പാരിസ്: ബ്രസീലില്‍ അടുത്ത വര്‍ഷം അരങ്ങേറുന്ന ലോകകപ്പിനുള്ള യൂറോപ്യന്‍ യോഗ്യതാ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ സ്പെയിനിന് മികച്ച വിജയം. മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സും നിലവിലെ ചാമ്പ്യന്മാരായ സ്പെയിനും തമ്മില്‍ പാരീസിലെ സ്റ്റേറ്റ് ഡി ഫ്രാന്‍സ് സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്പാനിഷ് ചെമ്പട വിജയതീരമണിഞ്ഞത്.
ഗ്രൂപ്പ് ഐയില്‍ നടന്ന മത്സരത്തില്‍ ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം രണ്ടാം പകുതിയില്‍ പെഡ്രോ നേടിയ ഗോളിനാണ് സ്പെയിന് ഫ്രാന്‍സിനെ വീഴ്ത്തിയത്. 59-ാം മിനിറ്റിലാണ് മോണ്‍റിയലിന്റെ പാസില്‍ നിന്ന് പെഡ്രോ സ്പെയിനിന്റെ വിജയഗോള്‍ നേടിയത്. 77-ാം മിനിറ്റില്‍ സാവി അലോണ്‍സോയെ വീഴ്ത്തി രണ്ടാം മഞ്ഞ കണ്ട് പോള്‍ പോഗ്ബ പുറത്തായതോടെ പത്തുപേരുമായാണ് ഫ്രാന്‍സ് മത്സരം പൂര്‍ത്തിയാക്കിയത്. ഈ ജയത്തോടെ അഞ്ചു മത്സരങ്ങളില്‍ നിന്ന് പതിനൊന്ന് പോയിന്റുമായി സ്പെയിന് ഗ്രൂപ്പില്‍ ഒന്നാമതായി. രണ്ടാം സ്ഥാനത്തുള്ള ഫ്രാന്‍സിനേക്കാള്‍ ഒരു പോയിന്റിന്റെ ലീഡാണ് അവര്‍ക്കുള്ളത്.
ഗ്രൂപ്പ് എയില്‍ നടന്ന മത്സരങ്ങളില്‍ ബെല്‍ജിയവും ക്രൊയേഷ്യയും സെര്‍ബിയയും വിജയം സ്വന്തമാക്കി. ബെല്‍ജിയം ഏകപക്ഷീയമായ ഒരു ഗോളിന് മാസിഡോണിയയെയും ക്രൊയേഷ്യ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വെയില്‍സിനെയും സെര്‍ബിയ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സ്കോട്ട്ലന്റിനെയും കീഴടക്കി. ആറ് മത്സരങ്ങള്‍ പൂര്‍ത്തിയായ ഗ്രൂപ്പ് എയില്‍ 16 പോയിന്റുമായി ബെല്‍ജിയവും ക്രൊയേഷ്യയുമാണ് ഒന്നും രണ്ടും സ്ഥാനത്ത് നില്‍ക്കുന്നത്. ഈ ഗ്രൂപ്പില്‍ മാസിഡോണിയയുടെയും സ്കോട്ട്ലന്റിന്റെയും യോഗ്യതാ പ്രതീക്ഷകള്‍ക്ക് വിരാമമായി.
ഗ്രൂപ്പ് ബിയില്‍ മുന്‍ ചാമ്പ്യന്മാരായ ഇറ്റലി വിജയം സ്വന്തമാക്കി. കഴിഞ്ഞ ദിവസം ബ്രസീലിനെ സമനിലയില്‍ തളച്ചതിന്റെ ആത്മവിശ്വാസത്തില്‍ യോഗ്യതാ മത്സരത്തിനിറങ്ങിയ അസൂറികള്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മാള്‍ട്ടയെയാണ് കീഴടക്കിയത്. സൂപ്പര്‍താരം മരിയോ ബെലോട്ടെല്ലിയാണ് അസൂറികളുടെ രണ്ട് ഗോളുകളും നേടിയത്. എട്ടാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയും 45-ാം മിനിറ്റിലുമാണ് ബലോട്ടെല്ലി മാള്‍ട്ട വല കുലുക്കിയത്. മറ്റൊരു മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്ക് മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അര്‍മേനിയയെ കീഴടക്കി. ചെക്കിന് വേണ്ടി മറ്റേജ് വിദ്ര രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ ഒരു ഗോള്‍ കോളാറും സ്വന്തമാക്കി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഡെന്മാര്ക്കും ബള്‍ഗേറിയയും 1-1ന് സമനില പാലിച്ചു. അഞ്ച് മത്സരങ്ങളില്‍ നിന്ന് 13 പോയിന്റുമായി ഇറ്റലിയാണ് ഗ്രൂപ്പ് ബിയില്‍ മുന്നില്‍. ആറ് മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുമായി ബള്‍ഗേറിയ രണ്ടാമതാണ്.
ഗ്രൂപ്പ് സിയില്‍ മുന്‍ ലോകചാമ്പ്യന്മാരായ ജര്‍മ്മനി വിജയക്കുതിപ്പ് തുടര്‍ന്നു. കഴിഞ്ഞ ദിവസം നടന്ന എവേ മത്സരത്തില്‍ കസാക്കിസ്ഥാനെ 3-0ന് പരാജയപ്പെടുത്തിയ ജര്‍മ്മനി ഇന്നലെ പുലര്‍ച്ചെ നടന്ന ഹോം മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് കസാക്കിസ്ഥാനെ തകര്‍ത്തത്. മാര്‍ക്കോ റയസ് രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ മരിയോ ഗോട്സെയും ഗുന്‍ഡോഗനും ഒാരോ ഗോളുകള്‍ നേടി. മറ്റൊരു മത്സരത്തില്‍ ആസ്ട്രിയയും അയര്‍ലന്റും 2-2ന് സമനില പാലിച്ചു. 6 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ജര്‍മ്മനി 16 പോയിന്റുമായി യോഗ്യതക്കായി കുതിക്കുകയാണ്. രണ്ടാം സ്ഥാനത്തുള്ള ആസ്ട്രിയക്ക് എട്ട് പോയിന്റാണുള്ളത്.
ഗ്രൂപ്പ് ഡിയില്‍ നെതര്‍ലന്റ്സിന് ഉജ്ജ്വല വിജയം. മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് റുമാനിയയെ കീഴടക്കിയാണ് ഓറഞ്ച് പട തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്. നെതര്‍ലന്റ്സിനായി റോബിന് വാന്‍ പെഴ്സി രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ വാന്‍ഡര്‍ വര്ട്ടും ജെര്മെയ്ന് ലെന്‍സും ഓരോ ഗോളുകള്‍ നേടി. മറ്റ് മത്സരങ്ങളില്‍ എസ്റ്റോണിയ 2-0ന് അന്‍ഡോറയെ പരാജയപ്പെടുത്തിയപ്പോള്‍ തുര്‍ക്കി-ഹംഗറി പോരാട്ടം 1-1ന് സമനിലയില്‍ കലാശിച്ചു. 6 മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ഡച്ച് പട ബ്രസീല്‍ ലക്ഷ്യമാക്കി ഒന്നാം സ്ഥാനത്ത് കുതിക്കുകയാണ്. രണ്ടാം സ്ഥാനത്തുള്ള ഹംഗറിക്ക് 11 പോയിന്റാണുള്ളത്.
ഗ്രൂപ്പ് എഫില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അഭാവത്തിലും പോര്‍ച്ചുഗലിന് മികച്ച വിജയം. തുടക്കത്തില്‍ പോര്‍ച്ചുഗല്‍ ആക്രമണത്തെ ഫലപ്രദമായി പ്രതിരോധിച്ച അസര്ബൈജാന് രണ്ടാം പകുതിയില്‍ കളി മറന്നു. 63-ാം മിനിറ്റില്‍ ബ്രൂണോ ആല്‍വേസും 73-ാം മിനിറ്റില്‍ അല്‍മേഡയും പോര്‍ച്ചുഗലിനായി ഗോള്‍ നേടി. 55-ാം മിനിറ്റില്‍ അസര്‍ബൈജാന്റെ അല്യേവ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതും അവര്‍ക്ക് തിരിച്ചടിയായി. പിന്നീട് പത്തുപേരുമായാണ് അസര്ബൈജാന് കളിച്ചത്. മറ്റൊരു മത്സരത്തില്‍ ഇസ്രയേല്‍ 2-0ന് വടക്കന്‍ അയര്‍ലന്റിനെ കീഴടക്കി. നാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ റഷ്യയാണ് 12 പോയിന്റുമായി ഗ്രൂപ്പില്‍ മുന്നിട്ടുനില്‍ക്കുന്നത്. ആറ് മത്സരങ്ങളില്‍ നിന്ന് 11 പോയിന്റുള്ള ഇസ്രയേലും പോര്‍ച്ചുഗലുമാണ് രണ്ടും മൂന്നും സ്ഥാനത്ത്.
ഗ്രൂപ്പ് എച്ചില് ഇംഗ്ലണ്ടിന്റെ ശനിദശ തുടരുകയാണ്. ഇന്നലെ നടന്ന മത്സരത്തില്‍ സമനില പാലിച്ചതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായിരിക്കുന്നത്. ഇതോടെ ലോകകപ്പ് യോഗ്യതയിലേയ്ക്കുള്ള അവരുടെ ദൂരം വീണ്ടും കൂടുകയാണ്. ഒന്നാം സ്ഥാനം പിടിക്കാനായി കളത്തിലിറങ്ങിയ ഇംഗ്ലീഷ് പടയ്ക്ക് മോണ്ടെനഗ്രോയുമായി സമനില പാലിക്കേണ്ടിവന്നതുകാരണം രണ്ടാം സ്ഥാനത്ത് തന്നെ തുടരേണ്ടിവന്നു.
ആറാം മിനിറ്റില്‍ വെയ്ന്‍ റൂണിയിലൂടെ നേടിയ ലീഡാണ് കളിയിലുടനീളം മേല്‍ക്കൈ ലഭിച്ചിട്ടും അവസാനം ഇംഗ്ലണ്ട് കളഞ്ഞുകുളിച്ചത്. 75-ാം മിനിജറ്റില് ദേജാന്‍ ദാംയാനോവിച്ചാണ് മോണ്ടിനെഗ്രോയുടെ സമനില ഗോള്‍ നേടിയത്. ആറു മത്സരങ്ങളില്‍ നിന്ന് പതിനാല് പോയിന്റുള്ള മോണ്ടിനെഗ്രോ തന്നെയാണ് ഗ്രൂപ്പില്‍ മുന്നില്‍. രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന് 12 പോയിന്റാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: