ലാപാസ്: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ അര്‍ജന്റീനക്ക് സമനില. ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന സ്റ്റേഡിയങ്ങളില്‍ ഒന്നായ ലാപാസില്‍ നടന്ന ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ബൊളീവിയയാണ് അര്‍ജന്റീനയെ സമനിലയില്‍ തളച്ചത്.
കഴിഞ്ഞ ലോകകപ്പിന്റെ യോഗ്യതാ മത്സരത്തില്‍ ഒന്നിനെതിരെ ആറ് ഗോളിന് ബൊളീവിയയോട് തോറ്റ ചരിത്രം ആവര്‍ത്തിച്ചില്ല എന്നതു മാത്രമാണ് അര്‍ജന്റീനയുടെ ആശ്വാസം. തുടര്‍ച്ചയായ നാലാം മത്സരത്തിലാണ് അര്‍ജന്റീന ബൊളീവിയയുടെ വന്മല കയറാനാവാതെ മടങ്ങുന്നത്.
വാശിയേറിയ മത്സരത്തിന്റെ 25-ാം മിനിറ്റില്‍ മാഴ്സെല്ലോ മാര്‍ട്ടിന്‍സിലൂടെ ബൊളീവിയയാണ് ആദ്യം ലീഡ് നേടിയത്. വലതുവിംഗില്‍ നിന്ന് അര്‍ജന്റീന ബോക്സിലേക്ക് ഉയര്‍ന്നുവന്ന പന്ത് തകര്‍പ്പനൊരു ഹെഡ്ഡറിലൂടെയാണ് മാര്‍ട്ടിന്‍സ് വലയിലേക്ക് തിരിച്ചുവിട്ടത്. എന്നാല്‍ ആദ്യ പകുതി അവാനിക്കുന്നതിന് തൊട്ടുമുന്നേ തന്നെ അര്‍ജന്റീന സമനില നേടി. മധ്യനിരതാരം എവര്‍ ബനെഗയാണ് അര്‍ജന്റീയുടെ സമനില ഗോള്‍ സ്വന്തമാക്കിയത്. മെസ്സിയും റോഡ്രിഗസും ചേര്‍ന്ന് നടത്തിയ നീക്കത്തനൊടുവില് ബോക്സിനുള്ളില്‍ വച്ച് പന്ത് ലഭിച്ച ബനെഗ നല്ലൊരു ഷോട്ടിലൂടെ ബൊളീവിയ വല കലുക്കുകയായിരുന്നു.
അതേസമയം മെസ്സിയും ആഞ്ചല്‍ ഡി മരിയയും ഉള്‍പ്പെട്ട സൂപ്പര്‍ താരനിര അണിനിരന്നിട്ടും അര്‍ജന്റീനക്ക് ലാപാസ് ബാലികേറാമലയായി തുടരുകയാണ്. കഠിനമായ തണുപ്പില്‍ നടന്ന പോരാട്ടത്തില്‍ അവസരങ്ങള്‍ ലഭിച്ചിട്ടും അത് മുതലാക്കാന്‍ അര്‍ജന്റീനന്‍ താരങ്ങള്‍ക്ക് കഴിയാതെ പോയതാണ് തിരിച്ചടിയായത്. ഗ്രൂപ്പില്‍ അര്‍ജന്റീന വഴങ്ങുന്ന മൂന്നാം സമനിലയാണിത്.
അതേസമയം മറ്റൊരു മത്സരത്തില്‍ ഇക്വഡോര്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ഗ്രൂപ്പിലെ ഏറ്റവും അവസാനസ്ഥാനക്കാരായ പരാഗ്വെയെ പരാജയപ്പെടുത്തി. ഒരു ഗോളിന് മുന്നിട്ടുനിന്ന ശേഷമാണ് പരാഗ്വെ നാലെണ്ണം വഴങ്ങി ദയനീയ പരാജയം ഏറ്റുവാങ്ങിയത്. ഇക്വഡോറിന് വേണ്ടി ജെഫേഴ്സണ്‍ മൊണ്ടേരോ രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ ഫിലിപ്പെ കായിസിഡോയും ക്രിസ്റ്റ്യന്‍ ബെനിറ്റ്സും ഓരോ ഗോളുകള്‍ സ്വന്തമാക്കി. പരാഗ്വെക്ക് വേണ്ടി ലൂയിസ് നേരി കാബെല്ലറോയാണ് 15-ാം മിനിറ്റില്‍ ഗോള്‍ നേടിയത്.
കഴിഞ്ഞ ദിവസം മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ബൊളീവിയയെ തകര്‍ത്ത കൊളംബിയ ഇന്നലെ നടന്ന മത്സരത്തില്‍ പരാജയം ഏറ്റുവാങ്ങി. ഏകപക്ഷീയമായ ഒരു ഗോളിന് വെനസ്വേലയാണ് കൊളംബിയയെ അട്ടിമറിച്ചത്. 13-ാം മിനിറ്റില്‍ ജോസ് സലോമന്‍ രണ്ഡനാണ് വെനസ്വേലയുടെ വിജയഗോള്‍ നേടിയത്.
മറ്റൊരു മത്സരത്തില്‍ കഴിഞ്ഞ ലോകകപ്പിലെ സെമിഫൈനലിസ്റ്റുകളായ ഉറുഗ്വെയുടെ ശനിദശ തുടരുന്നു. ഇന്നലെ നടന്ന മത്സരത്തില്‍ ചിലിയോട് 2-0ന് ഉറുഗ്വെ പരാജയപ്പെട്ടു. ചിലിക്ക് വേണ്ടി എസ്റ്റബാന്‍ പരേഡസും എഡ്വേര്‍ഡോ വര്‍ഗാസും ഗോളുകള്‍ നേടി. 11 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഉറുഗ്വെയുടെ നാലാം തോല്‍വിയാണിത്. 13 പോയിന്റുമായി യോഗ്യതാ റൗണ്ടില്‍ ആറാം സ്ഥാനത്താണ് ഉറുഗ്വെ.
ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ പതിനൊന്ന് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 24 പോയിന്റുമായി അര്‍ജന്റീന തന്നെയാണ് മുന്നില്‍. 10 മത്സരങ്ങള്‍ വീതം പൂര്‍ത്തിയാക്കി ഇക്വഡോര്‍ 20 പോയിന്റുമായി രണ്ടാം സ്ഥാനത്തും 19 പോയിന്റുമായി കൊളംബിയ മൂന്നാം സ്ഥാനത്തുമാണ്. ബൊളീവിയക്ക് 11 മത്സരങ്ങളില്‍ നിന്ന് ഒന്‍പത് പോയിന്റ് മാത്രമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: