അച്ഛന് പ്രായംചെന്ന് രോഗിയായി കിടക്കുമ്പോള്‍ അച്ഛനെ ആശ്വസിപ്പിക്കേണ്ട മകന് പറയുന്നത് “ഓഹരിവയ്ക്കൂ, എന്റെ ഓഹരി താ…” എന്നൊക്കെയാണ്. ഓഹരിവച്ചപ്പോള് തെങ്ങ് കൂടുതലുള്ള സ്ഥലം സഹോദരനായി പ്പോയി. ആ നിമിഷം അച്ഛനെ പിച്ചാത്തിക്ക് കുത്താന്‍ ഭാവിക്കുകയാണ്. അല്‍പ്പം സ്വത്തിനുവേണ്ടി മകന് അച്ഛനെ കൊല്ലാന്‍ തുടങ്ങുന്നു. എന്നാല്‍ ശ്രീരാമനെപ്പോലുള്ളവര് എന്താണ് കാണിച്ചുതന്നത്. അച്ഛന്റെ സത്യത്തെ പാലിക്കാന്‍ വേണ്ടി രാജ്യം തന്നെ ത്യജിക്കാന്‍ തയ്യാറായി. സത്യത്തിന്റെ പാതയില്‍ നിന്ന് രാമന്റെ അച്ഛനും മാറിയില്ല. ഭാര്യയോട് ചെയ്ത സത്യത്തെ പാലിക്കുക തന്നെ ചെയ്തു. കൈകേയിക്ക് വരംകൊടുത്ത കാര്യമാണെങ്കില്‍ അതും ത്യാഗത്തിന്റെ പേരില്‍ തന്നെ. യുദ്ധരംഗത്തുവച്ച് സ്വന്തം ജീവന് പണയപ്പെടുത്തിയും തന്നെ രക്ഷിച്ച കൈകേയിയുടെ ആ സമര്‍പ്പണമാണ് ദശരഥനെ ആകര്‍ഷിച്ചത്. ഭാര്യയുടെ സൗന്ദര്യമോ ബാഹ്യസ്നേഹമോ ആയിരുന്നില്ല. അന്നുചെയ്ത ആ സത്യത്തെ തന്റെ സ്വാര്‍ത്ഥതയ്ക്കുവേണ്ടി ദശരഥന് ബലികഴിച്ചില്ല. പുത്രനായ രാമനാകട്ടെ ഒരു ഭാവഭേദവും കൂടാതെ അച്ഛന്റെ വാക്കിനെ സ്വീകരിക്കുകയും ചെയ്തു.
സീതയുടെ കാര്യമോ? രാമന് കാട്ടില്‍ പോകാന്‍ തീരുമാനിച്ചപ്പോള്‍ സീത ബഹളം കൂട്ടിയോ? “നിങ്ങള്‍ കാട്ടില്‍ പോകരുത്, രാജ്യം നിങ്ങള്‍ക്ക് അവകാശപ്പെട്ടാണ്. എങ്ങനെയെങ്കിലും ആ അധികാരം പിടിച്ചെടുക്കണം. ” എന്നൊന്നും സീത പറഞ്ഞില്ല. പതി വനത്തിലേക്ക് പോയി, പത്നി നിശബ്ദയായി അനുഗമിക്കുകയും ചെയ്തു. കൂടെ സഹോദരനായ ലക്ഷ്മണനും.
ഭരതന് എന്താണ് കാണിച്ചുതന്നത്? അവര്‍ പോയല്ലോ, എനിക്ക് ഭരിക്കാം എന്ന് കരുതിയില്ല, ചേട്ടനെത്തേടിപ്പിടിച്ച് പാദുകങ്ങള്‍ വാങ്ങിക്കൊണ്ടുവന്ന് അത് സിംഹാസനത്തില്‍വച്ച് നാടുഭരിക്കുകയാണ് ചെയ്തത്. പണ്ട് നടന്നിരുന്നത് ഇങ്ങനെയാണ്. നമ്മുടെ ജീവിതത്തില്‍ പകര്‍ത്തേണ്ടതും ആ മാതൃകയാണ്. പക്ഷേ അതാരുശ്രദ്ധിക്കുന്നു? ആര് പ്രാവര്‍ത്തികമാക്കുന്നു?
– മാതാ അമൃതാനന്ദമയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: