായി സഫലമായി ജീവിച്ചു തീര്‍ത്തിട്ടാണ് അദ്ദേഹം വിടവാങ്ങുന്നത്. ഒരു പരിഭവമോ പരാതിയോ അവശേഷിക്കാതെ, ഈ വിടവാങ്ങല്‍ അനിവാര്യമാണ്. നമുക്കു പ്രാര്‍ത്ഥിക്കാം: അദ്ദേഹം പുലര്‍ത്തിപ്പോന്ന സദ്വികാരങ്ങളും സദ്വിചാരങ്ങളും അദ്ദേഹം ചെയ്ത സല്‍കര്‍മ്മങ്ങളും നമ്മുടെ സമൂഹജീവിതത്തിനു മാതൃകയാവട്ടെ.
പി. ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: