അജ്ഞാനത്തില്‍ മുഴുകിയവരാണെങ്കിലും, എന്നിട്ടും സ്വഹൃദയത്തിലെ അഹങ്കാരംകൊണ്ട് തങ്ങള്‍ സര്‍വജ്ഞന്മാരെന്ന് നിനയ്‌ക്കുന്ന വളരെപ്പേരുണ്ട്. അവരവിടെയും നില്‍ക്കുന്നില്ലെന്ന് മാത്രമല്ല, മറ്റുള്ളവരെ തങ്ങളുടെ തോളിലേറ്റാന്‍ മുതിരുകയും ചെയ്യുന്നു – അങ്ങനെ ‘കുരുടന് വഴികാട്ടുന്ന കുരുടനെപ്പോലെ അവരിരുവരും കുഴിയില്‍ വീഴുന്നു.’ ലോകം ഇത്തരക്കാരെക്കൊണ്ട് നിറഞ്ഞതാണ്. ഏതൊരുത്തനും ഗുരുവാകണം, ഏത് തെണ്ടിക്കും പത്തുലക്ഷം ഡോളര്‍ ദാനം ചെയ്യണം. ഈ രണ്ടാം കൂട്ടര്‍ പരിഹാസ്യരാകുന്നതുപോലെതന്നെയാണ് ഈ ഗുരുക്കന്മാരും.
അപ്പോള്‍ നാമെങ്ങനെയാണ് ഒരു ഗുരുവിനെ അറിയുക? ആദ്യമേ തന്നെ, സൂര്യന് വെളിപ്പെടാന്‍ ചൂട്ടുവേണ്ട. സൂര്യനെക്കാണാന്‍ നാം മെഴുകുതിരി കൊളുത്താറില്ല. സൂര്യന്‍ ഉദിക്കുമ്പോള്‍ നമ്മള്‍ സഹജവാസനയാ അതിന്റെ ഉദയത്തെ അറിഞ്ഞുവശാകുന്നു; അതുപോലെ മനുഷ്യരാശിയുടെ ഗുരു നമ്മെ തുണയ്‌ക്കാന്‍ വരുമ്പോള്‍, ആത്മാവ് സഹജവാസനയാ അറിഞ്ഞുകൊള്ളും, താന്‍ സത്യം കണ്ടെത്തിയെന്ന്. സത്യം സ്വപ്രമാണത്തില്‍ത്തന്നെ നിലകൊള്ളുന്നു; അതിനുസാക്ഷ്യം വഹിക്കാന്‍ പരപ്രമാണമൊന്നും വേണ്ട; അത് സ്വപ്രകാശമാണ്. അത് നമ്മുടെ പ്രകൃതിയുടെ ആന്തരമതങ്ങളായ അറകളിലേക്ക് തുളച്ചുകടക്കുന്നു, ‘ഇത് സത്യമാണ്’ എന്ന് ലോകം മുഴുവന്‍ എണീറ്റുനിന്നുപറയുകയും ചെയ്യുന്നു. ഇവര്‍തന്നെയാണ് മഹാഗുരുക്കന്മാര്‍, പക്ഷേ ഇതില്‍ത്താഴ്‌ന്നവരില്‍ നിന്നും നമുക്ക് തുണ കിട്ടാം. നാം യാതൊരുവനില്‍ നിന്ന് സ്വീകരിക്കുന്നുവോ അയാളെപ്പറ്റിയുള്ള നമ്മുടെ വിധിയെ വിശ്വസിക്കാന്‍ മാത്രം നാം തന്നെ എപ്പോഴും വേണ്ടത്ര അന്തഃപ്രബോധമുള്ളവരല്ലായ്കയാല്‍ ചില പരീക്ഷകള്‍ വേണ്ടതുണ്ട്. ശിഷ്യനും ഗുരുവിനും വേണ്ടതായി ചില യോഗ്യതകളുണ്ട്.
– സ്വാമി വിവേകാനന്ദന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: