കാഴ്ചയുടെ കാലമാണിത്. ആ കാഴ്ചയെ കലിബാധിപ്പിക്കാന് ഡിജിറ്റല്‍ മാധ്യമങ്ങള്‍ മത്സരിക്കുമ്പോള്‍ പലപ്പോഴും അക്ഷരങ്ങളാണ് ആട്ടിയകറ്റപ്പെടുന്നത്. അങ്ങനെ ഈ കാലത്ത് പുസ്തകം നിത്യജീവിതത്തില്‍നിന്ന് അകന്നകന്നേ പോകുകയാണല്ലോ. അപ്പോള്‍ വായനയെ വാതില്ക്കല് എത്തിച്ചാലും തിരിഞ്ഞു നോക്കാന്‍ മടിക്കുന്നവരില്‍ പക്ഷേ എങ്ങനെ പുസ്തകത്തെ കയറ്റിവിടാനാകും.
പുസ്തകത്തിനുള്ളിലുള്ളത് വായനക്കാരന്റെ ഉള്ളില്‍ കയറണമെങ്കില്‍ വായനക്കാരന് പുസ്തകത്തില്‍ കയറണം. അതിനു പുസ്തകം ഉള്ളില്‍ കയറണം. അതിനു പുസ്തകത്തിന്റെ കവാടംതന്നെ പ്രധാനം എന്നതില്‍ സംശയമില്ലല്ലോ?
പുസ്തകത്തിന്റേതെന്നല്ല, പത്രമാസികകള്‍ ഉള്‍പ്പെടെ എല്ലാ പ്രസിദ്ധീകരണങ്ങളുടെയും ഇന്നത്തെ വെല്ലുവിളി വായനക്കാരനെ ഉള്ളിലേക്കാകര്ഷിക്കുക എന്നതുതന്നെ. വിളിച്ചു കൂവാനും കണ്ണഞ്ചിപ്പിക്കാനും ഡിജിറ്റല്‍ മീഡിയ കാണിക്കുന്ന വിക്രിയകള്‍ക്ക് അച്ചടിയില്‍ സാധ്യത കുറവാണല്ലോ. അപ്പോള്‍പിന്നെ ഒന്നേ വഴിയുള്ളു, പുറം ചട്ടകൊണ്ടുള്ള മാടിവിളിക്കല്‍. അങ്ങനെ പുസ്തകം എന്നാല്‍ ഉള്ളടക്കത്തേക്കാള്‍ പുറം ചട്ടയെന്ന നിലവരുന്നു.
വരയും കുറിയും കൊണ്ടും നിറവും നിഴലും വഴിയും വായനക്കാരനെ ഉള്ളിലാക്കുകയും വായനക്കാരന്റെ ഉള്ളിലേറുകയും ചെയ്യുന്ന ഈ സര്ഗവിദ്യയില് മിഴിവു തെളിയിച്ചിരിക്കുന്നു രാജേഷ് ചാലോട്. പത്തുവര്‍ഷത്തിനിടെ ഏറ്റവും ചര്‍ച്ചചെയ്യപ്പെട്ട നോവലായ ബന്യാമിന്റെ ആടു ജീവിതത്തിന്റെ 50 എഡിഷനുകള്‍ക്കും കവര്‍ വരച്ചത് രാജേഷായിരുന്നു. ഒരു ഉള്ളടക്കത്തിനു രചിച്ച ദൃശ്യ സാക്ഷാത്കാര വൈവിദ്ധ്യത്തിന്റെ വിരലടയാളങ്ങളാണവ. 2012-ല്‍ രാജേഷ് 300 പുസ്തകങ്ങള്‍ക്ക് കവര്‍ വരച്ചു. ഒന്നിനൊന്ന് മികച്ചവ. ഇതിനകം 1000 പുസ്തകങ്ങള്‍ക്കു കവര്‍ വരച്ച രാജേഷ് മലയാളത്തിലെ ഒട്ടു മിക്ക പ്രമുഖ എഴുത്തുകാരടെയും പുസ്തകങ്ങള്‍ക്ക് പടിപ്പുര പണിതുവെന്നു പറയാം. അതുകൊണ്ടുതന്നെയാണ് കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ ആര്‍ട്ടിസ്റ്റ് ശങ്കരന് കുട്ടി അവാര്‍ഡ്, 2012-ലും 13-ലും ദര്‍ശന കള്‍ച്ചറല്‍ സെന്റര്‍ അവാര്‍ഡുകള്‍ 2012-ലെ ഗ്രീന്‍ ബുക്സ് കവര്‍ ഡിസൈന്‍ അവാര്‍ഡ് എന്നിവ നേടിയത്.
ഹിന്ദുവിശ്വ മാസികയുടെ കവറും ലേ ഔട്ടും വര്‍ഷങ്ങളായി രാജേഷാണു ചെയ്യുന്നത്. സാഹിത്യ അക്കാദമി, എന്‍ബിഎസ്, കറന്റ് ബുക്സ്, ഗ്രീന്‍ ബുക്സ് തുടങ്ങി പത്തിലേറെ പുസ്തക പ്രസാധകര്‍ക്കു വേണ്ടി കവര്‍ ഡിസൈന്‍ ചെയ്യുന്നുണ്ട്. കാര്‍ട്ടൂണിസ്റ്റ് പി.വി.കൃഷ്ണന്റെയും ആര്‍ട്ടിസ്റ്റ് ഗോപീദാസിന്റെയും ഒപ്പം പ്രവര്‍ത്തിച്ച പരിചയം തനിക്ക് ഈ രംഗത്ത് ഏറെ ഗുണകരമായെന്ന് രാജേഷ് പറയുന്നു. ഡിസൈനിംഗിനു പുറമേ ഫോട്ടോഗ്രാഫയിലും കമ്പക്കാരനാണ് കണ്ണൂര്‍ ജില്ലയിലെ ഈ ചാലോട് സ്വദേശി.
കെ.എസ്.കെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: