വാഷിംഗ്ടണ്‍: പഞ്ചാബ് പ്രവിശ്യയിലെ ചഷ്മയില്‍ ഒരു ആവണ റിയാക്ടര്‍ കൂടി സ്ഥാപിക്കാന്‍ ചൈനയും പാക്കിസ്ഥാനും തമ്മില്‍ രഹസ്യ കരാറായി. നേരത്തേ ചൈന ഇവിടെ രണ്ടു റിയാക്ടറുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ചൈനയുടെ ഔദ്യോഗിക സ്ഥാപനമായ ചൈനാ നാഷണല്‍ ന്യൂക്ലിയര്‍ കോര്‍പ്പ് (സിഎന്‍എന്‍സി) ആണ് പ്ലാന്റ് നിര്‍മ്മിക്കുന്നത്. 1,000 മെഗാവാട്ട് ശേഷിയുള്ളതായിരിക്കും പ്ലാന്റ്.
ഈ മൂന്നാം റിയാക്ടര്‍ സംബന്ധിച്ച കരാര്‍ പാക്കിസ്ഥാനില്‍നിന്നുള്ള ആണവോര്‍ജ്ജ കമ്മീഷന് പ്രതിനിധികള്‍ ഫെബ്രുവരി 15 മുതല്‍ 18 വരെ ബീജിംഗ് സന്ദര്‍ശിച്ച സമയത്താണ് ധാരണയിലായതെന്ന് അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നുവെന്ന് വാഷിംഗ്ടണ്‍ ഫ്രീ ബക്കണ്‍ റിപ്പോര്‍ട്ടുചെയ്യുന്നു. ഈ സംഭവം അന്താരാഷ്ട്ര ആണവായുധ വിരുദ്ധ കരാറുകള്‍ക്ക് എതിരാണെന്ന് ഒബാമാ ഭരണകൂടം അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ സംഭവം ശരിവെക്കാനോ നിഷേധിക്കാനോ പാക്-ചൈനാ ഔദ്യോഗിക വൃത്തങ്ങള്‍ തയ്യാറായിട്ടില്ല.
അതേസമയം വിവാദമാകാന്‍ ഇടയുള്ളതിനാല്‍ ആണവോര്‍ജ്ജം സംബന്ധിച്ച ഒരു വാര്‍ത്തകളും ചോര്‍ന്നു പോകാതെ നോക്കണമെന്ന് ചൈന അവരുടെ ആണവോര്‍ജ്ജ സ്ഥാപനങ്ങള്‍ക്കെല്ലാം കഴിഞ്ഞ മാസം പ്രത്യേകം അറിയിപ്പു കൊടുത്തിരുന്നതായി ബീജിംഗിലെ ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
പാക്കിസ്ഥാന് ആണവ ശക്തിയാകുന്നത് ഏതു രംഗത്തായാലും കനത്ത ഭീഷണിയാകുമെന്ന വിലയിരുത്തുന്ന അമേരിക്ക എല്ലാ മേഖലയിലും ഏതു രാജ്യവുമായും അവര്‍ നടത്തുന്ന ആണവ ഇടപാടുകള്‍ തടസപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അതിനിടെയാണ് ഈ രഹസ്യ കരാര്‍ സംഭവിച്ചത്. സിഎന്‍എന്‍സി 1990 കളില്‍ പാക്കിസ്ഥാന് ആയിരക്കണക്കിന് റിംഗ് മാഗ്നറ്റുകള്‍ വിറ്റതുവഴിയാണ് പാക്കിസ്ഥാന് ആണവായുധങ്ങള്‍ക്കുള്ള ഹൈലി എന്റിച്ച്ഡ് യുറേനിയം ഉല്‍പ്പാദിപ്പിച്ചത്.
ഈ രഹസ്യ വിവരങ്ങള്‍ വെളിപ്പെടുത്തുന്ന അമേരിക്കന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പാക്കിസ്ഥാന് യുദ്ധോപകരണങ്ങള്‍ ആധുനികവല്ക്കരിക്കാന് സാങ്കേതിക വിദ്യ ചൈനയില്‍നിന്നു കൈവശപ്പെടുത്തിയതു സംബന്ധിച്ചും പരാമര്‍ശിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: