കാബൂള്‍: കുപ്രസിദ്ധമായ ബഗ്രാം ജയിലിന്റെ നിയന്ത്രണം അമേരിക്ക അഫ്ഗാനിസ്ഥാന് കൈമാറി. ഇതോടെ യുഎസ് സൈനികര്‍ പൂര്‍ണമായും ജയിലില്‍ നിന്നു പിന്‍വാങ്ങി.
അഫ്ഗാനില്‍ യുഎസ് നിയന്ത്രിച്ചിരുന്ന അവസാനത്തെ ജയിലായിരുന്നു ബഗ്രാമിലേത്. അഫ്ഗാനിസ്ഥാനിലെ ഗ്വാണ്ടനാമോ എന്ന വിളിപ്പേരുവീണ ബഗ്രാമിന്റെ മേല്‍നോട്ടം സംബന്ധിച്ച തര്‍ക്കം ഇരുരാജ്യങ്ങളും തമ്മിലെ നയതന്ത്ര ബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിച്ചിരുന്നു. അഫ്ഗാന് നാഷണല്‍ ഡിന്റന്ഷന് ഫെസിലിറ്റി ഇന്‍ പര്‍വാന്‍ എന്ന പുതിയ പേരിലാവും ജയില്‍ ഇനി അറിയപ്പെടുക.
അല്‍ഖ്വയ്ദ ഭീകരര്‍ക്കെതിരായ വിദേശ സൈനിക നടപടിക്കിടെ 2012ലാണ് ബഗ്രാം ജയില്‍ അന്താരാഷ്ട്ര ശ്രദ്ധനേടുന്നത്. ബഗ്രാമിലെ തടവുകാരെ യുഎസ് സൈനികര്‍ യാതൊരു കാരണവുമില്ലാതെ അതിക്രൂരമായി പീഡിപ്പിക്കുന്നതായി ആരോപണമുയര്‍ന്നു. എന്നാല്‍ അമേരിക്കയും നാറ്റോയും ഇതു നിഷേധിക്കുകയുണ്ടായി.
കഴിഞ്ഞ സെപ്റ്റംബറില്‍ ജയിലിന്റെ നിയന്ത്രണം അഫ്ഗാന് അധികൃതര്‍ക്ക് കൈമാറാന്‍ തീരുമാനിച്ചെങ്കിലും അതു നടപ്പായില്ല. അമ്പതോളം തടവുകാരെ സംബന്ധിച്ച ആശങ്കയായിരുന്നു നിലപാടു മാറ്റാന്‍ യുഎസിനെ പ്രേരിപ്പിച്ചത്.
ബഗ്രാമിന്റെ നിയന്ത്രണം നല്കിയാല് അഫ്ഗാന് ഭരണകൂടം അപകടകാരികളായ തടവുകാരെ മോചിപ്പിച്ചേക്കാമെന്നും അങ്ങനെയെങ്കില്‍ അവര്‍ തങ്ങള്‍ക്കുനേരെ തിരിയുമെന്നും അമേരിക്ക ആശങ്കപ്പെട്ടു.
എന്നാല്‍ ട്രാക്ക് റെക്കോഡ് മോശമുള്ള തടവുകാരുടെ കാര്യത്തില്‍ അഫ്ഗാന്-യുഎസ് ഭരണകൂടങ്ങള്‍ തമ്മില്‍ ധാരണയായത് ബഗ്രാമിന്റെ കൈമാറ്റം സാധ്യമാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: