ഡര്ബന്: വിവാദമായ കൂടംകുളം ആണവനിലയത്തിലെ ആദ്യ യൂണിറ്റിന്റെ പ്രവര്‍ത്തനം അടുത്തമാസം ആരംഭിക്കുമെന്ന് പ്രധാനമന്ത്രി ഡോ.മന്മോഹന് സിംഗ്.
ഡര്‍ബനില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനുമായി നടന്ന കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. ആയിരം മെഗാവാട്ട് ശേഷിയുള്ള ആദ്യഘട്ടത്തിന്റെ ഉദ്ഘാടനമാവും അടുത്തമാസം നടത്തുകയെന്നും മന്‍മോഹന്‍സിംഗ് പുടിനെ അറിയിച്ചു. ഇന്ത്യ-റഷ്യ സഹകരണത്തോടെയുള്ള ആണവ പദ്ധതിയുടെ അവശേഷിക്കുന്ന ഘട്ടങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
മൂന്ന്, നാല് യൂണിറ്റുകള്‍ക്ക് കേന്ദ്രാനുമതി ലഭിച്ചുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ധനകാര്യമന്ത്രി പി. ചിദംബരം, വാണിജ്യമന്ത്രി ആനന്ദ് ശര്‍മ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന് തുടങ്ങിയവരും റഷ്യന്‍ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു.
ആണവനിലയത്തെ സംബന്ധിച്ചുള്ള ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും അധികം വൈകാതെ രണ്ടും മൂന്നും ആണവനിലയത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
ആദ്യയൂണിറ്റിന്റെ പ്രവര്‍ത്തനം തുടങ്ങി ആറ് മാസത്തിന് ശേഷം രണ്ടാം യൂണിറ്റിന്റെ പ്രവര്‍ത്തനം തുടങ്ങാനാണ് തീരുമാനം. ഏപ്രിലില്‍ ആദ്യയൂണിറ്റ് പ്രവര്‍ത്തനം തുടങ്ങിയാല്‍ നവംബറോടെ രണ്ടാം യൂണിറ്റും പ്രവര്‍ത്തനസജ്ജമാകും.
തമിഴ്നാട്ടിലെ തിരുനല്‍വേലിയിലുള്ള കൂടകുളംത്താണ് റഷ്യയുടെ സഹകരണത്തോടെ ഇന്ത്യ ആണവനിലയം നിര്‍മ്മിച്ചത്.
അതേസമയം, ആണവനിലയത്തിനെതിരെ പ്രദേശവാസികള്‍ നടത്തുന്ന പ്രതിഷേധത്തെ അവഗണിച്ചാണ് കേന്ദ്രസര്‍ക്കാര്‍ നിലയത്തിന്റെ പ്രവര്‍ത്തനം തുടങ്ങുന്നത്. ശക്തമായ ജനകീയ പ്രക്ഷോഭം ഇനിയും ശമിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ആദ്യ യൂണിറ്റിന്റെ പ്രവര്‍ത്തനം തുടങ്ങാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം പ്രശ്നം കൂടുതല്‍ വഷളാക്കിയേക്കും.
ജപ്പാനിലെ ഫുക്കുഷിമ ആണവനിലയത്തിലുണ്ടായ അപകടത്തെ തുടര്‍ന്ന് ആണവനിലയങ്ങള്‍ക്കെതിരെ ലോക വ്യാപകമായി ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാഭീഷണിയും മറ്റുകാര്യങ്ങളും ചൂണ്ടിക്കാട്ടിയാണ് ആണവനിലയത്തിന് സമീപമുള്ള ജനങ്ങളും പരിസ്ഥിതിസംഘടനകളും പദ്ധതിയെ എതിര്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: