ദോഹ: ചൊവ്വാഴ്ച ഖത്തിറിലാരംഭിച്ച അറബ് ലീഗ് ഉന്നതതല സമ്മേളനത്തില്‍ ആദ്യമായി സിറിയന്‍ പ്രതിപക്ഷത്തിന്റെ പ്രതിനിധികള്‍ക്ക് സ്ഥാനം നേടാനായി. പ്രസിഡന്റ് ബാഷര്‍ അസദിന്റെ വാഴ്ചയ്ക്കെതിരെ പ്രക്ഷോഭം നടത്തുന്നവരുടെ നീക്കങ്ങള്‍ക്ക് ഇത് തന്ത്രപരമായ ശക്തിപകരും.
പ്രധാനപ്രതിപക്ഷ മുന്നണിയായ വെസ്റ്റേണ്‍ ബാക്ക്ഡ് സിറിയന്‍ ദേശീയ സഖ്യത്തിന്റെ മുന്‍ പ്രസിഡന്റ് കൂടിയായ മാവുസ് അല്‍ കത്തിബ് നേതൃത്വം നല്കുന്ന സംഘത്തിനാണ് വമ്പിച്ച കരഘോഷത്തോടെ ആഘോഷപൂര്‍വമുള്ള പ്രവേശനം ഉണ്ടായത്. ഖത്തര്‍ അമീര്‍ ഷെയ്ക്ക് ഹമദ് ബിന്‍ കാലിഫ അല്‍ താനിയാണ് ഇവരെ സിറിയയുടെ ഇരിപ്പിടത്തിലേക്ക് ക്ഷണിച്ചത്. ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ ഈ ആഴ്ച ആദ്യം നടന്ന അറബ് വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലാണ് സിറിയന്‍ പ്രതിപക്ഷത്തിന് ഇരിപ്പിടം നല്‍കാനുള്ള ശുപാര്‍ശ അംഗീകരിക്കപ്പെട്ടത്. പ്രതിപക്ഷത്തെ ശക്തമായി അടിച്ചമര്‍ത്തുന്ന ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലിനെതിരെ 2011ല്‍ സംഘടനയില്‍ നിന്നും സിറിയന്‍ സര്‍ക്കാരിന്റെ അംഗത്വം അറബ് ലീഗ് റദ്ദാക്കുകയായിരുന്നു. പുതിയ സിറിയയെ വാര്‍ത്തെടുക്കുന്നതിന് നടത്തിക്കൊണ്ടിരിക്കുന്ന വിപ്ലവകരമായ ചരിത്രദൗത്യത്തിന് സ്വദേശത്തും വിദേശത്തും പ്രതിപക്ഷത്തിന് വന്സമ്മതിയാണ് ലഭിക്കുന്നതെന്ന് ഖത്തര്‍ ഭരണാധികാരി ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിലാണ് സിറിയന്‍ പ്രതിപക്ഷത്തിന് സമ്മേളനത്തിലേക്ക് പ്രവേശനവും ഇരിപ്പിടവും നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നയതന്ത്ര വിജയത്തിനും ഖത്തറിലെ അനുമോദനത്തിനും എന്തായാലും പ്രതിപക്ഷത്തിലെ മുതിര്‍ന്നവര്‍ക്കിടയിലെ അസ്വാരസ്യം ഒളിച്ചുവയ്ക്കാനായിട്ടില്ല. അല്‍ കത്തിബിനെ കൂടാതെ സിറിയന്‍ വിമതര്‍ അടുത്തകാലത്ത് പിടിച്ചെടുത്ത പ്രദേശത്തെ ഭരണനിര്‍വഹണത്തിന് തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി ഗസ്സന്‍ ഹിട്ടോ, മുതിര്‍ന്ന പ്രതിപക്ഷ നേതാക്കളായ ജോര്‍ജ് സബ്ര, സുഹൈര്‍ അറ്റാസി എന്നിവരും സംഘത്തിലുണ്ട്.
സിറിയന്‍ പാരമ്പര്യത്തെ അംഗീകരിക്കുന്നതും സിറിയന്‍ ജനത കാലങ്ങളായി അനുഭവിച്ചു വരുന്ന ചൂഷണത്തിനെതിരെ നിലപാടെടുക്കുന്നതുമാണ് ഇതെന്ന് ചൂണ്ടിക്കാട്ടി അല്‍ കത്തിബ് അറബ് ലീഗിനോട് നന്ദി പറഞ്ഞു. എന്നാല്‍ സിറിയ അനുഭവിക്കുന്ന പ്രതിസന്ധിയോട് തികഞ്ഞ മൗനം പാലിക്കുന്ന നിരവധി രാഷ്ട്രങ്ങളെ പേരെടുത്ത് പറയാതെ കത്തിബ് കുറ്റപ്പെടുത്തി. സിറിയന്‍ പൗരന്മാര് അനുഭവിക്കുന്ന ദുരന്തത്തെ വളരെ വൈകാരികമായി അദ്ദേഹം പങ്കുവച്ചു.
സിറിയയിലെ അനാഥരുടെയും വിധവകളുടെയും മുറിവേറ്റവരുടെയും തടവിലാക്കപ്പെട്ടവരുടെയും വീടുനഷ്ടപ്പെട്ടവരുടെയും നന്ദി അദ്ദേഹം അവരെ അറിയിച്ചു. സിറിയയിലെ വിദേശ ഭീകരരുടെ സാന്നിധ്യത്തെ കത്തിബ് പ്രതിരോധിച്ചു.
ആക്രമണം നേരിടുന്ന പൗരന്മാരെ സഹായിക്കാനാണ് ഭീകരര്‍ അവിടെ തുടരുന്നത്. എന്നാല്‍ കുടുംബങ്ങള്‍ തിരിച്ചുവിളിച്ചാല്‍ അവര്‍ തങ്ങളുടെ രാജ്യത്തേക്ക് മടങ്ങി പോകണമെന്നും കത്തിബ് ആവശ്യപ്പെട്ടു. സിറിയയിലെ ഇപ്പോഴത്തെ ഭരണവാഴ്ചയ്ക്കെതിരെ പടിഞ്ഞാറിന്റെ പിന്തുണയോടെ നടക്കുന്ന യുദ്ധത്തിന്റെ പോര്‍മുഖത്ത് ഇസ്ലാമിക പോരാളികളാണുള്ളത്. എന്നാല്‍ ഇറാനികള്‍, റഷ്യന്‍ ഉപദേശകര്‍, ഹിസ്ബുള്‍ എന്നിവരെക്കുറിച്ച് ആരും ഒന്നും ചോദിക്കുന്നില്ലെന്നും കത്തിബ് വ്യക്തമാക്കി.
നേരത്തെ പ്രതിപക്ഷ മുന്നണിയുടെ പ്രസിഡന്റ് സ്ഥാനത്തു നിന്നും രാജിവയ്ക്കുന്നതായി കത്തിബ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മുന്നണി രാജി പ്രഖ്യാപനം തള്ളിയതോടെ വിഷയം പിന്നീട് സംസാരിക്കാമെന്നും ഖത്തര്‍ സമ്മേളനത്തില്‍ താന്‍ സിറിയന്‍ ജനതയുടെ പ്രതിനിധിയായാണ് എത്തിയതെന്നും കത്തിബ് വിശദീകരിച്ചു.
സിറിയന്‍ പ്രതിപക്ഷത്തിന് സ്ഥാനം നല്‍കിയതിനെതിരെ സര്‍ക്കാര്‍ രൂക്ഷമായ വിമര്‍ശനവുമായി ദമാസ്കസില്‍ രംഗത്തെത്തി. ദോഹ സമ്മേളനത്തില്‍ സിറിയന്‍ പ്രതിപക്ഷത്തിന് സ്ഥാനം നല്‍കിയതിലൂടെ ഇസ്രായേലിനെയും അമേരിക്കയെയും പ്രീതിപ്പെടുത്താന്‍ അറബ് വ്യക്തിത്വം പണയം വച്ചതായും സര്‍ക്കാര്‍ കുറ്റപ്പെടുത്തി. അറബ് വ്യക്തിത്വം സയണിസ്റ്റ്-അമേരിക്കന്‍ ആയി അധഃപ്പതിപ്പിച്ചിരിക്കുകയാണ്. ഇപ്പോഴുണ്ടായിരിക്കുന്ന സംഘട്ടനം സിറിയയെ ദുര്‍ബലപ്പെടുത്താനുള്ള രാജ്യാന്തര ഗൂഢാലോചനയുടെ ഭാഗമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: