ഇന്‍ഡോര്‍: സയ്യദ് മുഷ്ഠാഖ് അലി ട്വന്റി 20 ടൂര്‍ണമെന്റില്‍ ചരിത്രത്തിലാദ്യമായി സൂപ്പര്‍ലീഗിലെത്തിയ കേരളത്തിന്റെ കുതിപ്പ് തുടരുന്നു. സൂപ്പര്‍ ലീഗിലെ ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ കരുത്തരായ ദല്‍ഹിയാണ് കേരളത്തിന്റെ കുതിപ്പിന് മുന്നില്‍ മുട്ടുകുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി അണ്ടര്‍ 19 ഇന്ത്യന്‍ ക്യാപ്റ്റന്‍ ഉന്മുക്ത് ചന്ദിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തില്‍ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് എന്ന കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തി. മിലിന്ദ് കുമാര്‍ 48 റണ്‍സും പുനിത് ഹരി ബിഷ്ഠ് 28 റണ്‍സും നേടി.
എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് വേണ്ടി വെടിക്കെട്ട് ബാറ്റിംഗ് നടത്തി പുറത്താകാതെ 92 റണ്‍സെടുത്ത രോഹന് പ്രേമും 48 റണ്‍സെടുത്ത ക്യാപ്റ്റന്‍ സച്ചിന് ബേബിയും ചേര്‍ന്ന് രണ്ട് ഓവര്‍ ബാക്കിനില്‍ക്കേ നാല് വിക്കറ്റിന് 197 റണ്‍സെടുത്ത് ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം നേടി.
നേരത്തെ ടോസ് നേടിയ കേരള ക്യാപ്റ്റന്‍ സച്ചിന് ബേബി ദല്‍ഹിയെ ബാറ്റിംഗിനയക്കുകയായിരുന്നു. സ്കോര്‍ബോര്‍ഡില്‍ ഒരു റണ്‍സ് മാത്രമുള്ളപ്പോള്‍ അവരുടെ ആദ്യ വിക്കറ്റ് നഷ്ടമായി. റണ്ണൊന്നുമെടുക്കാതിരുന്ന മോഹിത്ശര്മ്മയെ മനുകൃഷ്ണന് ക്ലീന്‍ ബൗള്‍ഡാക്കി. പിന്നീട് ക്യാപ്റ്റന്‍ ഉന്മുക്ത്ചന്ദും പുനീഷ് ബിഷ്ഠും ചേര്‍ന്ന് 6.4 ഓവറില്‍ സ്കോര്‍ 63-ല്‍ എത്തിച്ചു. 20 പന്തില്‍ നിന്ന് ഒരു ബൗണ്ടറിയും മൂന്ന് സിക്സറുമടക്കം 28 റണ്‍സെടുത്ത ബിഷ്ഠിനെ ജഗദീഷിന്റെ പന്തില്‍ പ്രശാന്ത് പരമേശ്വരന് പിടികൂടിയതോടെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. പിന്നീട് ഉന്മുക്തിനൊപ്പം മിലിന്ദ് കുമാര്‍ ഒത്തുചേര്‍ന്നതോടെ ദല്‍ഹിയുടെ സ്കോറിംഗിന് റോക്കറ്റ് വേഗം കൈവന്നു. 12.2 ഓവറില്‍ ഇരുവരും ചേര്‍ന്ന് 122 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഇതിനിടെ ഉന്മുക്ത് സെഞ്ച്വറി പൂര്‍ത്തിയാക്കി. സ്കോര്‍ 19 ഓവറില്‍ 186-ല്‍ എത്തിയപ്പോള്‍ 33 പന്തില്‍ നിന്ന് 7 ബൗണ്ടറിയോടെ 48 റണ്‍സെടുത്ത മിലിന്ദ് കുമാറിനെ സന്ദീപ്വാര്യരുടെ പന്തില്‍ സുരേന്ദ്രന് പിടികൂടി. 19.5 ഓവറില്‍ സ്കോര്‍ 193-ല്‍ എത്തിയപ്പോള്‍ ഉന്മുക്തും മടങ്ങി. 67 പന്തില്‍ നിന്നും 12 ബൗണ്ടറികളും നാല് കൂറ്റന്‍ സിക്സറുകളുമടക്കം 105 റണ്‍സെടുത്ത ഉന്മുക്തിനെ പ്രശാന്ത് പരമേശ്വരന്റെ പന്തില്‍ സുരേന്ദ്രന് പിടികൂടി.
197 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 10.2 ഓവറില്‍ മൂന്നിന് 89 റണ്‍സ് എന്ന നിലയിലായ കേരളത്തെ രോഹന് പ്രേമും സച്ചിന് ബേബിയും ചേര്‍ന്ന നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് വിജയത്തിലേക്ക് നയിച്ചത്. നേരത്തെ സുരേന്ദ്രന് (6), ജഗദീഷ് (22), സഞ്ജു സാംസണ് (11) എന്നിവരാണ് പുറത്തായത്. 51 പന്തില്‍ നിന്ന് 9 ബൗണ്ടറികളും മൂന്ന് സിക്സറുകളുമടക്കം 92 റണ്‍സെടുത്ത് പുറത്താകാതെ നിന്ന റോഹന്‍ പ്രേമും 19 പന്തില്‍ നിന്ന് 7 ബൗണ്ടറിയും രണ്ട് സിക്സറുമടക്കം 48 റണ്‍സെടുത്ത സച്ചിന് ബേബിയും ചേര്‍ന്നാണ് സ്കോര്‍ 16.4 ഓവറില്‍ 172-ല്‍ എത്തിച്ചത്. പിന്നീട് സച്ചിന്‍ബേബി പുറത്തായെങ്കിലും അഞ്ച് പന്തില്‍ നിന്ന് രണ്ട് ബൗണ്ടറിയും ഒരു സിക്സറുമടക്കം 16 റണ്‍സെടുത്ത റൈഫി വിന്‍സന്റ് ഗോമസും റോഹന്‍ പ്രേമും ചേര്‍ന്ന് കേരളത്തെ തകര്‍പ്പന്‍ വിജയത്തിലേക്ക് നയിച്ചു.
മറ്റൊരു മത്സരത്തില്‍ ഗുജറാത്ത് ഒഡീഷയെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തി വിജയം കരസ്ഥമാക്കി.
ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ കര്‍ണ്ണാടകയും ബംഗാളും വിജയം കരസ്ഥമാക്കി. ബംഗാള്‍ നാല് റണ്‍സിന് ബറോഡയെയും കര്‍ണാടക രണ്ട് വിക്കറ്റിന് പഞ്ചാബിനെയും കീഴടക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: