കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കല്‍ പദ്ധതിയായ ‘ഓപ്പറേഷന് ബ്ലോസം സ്പ്രിംഗ്’ അട്ടിമറിക്കാന്‍ വീണ്ടും അണിയറ നീക്കം. നിര്‍വീര്യമാക്കുന്നതിന് എസ്റ്റിമേറ്റുള്പ്പെടെയുള്ളവ തയ്യാറാക്കി രൂപരേഖ സമര്‍പ്പിക്കാമെന്നേറ്റ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്സ് ലിമിറ്റഡി(എച്ച്ഐഎല്‍)ന്റെ പിന്മാറ്റമാണ് ഇപ്പോള്‍ പദ്ധതിയെ അനിശ്ചിതത്വത്തിലാക്കിയിരിക്കുന്നത്. രണ്ടുമാസം മുമ്പ് രൂപരേഖ സമര്‍പ്പിക്കാന്‍ ജില്ലാഭരണകൂടം ആവശ്യപ്പെട്ടെങ്കിലും വ്യക്തമായ മറുപടി നല്‍കാതെ എച്ച്ഐഎല്‍ മലക്കം മറിയുകയാണ്.
എന്‍ഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച് സുപ്രീംകോടതിയില്‍ നടന്നുവരുന്ന കേസില്‍ നിര്‍ണായകമാകുമെന്ന് വിലയിരുത്തപ്പെടുന്ന പദ്ധതിയാണ് കാസര്‍കോട്ട് ആരംഭിച്ച ഓപ്പറേഷന് ബ്ലോസം സ്പ്രിംഗ്. പദ്ധതി വിജയിച്ചാല്‍ എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കല്‍ പ്രായോഗികമല്ലെന്ന കമ്പനികളുടേയും കേന്ദ്രസര്‍ക്കാരിന്റേയും വാദം പൊളിയും. അതുകൊണ്ട് തന്നെ എച്ച്ഐഎല്ലിന്റെ നടപടിയിലെ ദുരൂഹതയ്ക്കുപിന്നില് കേന്ദ്രസര്‍ക്കാരിന്റേയും എന്‍ഡോസള്‍ഫാന്‍ കമ്പനികളുടേയും സമ്മര്‍ദ്ദമാണെന്നും വിമര്‍ശനമുണ്ട്.
നേരത്തെ നാലുമാസത്തോളം നിശ്ചലമായിരുന്ന പദ്ധതി ‘ജന്മഭൂമി’ വാര്‍ത്തെയെ തുടര്‍ന്നാണ് ജില്ലാഭരണകൂടം പുനരാരംഭിച്ചത്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റേയും എച്ച്ഐഎല്ലിന്റേയും സാംപിള്‍ പരിശോധനാ ഫലം ലഭ്യമാകാത്തതിനെ തുടര്‍ന്നായിരുന്നു പദ്ധതി നിലച്ചത്. എന്നാല്‍ പരിശോധനാഫലത്തിന്റെ റിപ്പോര്‍ട്ട് ജന്മഭൂമിക്ക് ലഭിക്കുകയും ഒരുമാസംമുമ്പ് നടപടികള്‍ പൂര്‍ത്തിയായതായി തെളിയുകയും ചെയ്തു. ഇതേ തുടര്‍ന്ന് ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ ‘ടാസ്ക് ഫോഴ്സ്’ യോഗം ചേരുകയും തുടര്‍ നടപടികള്‍ക്ക് രൂപം നല്കുകയുമുണ്ടായി. നിര്‍വീര്യമാക്കുന്നതിന് പദ്ധതിയുടെ രൂപരേഖ സമര്‍പ്പിക്കാന്‍ എച്ച്ഐഎല്‍ പ്രതിനിധികള്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്കി. നേരത്തെ എന്‍ഡോസള്‍ഫാന്‍ ഉദ്പാദിപ്പിച്ചിരുന്നുവെന്നതിനാലാണ് നിര്‍വീര്യമാക്കുന്നതിന്റെ സാങ്കേതിക വിദ്യയ്ക്ക് എച്ച്ഐഎല്ലിനെ ജില്ലാഭരണകൂടം ആശ്രയിച്ചത്. എന്നാല്‍ ഇപ്പോള്‍ വ്യക്തമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുകയാണ് എച്ച്ഐഎല്‍ അധികൃതര്‍ ചെയ്യുന്നത്.
രാജ്യത്ത് കെട്ടിക്കിടക്കുന്ന എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കുക പ്രായോഗികമല്ലെന്നും വിറ്റഴിക്കാന്‍ അനുവദിക്കണമെന്നുമാണ് എന്‍ഡോസള്‍ഫാന്‍ കമ്പനികളും കേന്ദ്രസര്‍ക്കാരും നിരോധനത്തെ എതിര്‍ത്തുകൊണ്ട് സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ 1200 കോടിരൂപ ഇതിനായി ചെലവ് വരുമെന്നും ഇവര്‍ വാദിച്ചിരുന്നു. നിരോധനം സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതിയോട് നിര്‍വീര്യമാക്കുന്നതിനുള്ള സാധ്യതകള്‍ ആരായാനും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റേയും എന്‍ഡോസള്‍ഫാന്‍ കമ്പനികളുടേയും മനുഷ്യത്വ വിരുദ്ധ നിലപാടുകള്‍ക്കുള്ള മറുപടിയായാണ് കാസര്‍കോട്ടെ ‘ഓപ്പറേഷന് ബ്ലോസം സ്പ്രിംഗ്’ വിലയിരുത്തപ്പെട്ടത്. എന്നാല്‍ കേസിലെ വിചാരണ അന്തിമഘട്ടത്തിലെത്തി നില്ക്കുന്ന സാഹചര്യത്തില്‍ എന്‍ഡോസള്‍ഫാന്‍ ലോബിക്കുവേണ്ടി പദ്ധതി നീട്ടിക്കൊണ്ടുപോകാനാണ് എച്ച്ഐഎല്‍ ശ്രമമെന്നാണ് സംശയിക്കപ്പെടുന്നത്. കേന്ദ്ര കൃഷിവകുപ്പ് നേരത്തെ തന്നെ എന്‍ഡോസള്‍ഫാന്‍ ഉത്പാദനത്തെ ന്യായീകരിച്ച് രംഗത്തുണ്ട്. നിരോധനം നിലവില്‍ വന്നാല്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്കാന് എന്‍ഡോസള്‍ഫാന്‍ കമ്പനികള്‍ക്ക് നിയമപരമായി ബാധ്യതയേറും. എന്‍ഡോസള്‍ഫാന്‍ ഉത്പാദകരായിരുന്ന എച്ച്ഐഎല്ലിന്റെ നിലപാട് ദുരൂഹമാകുന്നതും ഇതുകൊണ്ടാണ്.
കാസര്‍കോട് പ്ലാന്റേഷന് കോര്‍പ്പറേഷനുകീഴില്‍ കെട്ടിക്കിടക്കുന്ന എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കുന്നതിന് കഴിഞ്ഞ മെയ് 5ന് കൃഷിമന്ത്രി കെ.പി.മോഹനന് പങ്കെടുത്ത യോഗത്തിലാണ് തീരുമാനമുണ്ടായത്. ഇതിനായി ഡെപ്യൂട്ടി കളക്ടര്‍ പി.കെ.സുധീര്‍ബാബുവിന്റെ നേതൃത്വത്തില്‍ ഡോ.മുഹമ്മദ് അഷീല്‍ ചെയര്‍മാനായി ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. എച്ച്ഐഎല്‍, മലിനീകരണ നിയന്ത്രണബോര്‍ഡ്, പ്ലാന്റേഷന് കോര്പ്പറേഷന് തുടങ്ങിയവര്‍ ടാസ്ക് ഫോഴ്സില്‍ അംഗങ്ങളാണ്. പഴകി ദ്രവിച്ച ബാരലുകളില്‍ നിന്നും എന്‍ഡോസള്‍ഫാന്‍ സുരക്ഷിത ബാരലുകളിലേക്ക് നീക്കിയ ഒന്നാംഘട്ട പ്രവൃത്തിയാണ് ഇതുവരെ നടന്നത്. പൂര്‍ണമായും നിര്‍വീര്യമാക്കുന്ന രണ്ടാംഘട്ട പ്രവൃത്തി പല കാരണങ്ങളാല്‍ മുടങ്ങുകയാണിപ്പോള്.
കെ. സുജിത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: