ന്യൂദല്‍ഹി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും വിലക്കയറ്റത്തിലും വലയവെ, യുപിഎ സര്‍ക്കാരിന്റെ പിടിപ്പുകേടും കെടുകാര്യസ്ഥതയും വ്യക്തമാക്കുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. 2012-13 സാമ്പത്തിക വര്‍ഷത്തില്‍ ഗോതമ്പുകയറ്റുമതിയലൂടെ പൊതു ഖജനാവിന് യുപിഎ സര്‍ക്കാര്‍ വരുത്തിയ നഷ്ടം 1700 കോടി. ഉത്പാദനച്ചലവിനെക്കാള് കുറഞ്ഞ നിരക്കില്‍ ഗോതമ്പ് കയറ്റിയയച്ചതാണ് വന്‍ നഷ്ടത്തിനിടായിക്കയതെന്നു ധനകാര്യമന്ത്രാലയവുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
ഗോതമ്പ് കയറ്റുമതിയിലൂടെ രാജ്യത്തിനുണ്ടായത് കോടികളുടെ നഷ്ടം. സാമ്പത്തിക ആരോഗ്യം നിലനിര്‍ത്തുന്നതിന് ഒട്ടനവധി പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന വേളയിലാണ് ഗോതമ്പ് കയറ്റുമതിയിലൂടെ ഏകദേശം 1,700 കോടി രൂപയില്‍ അധികം നഷ്ടം നേരിട്ടിരിക്കുന്നത്. വാങ്ങിയ വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ഗോതമ്പ് കയറ്റുമതി ചെയ്തതിനെ തുടര്‍ന്നാണ് യുപിഎ സര്‍ക്കാര്‍ ഈ അധിക ബാധ്യത വരുത്തിവച്ചിരിക്കുന്നത്.
2012-13 കാലയളവില്‍ ഏകദേശം 100 ലക്ഷം ടണ്‍ ഗോതമ്പാണ് സബ്സിഡി നിരക്കില്‍ കയറ്റുമതി ചെയ്തത്. 1,700 കോടിയുടെ നഷ്ടമാണ് ഖജനാവിനുണ്ടായിരിക്കുന്നതെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് വ്യക്തമാക്കിയിരിക്കുന്നത്. ഗോതമ്പ് സംഭരണം, ഗതാഗതം ഉള്‍പ്പെടെയുള്ള ചെലവ് കണക്കാക്കുമ്പോള്‍ ഇതിലും താഴെയാണ് ഗോതമ്പിന് അന്താരാഷ്ട്ര വിപണിയിലുള്ള വിലയെന്ന് മന്ത്രാലയം വ്യക്തമാക്കി.
അതേസമയം കയറ്റുമതി തിയ്യതി ജൂണ്‍ വരെ നീട്ടിയിട്ടുണ്ട്. ഗോതമ്പ് സംഭരണത്തിന് മതിയായ സ്ഥലസൗകര്യം ഇല്ലാത്തതിനാല്‍ വന്‍തോതിലുള്ള വില്പന സുഗമമാക്കുന്നതിന് വേണ്ടിയാണ് സമയ പരിധി നീട്ടിയത്. ആദ്യപകുതിയില്‍ 45 ലക്ഷം ടണ്‍ ഗോതമ്പ് കയറ്റുമതിയ്ക്കാണ് കേന്ദ്രമന്ത്രിസഭ അനുവാദം നല്‍കിയത്. രണ്ടാം പകുതിയിലിത് 55 ലക്ഷം ടണ്ണായിരിക്കുന്നു. ആദ്യ പകുതിയില്‍ കയറ്റുമതിയിലൂടെ നേരിട്ട മൊത്തം സബ്സിഡി ഭാരം 1,300 കോടിയില്‍ അധികമാണ്. രണ്ടാം പകുതിയില്‍ കയറ്റുമതിയ്ക്ക് വേണ്ടി സ്വകാര്യ കമ്പനികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് നഷ്ടം കുറയ്ക്കാന്‍ കേന്ദ്രത്തിന് സാധിച്ചു.
2012 ജൂണില്‍ ഗോതമ്പ് കയറ്റുമതി പൊതുമേഖല ട്രേഡിംഗ് കമ്പനികള്‍ മുഖേന നടത്തുന്നതിന് യുപിഎ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ പൊതുമേഖലാ കമ്പനികള്‍ക്ക് ഇതിലൂടെ വന്‍ നഷ്ടമാണ് നേരിട്ടത്. തുടര്‍ന്നാണ് സ്വകാര്യ കമ്പനികള്‍ക്ക് ഗോതമ്പ് കയറ്റുമതി നടത്തുന്നതിനുള്ള അനുമതി നല്‍കിയത്. എഫ്സിഐ ഗോഡൗണുകളില്‍ നിന്നും നേരിട്ടാണ് കയറ്റിമതിയ്ക്കായി ചരക്കുകള്‍ അയച്ചത്. ഇതിലൂടെ നഷ്ടം കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഭക്ഷ്യ വസ്തുക്കള്‍ക്കായി സബ്സിഡി ഇനത്തില്‍ കേന്ദ്രം 85,000 കോടി രൂപയാണ് ചെലവാക്കിയത്. 2012-13 കാലയളവില്‍ പുതുക്കിയ കണക്കുകള്‍ പ്രകാരം എണ്ണ, വാതക സബ്സിഡിയായി 96,000 കോടി രൂപയാണ് ചെലവാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: