കോട്ടയം: പ്ലാന്‍ ഫണ്ടിന്റെ പത്താം ഗഡു അനുവദിക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്രതിസന്ധിയില്‍. പതിമൂന്നാം ധനകാര്യകമ്മീഷന് പദ്ധതിയിനത്തില്‍ പഞ്ചായത്തിന് നല്കുന്ന തുകയാണിത്. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ പ്ലാന്‍ഫണ്ട് കിട്ടാതായതോടെ പദ്ധതി നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടുകയാണ്.
997 ഗ്രാമപഞ്ചായത്തും 152 ബ്ലോക്ക് പഞ്ചായത്തും നഗരസഭകളുമടക്കം സംസ്ഥാനമൊട്ടാകെ വ്യക്തിഗത ഗുണഭോക്താക്കള്‍ ഫണ്ട് ലഭിക്കാത്തതിനെ തുടര്‍ന്ന് ബുദ്ധിമുട്ടുന്നു. എണ്ണായിരം കോടി രൂപയാണ് പത്താംഗഡുവായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കേണ്ടത്. വ്യക്തിഗത ഗുണഭോക്തൃ പദ്ധതികള്‍ നടപ്പിലാക്കുന്ന ഉദ്യോഗസ്ഥന്മാരായ ഗ്രാമസേവകന്മാരും പദ്ധതി പണം കിട്ടാതായതോടെ വലയുകയാണ്. ഭവനനിര്‍മ്മാണം, കിണര്‍ നിര്‍മ്മാണം, വീടിന്റെ അറ്റകുറ്റപ്പണി എന്നിവയുടെ ഗുണഭോക്താക്കള്‍ കടം വാങ്ങി പണി പൂര്‍ത്തിയാക്കി അവസാന ഗഡു വാങ്ങുവാന്‍ പഞ്ചായത്തിലെത്തുമ്പോള്‍ ഗ്രാമസേവകര്‍ കൈമലര്‍ത്തുന്നു. പണംകിട്ടാതെ ഗുണഭോക്താക്കള്‍ നട്ടം തിരിയുകയാണ്.
പ്ലാന്‍ ഫണ്ടിന്റെ പത്താംഗഡു ലഭിക്കാതിരിക്കുന്നതോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ലക്ഷക്കണക്കിന് ജനങ്ങളുമാണ് ബുദ്ധിമുട്ടുന്നത്. ഇത്രയും വലിയ പ്രതിസന്ധി ആദ്യമായിട്ടാണെന്നാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പറയുന്നത്.
കെ.വി ഹരിദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: