മതത്തിന്റെ വക്താവ് ആശ്ചര്യനായിരിക്കണം. അപ്രകാരം തന്നെ ശ്രോതാവും ഇരുവരും യഥാര്‍ത്ഥത്തില്‍ ആശ്ചര്യമായിരിക്കുമ്പോള്, അസാധാരണരായിരിക്കുമ്പോള്‍മാത്രം, മഹത്തായ ആധ്യാത്മിക വളര്‍ച്ചയുണ്ടാകുന്നു. മറ്റുവിധത്തിലില്ലതാനും. ഇവരാണ് യഥാര്‍ത്ഥ ഗുരുക്കന്മാര്, ഇവരാണ് യഥാര്‍ത്ഥശിഷ്യന്മാരും. ഇവരെയൊഴിച്ചു മറ്റുള്ളവര്‍ ബുദ്ധിപരമായി അല്‍പ്പമൊന്നു പണിപ്പെട്ടും സ്വല്പ്പം കൗതുകത്തെ ഒന്നു തൃപ്തിപ്പെടുത്തിയുംകൊണ്ട്, ആദ്ധ്യാത്മികതയുമായി കളിക്കയാണ്; പക്ഷേ, അവരുടെ നില്‍പ്പ് മതചക്രവാളത്തിന്റെ പുറത്തേക്കുള്ള വക്കത്തുമാത്രമാണ്. അതില്‍ കുറച്ചു വിലയുണ്ട്. അങ്ങനെ യഥാര്‍ത്ഥമായ മതദാഹം ഉണര്‍ത്തപ്പെട്ടേക്കാം; എല്ലാം കാലഗതിയില്‍ വന്നുചേരുന്നു. നിലം തയ്യാറായാലുടന്‍ വിത്തുവന്നുകൊള്ളണം എന്നുള്ളത് പ്രകൃതിയുടെ ഒരു ഗഹനനിയമമാണ്, ആത്മാവിന് മതം വേണം എന്നുതോന്നുന്ന ഉടന്‍ മതശക്തിസംക്രാമകന്‍ വന്നുകൊള്ളണം. ‘തേടുന്ന പാപി തേടുന്ന രക്ഷകനെ കണ്ടുമുട്ടുന്നു.’ സ്വീകരിക്കുന്ന ആത്മാവിലെ ആകര്‍ഷകശക്തി മുഴുത്തു പക്വമായാല്‍, ആ ആകര്‍ഷണത്തിന് വിളികേള്‍ക്കുന്ന ശക്തി വന്നുകൊള്ളണം.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: