കാഞ്ഞങ്ങാട്: കര്‍ണാടകയിലെ ഹാസന് ജില്ലയില്‍ ചെന്നരായ പട്ടണത്തിനടുത്ത് ഖത്തറിക്കട്ടയില് ബംഗളൂരുവില്‍ നിന്ന് വരികയായിരുന്ന ആംബുലന്‍സും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് കാഞ്ഞങ്ങാട് സ്വദേശികളായ ദമ്പതികളുള്‍പ്പെടെ ആറ് പേര് മരിച്ചു. ഒരാള്‍ ഗുരുതരമായി പരിക്കേറ്റ് ഹാസന് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ പുലര്‍ച്ചെയാണ് അപകടം നടന്നത്.
വെള്ളരിക്കുണ്ട് നാട്ടക്കല്ലിനടുത്ത് കൈതേനിയില്‍ താമസക്കാരായ ആലപ്പുഴ സ്വദേശി സജികുമാര്‍(48), ഭാര്യ ജെസി(38), ചാലക്കുടി സ്വദേശി എല്‍ദോസ് മാത്യു(24), കര്‍ണാടക സ്വദേശികളായ സുമന്ത്(30), അശോക്(25), രവി(30) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് ഹാസന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കാഞ്ഞങ്ങാട് പുല്ലൂര്‍ പെരളം സ്വദേശി പി.ഹരിപ്രസാദിനെ ഇന്നലെ രാത്രിയോടെ വിദഗ്ധ ചികിത്സക്കായി മൈസൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
മരണപ്പെട്ട സജികുമാര്‍ വെള്ളരിക്കുണ്ടില്‍ ലോട്ടറി ഏജന്റായിരുന്നു. ഭാര്യ ജെസി കാഞ്ഞങ്ങാട് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയാണ്. പുട്ടപര്‍ത്തിയില്‍ സത്യസായി നിലയത്തില്‍ സേവാപ്രവര്‍ത്തനങ്ങള്‍ക്ക് പോകാറുള്ള പുല്ലൂര്‍ പെരളം സ്വദേശി ഹരിപ്രസാദിന്റെ കൂടെ സജികുമാറും ഭാര്യയും പുട്ടപര്‍ത്തിയില്‍ എത്തിയതായിരുന്നു. എന്നാല്‍ പ്രമേഹ രോഗികൂടിയായ ജെസിക്ക് അവിടെ വെച്ച് അസുഖം കൂടിയതിനെതുടര്‍ന്ന് സത്യസായി നിലയം അധികൃതര്‍ എല്ലാവിധ സംവിധാനങ്ങളുമുള്ള ആംബുലന്‍സില്‍ മംഗലാപുരം സ്വകാര്യ ആശുപത്രിയിലേക്ക് വിട്ടതായിരുന്നു. ജെസിയും സജികുമാറും എല്‍ദോസ് മാത്യുവും ഹരിപ്രസാദും ഒഴികെയുള്ളവര്‍ കര്‍ണാടകയില്‍ നിന്നുള്ളവരാണ് ആംബുലന്‍സില്‍ വന്നിടിച്ച ടാങ്കര്‍ ലോറി (കെ എ 55 1827) താര് കയറ്റി പോകുകയായിരുന്നു.
കര്‍ണ്ണാടക സ്വദേശികളായ മരിച്ച രണ്ടുപേരെ ജെസിയെ പരിചരിക്കുന്നതിന് വേണ്ടി പ്രശാന്തി നിലയം അധികൃതര്‍ വിട്ടവരാണ്. പ്രമേഹ രോഗിയായ ജെസിയെ നാട്ടില്‍ നിന്നും ചികിത്സിക്കുന്നതാണ് നല്ലത് എന്ന അഭിപ്രായം പരിഗണിച്ചായിരുന്നുവത്രെ മംഗലാപുരത്തേക്ക് വിട്ടത്. ചെന്നരായ പട്ടണം റൂറല്‍ പോലീസ് സ്റ്റേഷനില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ ബംഗളൂരു-ഹാസ്സന്‍ ദേശീയ പാതയിലാണ് അപകടം നടന്നത്. ആംബുലന്‍സ് പാടെ തകര്‍ന്നിട്ടുണ്ട്. ബന്ധുക്കളെത്തിയതിന് ശേഷം മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യും.
മരണമടഞ്ഞ ആലപ്പുഴ സ്വദേശി സജികുമാര്‍, ഭാര്യ ജെസ്സി എന്നിവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളാണുള്ളത്. അതുല്‍ സജി(12), അഭിനവ് സജി(10). രണ്ടുപേരും തിരുവനന്തപുരം സായിബാബ ഓര്‍ഫനേജ് ട്രസ്റ്റ് ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുകയാണ്.
മരിച്ച എല്‍ദോസ് മാത്യു ബാംഗ്ലൂരില്‍ നഴ്സിംഗ് കോഴ്സ് കഴിഞ്ഞ് ആംബുലന്‍സ് സര്‍വ്വീസില്‍ ജോലി ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: