വിവേകാനന്ദസ്വാമിയുടെ 150-ാം ജയന്തിദിനാഘോഷങ്ങള്‍ നടക്കുകയാണല്ലോ. ലോകയുവത്വത്തിന്റെ എക്കാലത്തെയും ഊര്‍ജ സ്രോതസ്സായ ആ മനീഷി വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രബുദ്ധകേരളത്തെ എങ്ങനെയാണ് വിശേഷിപ്പിച്ചിരുന്നതെന്ന് നമുക്കറിയാം. ജാതിയുടെ വൃത്തിക്കെട്ട പുറംതോടിനുള്ളില്‍ അപമാനിതരായി കഴിഞ്ഞിരുന്നവര്‍ മറ്റ് മതങ്ങളുടെ അതേ അവസ്ഥയിലേക്ക് കാര്യമറിയാതെ പ്രവേശിക്കുന്നത് കണ്ടും വേദനിച്ചും മനസ്സുരുകിയാണ് അന്ന് കേരളത്തെ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ചിരുന്നത്.അതിന്റെ പേരില്‍ ഒട്ടുവളരെ വിവാദങ്ങളും നിരീക്ഷണങ്ങളും വിശകലനങ്ങളും അരങ്ങ് തകര്‍ക്കുന്നുണ്ട്. ആത്യന്തികമായി മനുഷ്യനെ മനസ്സിലാക്കിയ,അവന്റെ വേദന ഉള്‍ക്കൊണ്ട ആ മഹാപ്രതിഭയുടെ ഓര്‍മപോലും നമ്മെ കോരിത്തരിപ്പിക്കുന്നതാണ്. എന്നാല്‍ അന്ന് സ്വാമിജി വിശേഷിപ്പിച്ച വാക്കിന് മറ്റൊരുതരത്തില്‍ പ്രസക്തി വര്‍ധിച്ചിരിക്കുന്നു; ഒട്ടും ആശാസ്യമല്ലാത്ത പ്രസക്തി.
വിവേകാനന്ദന് ഉന്നയിച്ച ആ ചോദ്യത്തിന്റെ ആധുനിക രൂപമാണ് കോഴിക്കോട്ടെ ഹിരണ്യമാസികയുടേത്. എന്താ കേരളം’ഭ്രാന്താലയം’ ആവുകയാണോ?! എന്നാണ് കവറില്‍ തന്നെയുള്ളത്. മനുഷ്യനെ നേരിന്റെനെറിവിലേക്ക് ഉയര്‍ത്താനുതകുന്ന രീതിവിന്യാസങ്ങള് സമര്‍ഥമായി ആവിഷ്കരിച്ച് നടപ്പാക്കുന്ന കാശ്യപ റിസര്‍ച്ച് ഫൗണ്ടേഷന്റെ മുഖമാസികകൂടിയാണ് ഹിരണ്യ. അതിനാല്‍ത്തന്നെ മറ്റു പ്രസിദ്ധീകരണങ്ങള്‍ക്കില്ലാത്ത ഉത്തരവാദിത്തവും ആര്‍ജവവും അതിനുണ്ടാവുക സ്വാഭാവികം. ഫൗണ്ടേഷന്റെ ആണിക്കല്ല് ആചാര്യ എം.ആര്.രാജേഷും. മനശ്ശാസ്ത്ര-മന്ത്രവാദ പ്രത്യേക പതിപ്പാണ് മാസിക (മാര്‍ച്ച്) യുടേത്. ഭ്രാന്താലയങ്ങള്‍ ഉണ്ടാകുന്നത് എന്ന് സ്വാമിനിര്മലാനന്ദഗിരിയും കേരളം ഒരു പൊട്ടിത്തെറിയുടെ വക്കില്‍ എന്ന് ഡോ.പി.എന്‍. സുരേഷ്കുമാറും പരിഹരിക്കാവുന്ന പ്രശ്നങ്ങളേ കേരളത്തിലുള്ളൂ എന്ന് ഡോ. ജോണ്സണ് ഐരൂരും മന്ത്രവാദത്തിന് മാത്രമായി ഒന്നും ചെയ്യാനില്ല എന്ന് കാട്ടുമാടം അനില്‍ നമ്പൂതിരിപ്പാടും എഴുതുന്നു. മനസ്സിന്റെ പിടികിട്ടാത്ത വഴികളിലൂടെയുള്ള പഠനാര്‍ഹമായ യാത്രയാണ് പ്രഗല്ഭമതികളായ എഴുത്തുകാരുടേത്.
വിദ്യാഭ്യാസത്തില്‍ മാനസിക ആരോഗ്യം പുഷ്ടിപ്പെടാനുതകുന്ന എന്തെങ്കിലും കാര്യമുണ്ടോ എന്നാരായുന്ന സ്വാമിനിര്മലാനന്ദ ഗിരി മറ്റൊരു വസ്തുതയിലേക്ക് വിരല്‍ ചൂണ്ടുന്നത് നോക്കുക: മോഡേണ്‍ എഡ്യൂക്കേഷന്റെ തകരാറ്. നമുക്ക് വിദ്യാഭ്യാസ മന്ത്രിയില്ല എന്ന ഒരു സത്യം അറിയ്വോ? ആരും അറിയാതെയാണ് ഈ മാറ്റം വന്നത്. കേന്ദ്രത്തില്‍ നമുക്ക് എഡ്യുക്കേഷന്‍ മന്ത്രി ഇല്ല ഹ്യൂമണ്‍ റിസോഴ്സ് മിനിസ്റ്ററേയുള്ളൂ. എന്താണ് റിസോഴ്സ്? മനുഷ്യന് എങ്ങനെയാണ് ഒരു റിസോഴ്സ് ആകുന്നത്? അത്തരം ഒരാളില്‍നിന്ന് രൂപപ്പെടുന്ന ഒരു എഡ്യുക്കേഷന്‍ ആ റിസോഴ്സ് ഉപയോഗിക്കുക എന്ന സങ്കല്പം മാത്രമേയുള്ളൂ. അതിലെ ഒരു വലിയ ഭാഗം റിസോഴ്സ്ഓപ്പണായ ഏറ്റവും വലിയ വ്യവസായം ലോകത്ത് നടക്കുന്നത് സെക്സ് ആണ്. അങ്ങനെ വരുമ്പോള്‍ എങ്ങനെ ഒരു സമൂഹത്തിന്റെ മാനസികനില തെറ്റാതിരിക്കും? എട്ടുപേജില്‍ സ്വാമി നിരത്തുന്ന യുക്തികളും വസ്തുതകളും നമ്മുടെ ചിന്തയില്‍ വിസ്ഫോടനമുണ്ടാക്കുമെന്നത് തര്‍ക്കമറ്റ സംഗതിയത്രെ.
കേരളത്തിന്റെ മാനസിക നിലവാരത്തിലേക്ക് ഊളിയിട്ടുപോകുന്ന ഡോ. സുരേഷ് കുമാറിന്റെ നിഗമനങ്ങള്‍ ഒരു വേറിട്ട കാഴ്ചപ്പാടാണ്. കപടദുരഭിമാനം, മദ്യം, കൂട്ടുകുടുംബത്തിന്റെ തകര്‍ച്ച അങ്ങനെ ഒരുപാട് കാര്യങ്ങള്‍ ഡോക്ടര്നിരത്തുന്നുണ്ട്. എല്ലാം പരിഹരിക്കാവുന്ന പ്രശ്നങ്ങളായി ജോണ്സണ് ഐരൂര്‍ കാണുന്നുണ്ടെങ്കിലും സംസ്ഥാനത്തിന്റെ മൊത്തം മാനസികഘടനയില്‍ വലിയ വ്യത്യാസംവരുത്താന്‍ കഴിയുമെന്ന പ്രതീക്ഷ അദ്ദേഹത്തിനുമില്ല. മന്ത്രവാദത്തിന് തനിച്ച് ഒന്നും ചെയ്യാനാവില്ല എന്ന നിലപാടുകാരനാണ് അനില്‍ നമ്പൂതിരിപ്പാട് മനനാല്ത്രായതേഇതി മന്ത്ര എന്നു പറയുമ്പോള്‍ മനനം ചെയ്യുന്നവനെ മന്ത്രം രക്ഷിക്കും എന്നുസാരം. നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ എന്നു പറയുന്നതിന്റെ മറ്റൊരുവശം. എന്തുതന്നെ ആയാലും ഇന്നത്തെ സ്ഫോടനാത്മകമായ അന്തരീക്ഷത്തില്‍ ഇവരുടെ വസ്തുനിഷ്ഠമായ അപഗ്രഥനങ്ങള്‍ ഒരുവിധപ്പെട്ടവരുടെ മാനസിക ആരോഗ്യത്തിന് ഉത്തമ ഔഷധമാകുമെന്ന് സംശയിക്കാതെ പറയാം. അതിനാല്‍ ത്തന്നെ കാശ്യപ റിസര്‍ച്ച് ഫൗണ്ടേഷന് ഹിരണ്യ വഴിചെയ്തത് ശ്ലാഘനീയമായ പ്രവൃത്തിതന്നെ.
മലയാള മനോരമയുടെ വേറിട്ട പത്രപ്രവര്‍ത്തനത്തിന് വയസ്സ് 125 ആയി. അതു സംബന്ധിച്ച ചടങ്ങില്‍ രാഷ്ട്രപതി തന്നെ പങ്കെടുത്തു. എന്നും എല്ലാവരെക്കാളും ഒരടി മുമ്പില്‍ എന്ന നിലപാടാണ് മനോരമയ്ക്ക്. അതില്‍ അവര്‍ വിജയിക്കുന്നതിന്റെ തെളിവാണ് വിവിധ പ്രസിദ്ധീകരണങ്ങളുടെ മുന്നേറ്റം.
അവര്‍ക്ക് ആശംസ നേര്‍ന്നുകൊണ്ട് കേരളകൗമുദി മാര്‍ച്ച് 16 ന് ഒന്നാം പേജില്‍ പത്രാധിപക്കുറിപ്പ് പ്രസിദ്ധീകരിച്ചു. 125 തികയുന്ന മലയാള മനോരമയ്ക്ക് ആശംസകള്‍ എന്ന് തലക്കെട്ട്. ഇതിലൂടെ മനോരമയ്ക്കില്ലാത്ത ഒരു വിശിഷ്ടഗുണം മറ്റൊരു സഹജീവി മറയില്ലാതെ കാണിച്ചു എന്നത് മലയാളത്തിന്റെ അഭിമാനമായി. ഒരു കുടുംബത്തിന്റെ സ്വത്വം തുടിക്കുന്ന അക്ഷര നിറവായി മനോരമ പടര്‍ന്നു പന്തലിക്കുമ്പോള്‍ തീര്‍ച്ചയായും കേരളകൗമുദി കാണിച്ച സ്നേഹപ്പെരുമ ഓര്‍ത്തുവെക്കണം. അത്തരം സ്നേഹം കാണിക്കുന്നതില്‍ വിമുഖത ഏറെയുണ്ട് മനോരമയ്ക്ക് എന്ന് മഹാഭൂരിപക്ഷത്തിന് അറിയുകയും ചെയ്യാം.
നൂറ്റി ഇരുപതുകോടി കത്തോലിക്കരുടെ ആരാധ്യ ഇടയനായി ഫ്രാന്‍സിസ് പാപ്പ തെരഞ്ഞെടുക്കപ്പെട്ടവിവരം മാധ്യമങ്ങള്‍ വര്‍ണ മേലാപ്പും കിന്നരിത്തലപ്പാവും മറ്റും മറ്റും വെച്ച് മാലോകരെ അറിയിച്ചു. ലാളിത്യമുള്ള ജീവിതവും പെരുമാറ്റവുംകൊണ്ട് ശ്രദ്ധേയനായ വ്യക്തിത്വമത്രേ പൂര്വാശ്രമത്തില്കര്ദ്ദിനാള് ജോര്‍ജ് മരിയോ ബെര്ഗോളിയോയുടേത്. യേശുനാഥന്റെ ജീവിതചര്യകളെക്കുറിച്ച് വായിച്ചും കേട്ടും പഠിച്ചും ഉള്ള അറിവാകും അദ്ദേഹത്തിന് കിട്ടിയിരിക്കുക. ഭക്ഷണം സ്വയം പാകംചെയ്തും സ്വയം അലക്കിയും സാധാരണക്കാര്‍ക്കൊപ്പം ബസ്സില്‍ യാത്രചെയ്തും ജീവിതത്തിന്റെ സമസ്ത മേഖലകളെയും തൊട്ടറിഞ്ഞ ഫ്രാന്‍സിസ് ഒന്നാമനെപ്പറ്റി അറിയുമ്പോള്‍ മനുഷ്യനെ അടുത്തറിഞ്ഞ് അവന്റെ വേദനകളെ തഴുകി ആശ്വസിപ്പിച്ച മഹാത്മാഗാന്ധിയെ ഓര്‍ത്തുപോകുന്നു. മാര്‍പാപ്പയും അറിയാതിരിക്കില്ല ഗാന്ധിജിയെ. തന്റെ സ്ഥാനാരോഹണത്തിന് വമ്പന്പണം മുടക്കി ആരും വത്തിക്കാനിലേക്ക് വരേണ്ടെന്നും ആ പണം പട്ടിണിപ്പാവങ്ങളുടെ ക്ഷേമത്തിന് ഉപയോഗപ്പെടുത്തണമെന്നും മാര്‍പാപ്പ പറഞ്ഞത് അതുകൊണ്ടു കൂടിയാവില്ലേ?
അന്തരിച്ച വെനിസ്വലന്‍ പ്രസിഡന്റ് ഹ്യൂഗോഷാവേസിന് ആദരാഞ്ജലിയര്‍പ്പിക്കാന്‍ പല മാധ്യമങ്ങളും ഈ ആഴ്ച മുന്നോട്ടുവന്നിട്ടുണ്ട്. ദേശാഭിമാനി വാരിക (മാര്‍ച്ച് 24) അദ്ദേഹത്തിനു വേണ്ടിയുള്ള പതിപ്പു തന്നെയാണ്. കവര്ക്കഥയുള്പ്പെടെ ഏഴ് ലേഖനങ്ങളാണ് നല്‍കിയിരിക്കുന്നത്. യു.എന്‍. ജനറല്‍ അസംബ്ലിയില്‍ ഷാവേസ് നടത്തിയ പ്രസംഗത്തിന്റെ പരിഭാഷയും ഇതില്‍പ്പെടും; നല്ല മൊഴിമാറ്റം. സി.പി. അബൂബക്കറാണ് മൊഴിമാറ്റക്കാരന്‍. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (മാര്‍ച്ച് 24-30) ന്യൂലൈറ്റ്റിവ്യൂ പത്രാധിപസമിതി അംഗമായ താരിഖ് അലിയുടേതാണ് ലേഖനം. സുഹൃത്തുകൂടിയായ ഷാവേസിന്റെ ജീവിത രീതികളും നിലപാടുകളും വിവരിക്കുന്ന ഒമ്പതു പേജ് ലേഖനം മലയാളത്തിലായതുകൊണ്ട് ഭാഷാ സൗന്ദര്യം ചോര്‍ന്ന് പോയിട്ടുണ്ട്. വാക്കുകളെ മലയാളമാക്കുകയേ മൊഴിമാറ്റക്കാരന്‍ ചെയ്തുള്ളൂ. സി.പി. അബൂബക്കര്‍ എങ്ങനെ ചെയ്തെന്ന് കുഞ്ഞികൃഷ്ണന് ഒന്ന് നോക്കിയാല്‍ നന്ന്. ബോളിവറിയന് മാവോയിസ്റ്റിന്റെ സോഷ്യലിസ്റ്റ് മാതൃക എന്ന പേരില്‍ എന്‍.എം.പിയേഴ്സന്റെ ലേഖനവും മാതൃഭൂമിയില്‍ കാണാം. വായിച്ചാലും ഇല്ലെങ്കിലും പ്രശ്നമൊന്നും ഉണ്ടാവില്ല.
സി.രാധാകൃഷ്ണന് എന്ന നോവലിസ്റ്റിന്റെ, സര്‍വോപരി മനുഷ്യവേദന അറിയാന്‍ കഴിയുന്ന ഒരു സാഹിത്യകാരന്റെ സൃഷ്ടിമാത്രം മതി മലയാളം വാരിക ധന്യമാകാന്‍. ഇത്തവണ (മാര്‍ച്ച് 22) അദ്ദേഹത്തിന്റെ വീണ്ടുവിചാരം കോളത്തില്‍ രണ്ടു മൂന്നു സംഭവങ്ങളെക്കുറിച്ചാണ് പരാമര്‍ശം. തിരൂരിലെ നാടോടിക്കുട്ടിപീഡനം,ചമ്രവട്ടം അയ്യപ്പക്ഷേത്രം തീപിടിച്ചത്,കോട്ടയ്ക്കല്‍ രാജാസ് സ്കൂളിലെ വിജയന് പ്രതിമ വികൃതമാക്കിയത് എന്നിവയെക്കുറിച്ചായിരുന്നു. വേദനയുടെ അക്ഷരമൊട്ടുകള്‍ നിരത്തിവെച്ച അദ്ദേഹം ഒടുവില്‍ പറയുന്നത് നോക്കുക: മര്യാദക്കാരനും മര്യാദക്കാരനും മൂന്നു വഴി, മര്യാദക്കാരനും അക്രമിക്കും രണ്ടുവഴി, അക്രമിക്കും അക്രമിക്കും ഒരു വഴി എന്നാണ് ചിരപുരാതനമായ നാടന്‍ കണക്ക്. ഏത് ഒറ്റയടിപ്പാതയിലും പരസ്പരാഭിമുഖമായെത്തുന്ന ഇരുവരും വഴി ഒഴിഞ്ഞാല്‍ ആകെ വഴി മൂന്നായി. രണ്ടില്‍ ഒരാളെങ്കിലും ഒഴിഞ്ഞാല്‍ രണ്ടെങ്കിലുമായി. അതുമില്ല, ഏറ്റുമുട്ടലിന്റെ ഒരേയൊരു പാതയാണ് ഇരുവരും സ്വീകരിക്കുന്നതെങ്കില്‍ രണ്ടു കക്ഷികള്‍ക്കും തലതല്ലി ചാവുകയും ആകാം! ഭ്രാന്താലയത്തിലെ സ്ഥിതിതന്നെ വരണമെന്ന് അണികളെ വര്‍ധിത വീര്യരാക്കുന്ന നേതാക്കളും അവരുടെ പിണിയാളുകളും ഇതൊന്നും ശ്രദ്ധിക്കില്ലെന്ന് രാധേട്ടനും അറിയാം. എന്നാലും വ്യാസനെ പോലെ അദ്ദേഹം പറഞ്ഞുകൊണ്ടിരിക്കും, എഴുതിക്കൊണ്ടിരിക്കും. ആ നൈര്‍മല്യവും മാനവികതയും ആരെങ്കിലും തിരിച്ചറിയാതിരിക്കില്ല; കാലമേറെ എടുത്താലും.
മോഡിയുടെ ബ്രാന്റ് അന്വേഷിക്കുന്നു വിജു വി. നായര്‍ മാധ്യമം (മാര്‍ച്ച് 25) ആഴ്ചപ്പതിപ്പില്‍. വിജുവിന്റെ ബ്രാന്റ് ഏതാണെന്ന് കൃത്യമായി അറിയുന്നവര്‍ക്ക് ടിയാന് എന്തെഴുതിയാലും പ്രശ്നമില്ല. പിന്നെ, മോടി വിരുദ്ധസംഘത്തിന്റെ അവാര്‍ഡ്. അതുറപ്പ്, പ്രത്യേകിച്ചും മാധ്യമത്തില്‍ എഴുതിയസ്ഥിതിക്ക്. അഞ്ചരപ്പേജ് കാളകൂടം ഒന്ന് മൊഴിമാറ്റി മോഡിക്കെത്തിച്ചാല് ഇപ്പോള്‍ വിജു പറയുന്ന എന്തെങ്കിലും കുഴപ്പം മോഡിക്കുണ്ടെങ്കില്‍ അതു മാറിക്കിട്ടുകയുംചെയ്യും, ആമേന്‍.
തൊട്ടുകൂട്ടാന്‍
തീര്‍ത്ഥങ്ങള്‍
കാത്തിരിക്കുന്നിവിടെനിന്നെ
കാട്ടുപൂച്ചെടികളും
തൊടികളും
കാര്‍ത്തിക കാച്ചിലും ചേമ്പും
നനകിഴങ്ങും
നല്ലദിനങ്ങളും
വരൂവീണ്ടും
വരൂ
പഴവിളരമേശന്‍
കവിത: ഒരു കരച്ചില് പാട്ട്
കലാകൗമുദി (മാര്‍ച്ച്) വാരിക
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: