തിരുവനന്തപുരം: ആര്‍പി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഭാഗമായി ഓസ്ട്രേലിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒജിഎം ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രവര്‍ത്തനം കേരളത്തില്‍ ആരംഭിക്കുന്നു. ഏപ്രില്‍ 14ന് വൈകിട്ട് 4ന് കൊല്ലം റാവിസില്‍ ഉദ്ഘാടനം നടക്കുമെന്ന് ആര്‍പി ഗ്രൂപ്പ് ചെയര്മാന് ഡോ.രവിപിള്ള വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഒജിഎമ്മിന്റെ ബ്രാന്‍ഡ് അംബാസഡറായ മുന്‍ ക്രിക്കറ്റ് താരം സ്റ്റീവ്വോ, മന്ത്രിമാര്‍, ഓസ്ട്രേലിയന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍, സാമൂഹിക രാഷ്ട്രീയമേഖലകളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഓസ്ട്രേലിയയില്‍ മൈനിംഗ്, എല്‍എന്‍ജി, ഓയില്‍, ഗ്യാസ് മേഖലകളില്‍ ലോകോത്തര നിലവാരത്തില്‍ പരിശീലനം നല്കുന്ന സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയുമായി സഹകരിച്ചാണ് പ്രവര്‍ത്തനം.
ആറ് കോഴ്സുകളിലായി 25പേര്‍ക്ക് വീതമാണ് പ്രവേശനം. ഐടിഐ, ഡിപ്ലോമോ, ബിടെക് ബിരുദധാരികളില്‍നിന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് പരിശീലനം.
ദല്‍ഹിയും ഹരിയാനയും കഴിഞ്ഞ് ഇന്ത്യയിലെ മൂന്നാമത്തെ ശാഖയാണ് കൊല്ലത്ത് ആരംഭിക്കുന്നത്. കോഴ്സുകള്‍ രണ്ട് മാസത്തിനുള്ളില്‍ ആരംഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് താമസസൗകര്യവും ഉണ്ടാകും.
ഓസ്ട്രേലിയ, വിവിധ ഗള്‍ഫ് നാടുകള്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍, ഷെല്‍ ഗ്യാസിന്റെ വിപുലമായ ശേഖരം നിലവിലുള്ള അമേരിക്കന്‍ നാടുകള്‍, കാനഡ തുടങ്ങിയ രാഷ്ട്രങ്ങള്‍ വാഗ്ദാനം ചെയ്യുന്ന വന്‍ തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ തക്കവണ്ണം അന്താരാഷ്ട്ര നിലവാരത്തിലുള്ള തൊഴില്‍ പരിശീലനം വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുക എന്നതാണ് ഒജിഎം ലക്ഷ്യമാക്കുന്നത്.
ലോകത്ത് എല്ലായിടത്തും ഒട്ടനവധി തൊഴില്‍ അവസരങ്ങള്‍ ലഭ്യമാണെങ്കിലും അതാത് മേഖലകളില്‍ വിദഗധ പരിശീലനം ലഭിച്ച ഉദ്യോഗാര്‍ത്ഥികളുടെ അഭാവം ഇന്ന് വ്യവസായ മേഖല നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ്. അതുകൊണ്ട്തന്നെ വിദേശരാജ്യങ്ങളില്‍ വിദഗ്ദ്ധ തൊഴിലാളികളുടെ അഭാവം ദൈനംദിനം കൂടിവരികയാണ്. ഇത്തരം ഒരു സാഹചര്യത്തിലാണ് ആര്‍പി ഗ്രൂപ്പ് ഓഫ് കമ്പനീസ് കേരളത്തിലെ പുതിയ സംരംഭത്തിന് തുടക്കം കുറിക്കുന്നതെന്ന് രവി പിള്ള പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ വ്യവസായിക നിക്ഷേപങ്ങള്‍ക്ക് ഒട്ടും അനുകൂലമല്ലാത്ത അവസ്ഥയാണുള്ളതെന്നും രവിപിള്ള പറഞ്ഞു. മറ്റ് സംസ്ഥാനങ്ങള്‍ ബിസിനസുകാര്‍ക്ക് എല്ലാ ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്. അവര്‍ക്ക് ആദരവ് ലഭിക്കുന്നുണ്ട്. ഇവിടെ അതൊന്നുമില്ല. വൈദ്യുതി ദൗര്‍ലഭ്യവും സ്ഥലലഭ്യത കുറവ് നിക്ഷേപകരെ അകറ്റുന്ന ഘടകങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: