ഒരു ദശാബ്ദക്കാലമായി യജ്ഞവേദികളിലെ നിറസാന്നിധ്യമാണ് കെ.ആര്. രാമകൃഷ്ണവാര്യര്‍. റിട്ടയേഡ് സംസ്കൃത അധ്യാപകനായ വാര്യര്‍ സപ്താഹം, നവാഹം, ഏകാദശം തുടങ്ങിയ യജ്ഞവേദികളിലെ നിറസാന്നിധ്യമാണ്.
2003 മുതല്‍ ഇദ്ദേഹത്തിന്റെ സാമീപ്യം എല്ലാ യജ്ഞവേദികളിലും കണ്ടുതുടങ്ങി. ഭാഗവതം മൂലം, ദേവീഭാഗവതം മൂലം, ശിവപുരാണം മൂലം എന്നിവയിലാണ് കൂടുതല്‍ താല്പര്യം. ദേവഭാഷയായ സംസ്കൃതത്തോടുള്ള പ്രത്യേക താല്പര്യം കൊണ്ട് മൂലം പാരായണം ചെയ്യുന്ന യജ്ഞവേദികള്ക്കാണ് ഇദ്ദേഹം പ്രാധാന്യം നല്‍കുന്നത്.
അഖില ഭാരത ഭാഗവതസപ്താഹയജ്ഞത്തിലും സോമയാഗം തുടങ്ങി യാഗവേദികളിലും അദ്ദേഹം പങ്കെടുക്കാറുണ്ട്. കേരളത്തിലെമ്പാടുമുള്ള ഭാഗവതാചാര്യന്മാരുമായി അടുത്ത ബന്ധമാണ് വാര്യര്‍ക്കുള്ളത്. സ്വസ്ഥമായ വാര്ധക്യജീവിതത്തിന് യജ്ഞവേദികളിലെ നിത്യസമ്പര്‍ക്കം അദ്ദേഹത്തിനു സഹായകമാകുന്നു.
ചെറുപ്പകാലം മുതലേ വിവിധ ഹൈന്ദവ പ്രസ്ഥാനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുവാനും തന്റെ കഴിവുകള്‍ പ്രസ്ഥാനങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുന്നതിനും ബദ്ധശ്രദ്ധനായിരുന്നു. ഹൈസ്കൂള്‍ വിദ്യാഭ്യാസ കാലത്ത് 1945-50 കാലഘട്ടത്തില്‍ ആര്.എസ്.എസ് പ്രവര്‍ത്തകനായി പ്രാഥമിക സംഘശിക്ഷാവര്‍ഗില്‍ പങ്കെടുത്തു. സംഘത്തിന്റെ മൂവാറ്റുപുഴ ഓര്‍ഗനൈസര്‍ ചന്ദ്രശേഖരന് കര്‍ത്താ, ഹരിയേട്ടന്, സര്‍സംഘചാലക് ഗുരുജി ഗോള്‍വര്‍ക്കര്‍ എന്നീ മഹത് വ്യക്തികളുമായി നേരിട്ടു ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്നു. ഔദ്യോഗിക ജീവിതകാലത്ത് പ്രവര്‍ത്തനം മന്ദീഭവിച്ചെങ്കിലും 1985 മുതല്‍ ആ ബന്ധം സജീവമായി തുടര്‍ന്നു.
കരുനാഗപ്പള്ളി താലൂക്കില്‍ ക്ഷേത്രസംരക്ഷണ സമിതി രൂപീകരിച്ചപ്പോള്‍ ആദ്യകാല സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. വിശ്വം പാപ്പാ ക്ഷേത്രസംരക്ഷണ സമിതിയുടെ സംഘാടകനായിരുന്നപ്പോള് അദ്ദേഹത്തോടൊപ്പം സ്റ്റേറ്റ് കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചു. അന്യാധീനപ്പെട്ടുപോയ കരുനാഗപ്പള്ളി പുതിയകാവ് ദേവീക്ഷേത്ര മൈതാനം തിരിച്ചെടുക്കാന്‍ നടത്തിയ ഐതിഹാസിക പോരാട്ടത്തിലും സജീവമായിരുന്നു.
തിരുമൂലപുരം എസ്എന്‍വി സംസ്കൃത ഹൈസ്കൂളില്‍ സംസ്കൃത അധ്യാപകനായിട്ടായിരുന്നു ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1963 മുതല്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ തകഴി, ചെറിയനാടു സ്കൂളുകളില്‍ ജോലി ചെയ്തു. തുടര്‍ന്ന് വിളക്കുടി യുപി സ്കൂളില്‍ പ്രധാനാധ്യാപകനായി, 1988ല്‍ ചങ്ങന്‍കുളങ്ങര യുപിസ്കൂളില്‍ നിന്നുമാണ് വിരമിച്ചത്.
ദേശാടന താല്പര്യമുണ്ടെങ്കിലും ഭൗതിക ഗാര്‍ഹിക പരിമിതികള്‍ കൊണ്ട് ഇതുവരെയും നടപ്പിലായില്ല. രണ്ടു പെണ്മക്കളെയും വിവാഹം കഴിപ്പിച്ചു. അരനൂറ്റാണ്ടിനു മുകളിലുള്ള ദാമ്പത്യബന്ധത്തിന്റെ ദൃഢതയില്‍ പെന്‍ഷണറായ ഭാര്യയുമൊന്നിച്ച് ആത്മീയകാര്യങ്ങളില്‍ മുഴുകി ചങ്ങന്‍കുളങ്ങര നടയില്‍ വാര്യത്ത് സ്വസ്ഥവും സംതൃപ്തവുമായ വാര്‍ധക്യകാല ജീവിതം നയിക്കുന്നു.
വി.രവികുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: