ബാഗ്ദാദ്: സിറിയയ്ക്ക് ആയുധങ്ങളെത്തിക്കുന്നത് ഇറാഖ് അവസാനിപ്പിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. ഇറാക്ക് പ്രധാനമന്ത്രി നൂറി അല്‍- മാലികിയോടു യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
സിറിയയിലേക്ക് ആയുധങ്ങളുമായി പോകുന്ന ഇറാന്റെ വിമാനങ്ങള്‍ക്ക് ഇറാഖിലൂടെ വ്യോമപാത അനുവദിക്കരുത്. ഇറാഖിലെ സുന്നി, ഷിയ, ഖുര്‍ദ് തര്‍ക്ക പരിഹാരങ്ങള്‍ക്കു രാഷ്ട്രീയ പരിഹാരം കാണണമെന്നും കെറി ആവശ്യപ്പെട്ടു. ഇറാഖില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു കെറി.
പ്രതിദിനം വിമാനം ഉപയോഗിച്ച് ആയുധങ്ങള്‍ ഇറാനില്‍ നിന്നും സിറിയയിലേക്ക് ഇറാഖിന്റെ ആകാശപരിധിയിലൂടെ ആയുധക്കടത്ത് നടത്തുന്നുണ്ടെന്നാണ് യു.എസ് ആരോപിക്കുന്നത്. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ സഹായിക്കാനാണ് ഇതെന്നും യുഎസ് പറഞ്ഞു.
എന്നാല്‍ അമേരിക്കയുടെ ആരോപണം ഇറാഖി അധികൃതര്‍ നിഷേധിച്ചു. വിഷയത്തില്‍ എന്തെങ്കിലും നടപടികള്‍ എടുക്കണമെങ്കില്‍ ആയുധക്കടത്തിന് വേണ്ടത്ര തെളിവുകള്‍ ലഭിക്കണമെന്നും ഇറാഖി അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: