പാരീസ്: സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ ഫ്രഞ്ച് സൈന്യത്തിന്റെ വെടിയേറ്റ് രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ ബാങ്കൂയിയിലെ വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതല വഹിച്ച ഫ്രഞ്ച് സൈന്യമാണ് വെടിവെയ്പ് നടത്തിയത്.
ഇന്ത്യന്‍ പൗരന്മാര് സഞ്ചരിച്ച വാഹനം മുന്നറിയിപ്പ് അവഗണിച്ചും വിമാനത്താവളം ലക്ഷ്യമാക്കി നീങ്ങിയതോടെ തീവ്രവാദികളോ വിമതരോ ആണെന്ന് തെറ്റിദ്ധരിച്ച് സൈന്യം വെടിവെയ്ക്കുകയായിരുന്നു.
ആറു പേര്‍ക്കു സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്. മരിച്ചവര്‍ ഏത് സംസ്ഥാനക്കാരാണെന്നോ മറ്റോ വ്യക്തമായിട്ടില്ല. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഒലാന്ദേ പ്രധാനമന്ത്രി മന്മോഹന് സിംഗിന് കത്തയച്ചു.
നിരപരാധികളായ ഇന്ത്യന്‍ പൗരന്മാരുടെ ജീവന് നഷ്ടപ്പെട്ടതില്‍ പ്രധാനമന്ത്രി ദു:ഖം രേഖപ്പെടുത്തി . സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിലുണ്ടായ അധികാര അട്ടിമറിയുടെ പശ്ചാത്തലത്തില്‍ ഇവിടെയുള്ള 100 ഓളം ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിന്റെ ചുമതലയുള്ള കോംഗോയിലെ ഇന്ത്യന്‍ അംബാസഡറോട് മരിച്ച ഇന്ത്യന്‍ പൗരന്മാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശിച്ചതായും പ്രധാനമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: