ന്യൂദല്‍ഹി: യൂറോ സോണിലെ സാമ്പത്തിക പ്രതിസന്ധി ആഗോളതലത്തില്‍ തന്നെ നിക്ഷേപത്തെ ശക്തമായി സ്വാധീനിച്ചിട്ടുണ്ടെന്നും ഇന്ത്യയെ അതില്‍ നിന്നും മാറ്റിനിര്‍ത്താന്‍ സാധിക്കില്ലെന്നും ധനകാര്യ മന്ത്രി പി.ചിദംബരം അഭിപ്രായപ്പെട്ടു. നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി ഉയര്‍ത്തുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചതിലൂടെ സാമ്പത്തിക ഏകീകരണത്തിന്റേയും പരിഷ്കരണത്തിന്റേയും പാതയിലൂടെ ഏറെ ദൂരം മുന്നോട്ട് പോകാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ നിക്ഷേപം തേടുന്നതിനായി രാജ്യം തീവ്രപ്രയത്നത്തിലാണെന്നും ധനകാര്യ മന്ത്രി പറഞ്ഞു. രാജ്യത്തേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി വിദേശ നിക്ഷേപകരുമായി വരുന്ന ആഴ്ചകളില്‍ കൂടിക്കാഴ്ച നടത്തുമെന്നും പി.ചിദംബരം അറിയിച്ചു. ദ്വീപ്രാഷ്ട്രമായ സൈപ്രസ് അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ചിദംബരം ഈ പ്രസ്താവന നടത്തിയത്. സൈപ്രസിന് അന്താരാഷ്ട്ര നാണ്യ നിധിയില്‍ നിന്നും യൂറോ സോണില്‍ നിന്നും 13 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായം അടുത്തിടെ ലഭിച്ചിരുന്നു.
യൂറോസോണില്‍ നിന്നും സാമ്പത്തിക സഹായമായി ലഭിച്ച 10 ബില്യണ്‍ യൂറോ തിരിച്ചുനല്‍കുന്നതിന് വേണ്ടി 5.8 ബില്യണ്‍ യൂറോ സമാഹരിക്കുന്നതിനായി നിക്ഷേപക ഫണ്ട് രൂപീകരിക്കുന്നതിന് സൈപ്രിയോട്ട് പാര്‍ലമെന്റ് സമ്മതം നല്‍കിയിട്ടുണ്ട്. സൈപ്രസിലെ ബാങ്കുകള്‍ അഭിമുഖീകരിക്കുന്ന തകര്‍ച്ച എല്ലായിടത്തുമുള്ള ബാങ്കിംഗ് മേഖലയേയും കുഴപ്പത്തിലാക്കുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ ഡി.സുബ്ബറാവു ആശങ്ക രേഖപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: