തിരുവനന്തപുരം: മതം മനുഷ്യനെ മയക്കുന്ന കറുപ്പ് എന്നു പറഞ്ഞ കമ്മ്യൂണിസ്റ്റുപാര്‍ട്ടി മതാചാര്യന്മാരുടെ ചിത്രം വ്യാപകമായി ദുരുപയോഗം ചെയ്തതാണ് അക്ഷന്തവ്യമായ രാഷ്ട്രീയ നെറികേടെന്ന് ഹിന്ദുഐക്യവേദി കുറ്റപ്പെടുത്തി. ഹിന്ദുഐക്യവേദിയുടെ സംസ്ഥാന സമ്മേളനപ്രചാരണബോര്ഡുകളില് എകെജിയുടെ ചിത്രം വച്ചതുമായി ബന്ധപ്പെട്ടു പിണറായി നടത്തിയ പ്രസ്താവന അപഹാസ്യവും, ദുരൂഹത ഉണ്ടാക്കി കാര്യം നേടാനുള്ള ശ്രമവും ആണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗവരാം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണത്തിന് വളരെമുന്പ് നടന്ന ഗുരുവായൂര്‍ സത്യാഗ്രഹത്തില്‍ എകെജി പങ്കെടുത്തത് കമ്യൂണിസ്റ്റുകാരന് എന്ന രീതിയില്‍ ആണ് എന്ന് പിണറായി വ്യാഖ്യാനിക്കുന്നത് ഇരുട്ട് കൊണ്ട് ഓട്ടയടക്കുന്നതുപോലെയാണ്. പിണറായിക്ക് ചരിത്രം അറിഞ്ഞുകൂടാത്തതുകൊണ്ടാണ് ഇതെന്ന് കരുതുന്നില്ല. കാലങ്ങള്‍ക്കുശേഷം ആണെങ്കില്‍പോലും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കെട്ടുകഥകള്‍ ഒന്നൊന്നായി പൊളിയുകയാണ്. അതിലുള്ള വേവലാതിയാണ് ഇത്തരത്തില്‍ ഉള്ള പ്രതികരണം. രാഷ്ട്രീയ നെറികേട് കാണിച്ചതും കാണിച്ചുകൊണ്ടിരിക്കുന്നതും പ്രത്യയശാസ്ത്ര പാപ്പരത്തത്തില്‍ പെട്ട സിപിഐ എം ആണ്.
ഹിന്ദു ഐക്യവേദി സാമൂഹ്യനീതിക്കുവേണ്ടിയുള്ള കേരളത്തിലെ രാഷ്ട്രീയാതീത ജാത്യതീത കൂട്ടായ്മയാണ്. ഹിന്ദുഐക്യവേദിയെ സംബന്ധിച്ച് ഒരാള്‍ സ്വീകാര്യന്‍ ആകുന്നത് ആ വ്യക്തിയുടെ ഹിന്ദുക്കളോടുള്ള നിലപാടിന്റെ അടിസ്ഥാനത്തിലാണ്; അത് ചരിത്രപുരുഷന്മാരായാലും ഇപ്പോള്‍ ജീവിക്കുന്നവര്‍ ആയാലും. ഹിന്ദുഐക്യവേദിയുടെ ഈ നയത്തിലേക്ക് ആര്‍എസ്എസിനെയോ വിശ്വഹിന്ദുപരിഷത്തിനെയോ വലിച്ചിഴയ്ക്കേണ്ട കാര്യമില്ല. അങ്ങനെ വലിച്ചിഴയ്ക്കുന്നത് ഗൂഢാലോചനയാണ്. കമ്യൂണിസ്റ്റുകാരായ നിരവധിപേര്‍ ഹിന്ദുഐക്യവേദിയുടെ നേതൃനിരയില്‍ ഉണ്ട്. കൂടുതല്‍പേര്‍ ഐക്യവേദിയില്‍ എത്തിക്കൊണ്ടിരിക്കുന്നു. ഇതില്‍ പിണറായി അടക്കമുള്ള പാര്‍ട്ടിനേതാക്കള്‍ അസ്വസ്ഥരാണ്. ഹിന്ദുതാല്പ്പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ സിപിഐ എമ്മിന്റെ കേരളത്തിലെ അവസാനത്തെ സെക്രട്ടറി എന്ന അലങ്കാരം പിണറായി വിജയന് തന്നെ ഉറപ്പാക്കും. സിപിഐ എമ്മിനെ കമ്മ്യൂനല് പാര്‍ട്ടി ഓഫ് ഇസ്ലാം (മദനി) ആക്കി മാറ്റിയ പിണറായിക്ക് എകെജി വിഷയത്തില്‍ പ്രതികരിക്കാനുള്ള അര്‍ഹതപോലുമില്ല. കേരളത്തിലെ സമുദായ സംഘടനകളെയും സമൂഹത്തില്‍ സ്വാധീനമുള്ള മഹാന്മാരായ നേതാക്കളെയും ഹൈജാക്ക് ചെയ്യാനും അവരുടെ പ്രയത്നങ്ങളെ തങ്ങളുടെ ഇടപെടലുകള്‍ ആയി അവതരിപ്പിക്കാനും ഇഎംഎസിന്റെ നേതൃത്വത്തില്‍ നടന്നത് ഒരു വലിയ ഗൂഢാലോചനയാണ്. അതിന്റെഫലമായി കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനകത്ത് പലരും എത്തപ്പെട്ടിട്ടുണ്ട്. അതില്‍ പ്രമുഖരാണ് എകെജി, വി.ടി.ഭട്ടതിരിപ്പാട്, സുബ്രഹ്മണ്യന് തിരുമുന്പ് തുടങ്ങിയവര്‍. വി.ടി.ഭട്ടതിരിപ്പാടും സുബ്രഹ്മണ്യന് തിരുമുന്പും പിന്നീട് കാര്യം മനസിലായപ്പോള്‍ പാര്‍ട്ടി വിട്ടു. എകെജി പാര്‍ട്ടി വിട്ടില്ല. എങ്കിലും പാര്‍ട്ടിയുടെ ഗൂഢാലോചനകള്‍ക്ക് വിരുദ്ധമായി വര്‍ത്തിച്ചു. അടിയന്തിരാവസ്ഥാ വിഷയത്തിലും ചൈനീസ് ആക്രമണ വിഷയത്തിലും തുടങ്ങി പാര്‍ട്ടിയില്‍നിന്ന് വ്യത്യസ്തമായ എകെജിയുടെ നിലപാടുകള്‍ ഒരുകാലത്ത് രാഷ്ട്രീയകേരളം ചര്‍ച്ച ചെയ്തതാണ്.
അടിയന്തരാവസ്ഥ വൃത്തികെട്ട ജനാധിപത്യ ധ്വംസനം ആണെന്ന് തിരിച്ചറിഞ്ഞ എകെജി കോയമ്പത്തൂരില്‍ ആര്യവൈദ്യശാലയില്‍ ചികില്സാസമയത്തുതന്നെ വന്നുകണ്ട ആര്‍എസ്എസ് പ്രവര്‍ത്തകനും ജനസംഘത്തിന്റെ നേതാവുമായിരുന്ന ജന കൃഷ്ണമൂര്‍ത്തിയോട് പറഞ്ഞകാര്യങ്ങള്‍ ശ്രദ്ധേയമാണ് ‘ദൗര്‍ഭാഗ്യവശാല്‍ ഞാന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി ഇതിനെതിരെ സമരം ചെയ്യാന്‍ തയ്യാറല്ലെന്നും ആരോഗ്യമുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍തന്നെ ഞാന്‍ നിങ്ങളുടെ കൂടെ സമരരംഗത്തേക്ക് ഇറങ്ങിവരുമായിരുന്നു’ എന്നുമാണ്. ഇനിയെങ്കിലും സിപിഎം ചരിത്രത്തെ വളച്ചൊടിച്ചു, കള്ളപ്രചാരണം നടത്തി എകെജിയെ അപമാനിക്കുന്നത് അവസാനിപ്പിക്കണമെന്നും ബ്രഹ്മചാരി ഭാര്‍ഗവരാം ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ഹിന്ദുഐക്യവേദി നേതാക്കളായ കിളിമാനൂര്‍ സുരേഷ്, അരവിന്ദാക്ഷന് നായര്‍, സന്ദീപ് തമ്പാനൂര്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: