ലണ്ടന്‍: ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങളില്‍ ഇംഗ്ലണ്ടിനും ഫ്രാന്‍സിനും ജര്‍മ്മനിക്കും നെതര്‍ലന്റ്സിനും ഉജ്ജ്വല വിജയം. എന്നാല്‍ നിലവിലെ ലോകചാമ്പ്യന്മാരായ സ്പെയിന്, കരുത്തരായ പോര്‍ച്ചുഗല്‍, സ്വീഡന് തുടങ്ങിയവര്‍ക്ക് സമനിലക്കുരുക്ക്.
യൂറോപ്യന്‍ മേഖലാ യോഗ്യതാ റൗണ്ടില്‍ ഇന്നലെ 23 മത്സരങ്ങളാണ് അരങ്ങേറിയത്. ഗ്രൂപ്പ് എച്ചിലാണ് ഇംഗ്ലണ്ട് തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്. മറുപടിയില്ലാത്ത എട്ട് ഗോളുകള്‍ക്ക് സാന്മരിനോയെയാണ് ഇംഗ്ലണ്ട് കീഴടക്കിയത്. 12-ാം മിനിറ്റില്‍ ഡെല്ലാ വല്ലേയുടെ സെല്‍ഫ്ഗോളിലൂടെയാണ് ഇംഗ്ലണ്ട് മുന്നിലെത്തിയത്. പിന്നീട് 28-ാം മിനിറ്റില്‍ ചേംബര്‍ലെയ്നും 35, 77 മിനിറ്റുകളില്‍ ഡിഫോ, 39-ാ മിനിറ്റില്‍ ആഷ്ലി യങ്ങ്, 42-ാം മിനിറ്റില്‍ ഫ്രാങ്ക് ലംപാര്‍ഡ്, 54-ാം മിനിറ്റില്‍ വെയ്ന്റൂണി, 70-ാം മിനിറ്റില്‍ സ്റ്ററിഡ്ജ് എന്നിവരാണ് ഇംഗ്ലണ്ടിന്റെ ഗോളുകള്‍ നേടിയത്. ആദ്യ പകുതിയില്‍ ഇംഗ്ലണ്ട് 5-0ന് മുന്നിലായിരുന്നു.
ഗ്രൂപ്പിലെ മറ്റ് മത്സരങ്ങളില്‍ ഉക്രെയിന് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പോളണ്ടിനെയും മോണ്ടനെഗ്രോ 1-0ന് മോള്‍ഡോവയെയും കീഴടക്കി. ഗ്രൂപ്പില്‍ അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 13 പോയിന്റുമായി മോണ്ടനെഗ്രോയാണ് ഒന്നാം സ്ഥാനത്ത്. 11 പോയിന്റുമായി ഇംഗ്ലണ്ട് രണ്ടാമതാണ്.
ഗ്രൂപ്പ് ഡിയില്‍ നടന്ന മത്സരത്തില്‍ നിലവിലെ റണ്ണേഴ്സായ നെതര്‍ലന്റ്സ് മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് എസ്റ്റോണിയയെ കീഴടക്കി. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം വാന്‍ഡര്‍ വര്‍ട്ട്, റോബിന് വാന്‍ പെഴ്സി, ഷാകന് എന്നിവരാണ് ഡച്ച് പടയുടെ ഗോളുകള്‍ നേടിയത്. മറ്റ് മത്സരങ്ങളില്‍ തുര്‍ക്കി 2-0ന് അന്‍ഡോറയെ കീഴടക്കിയപ്പോള്‍ ഹംഗറി-റുമാനിയ പോരാട്ടം 2-2ന് സമനിലയില്‍ കലാശിച്ചു. ഗ്രൂപ്പിലെ അഞ്ച് മത്സരങ്ങളും വിജയിച്ച നെതര്‍ലന്റ് 15 പോയിന്റുമായി യോഗ്യത നേടുന്നതിനായി കുതിക്കുകയാണ്. ഹംഗറിക്കും റുമാനിയക്കും 10 പോയിന്റ് വീതമാണുള്ളത്.
ഗ്രൂപ്പ് സിയില്‍ കരുത്തരായ ജര്‍മ്മനി മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കസാക്കിസ്ഥാനെ കീഴടക്കി. ജര്‍മ്മനിക്ക് വേണ്ടി ഷ്വയ്ന്‍സ്റ്റീഗര്‍, മരിയോ ഗോട്സെ, തോമസ് മുള്ളവര്‍ എന്നിവരാണ് ഗോളുകള്‍ നേടിയത്. മറ്റൊരു മത്സരത്തില്‍ ആസ്ട്രിയ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി. മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്ക് ഫാറോ ദ്വീപുകളെയാണ് ആസ്ട്രിയ തകര്‍ത്തത്. മറ്റൊരു മത്സരത്തില്‍ കരുത്തരായ സ്വീഡനെ അയര്‍ലന്റ് റിപ്പബ്ലിക്ക് ഗോള്‍രഹിത സമനിലയില്‍ തളച്ചു. അഞ്ച് മത്സരങ്ങളില്‍ നിന്ന് 13 പോയിന്റുമായി ജര്‍മ്മനി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്. നാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ സ്വീഡനും ആസ്ട്രിയയുമാണ് രണ്ടും മൂന്നും സ്ഥാനത്ത്.
ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ മുന്പ്രതാപികളായ ഡെന്മാര്ക്ക് മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കരുത്തരായ ചെക്ക് റിപ്പബ്ലിക്കിനെ അട്ടിമറിച്ചു. മറ്റൊരു മത്സരത്തില്‍ ബള്‍ഗേറിയ 6-0ന് മാള്‍ട്ടയെ പരാജയപ്പെടുത്തി.
ഗ്രൂപ്പ് എയില്‍ നടന്ന പോരാട്ടങ്ങളില്‍ വെയ്ല്‍സ് 2-1ന് സ്കോട്ട്ലന്റിനെയും ബെല്‍ജിയം 2-0ന് മാസിഡോണിയയെയും ക്രൊയേഷ്യ ഇതേ സ്കോറിന് സെര്‍ബിയയെയും പരാജയപ്പെടുത്തി മികച്ച വിജയം സ്വന്തമാക്കി. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമാണ് വെയ്ല്‍സ് രണ്ടെണ്ണം തിരിച്ചടിച്ച് വിജയം സ്വന്തമാക്കിയത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് 13 പോയിന്റുമായി ബല്‍ജിയവും ക്രൊയേഷ്യയുമാണ് ഗ്രൂപ്പില്‍ ഒന്നും രണ്ടും സ്ഥാനത്ത് നില്‍ക്കുന്നത്.
ഗ്രൂപ്പ് ഇയില്‍ നോര്‍വേക്ക് അപ്രതീക്ഷിത തിരിച്ചടിനേരിട്ടു. ഏകപക്ഷീയമായ ഒരു ഗോളിന് അല്‍ബേനിയയാണ് നോര്‍വേയെ കീഴടക്കിയത്. മറ്റൊരു മത്സരത്തില്‍ ഐസ്ലന്റ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സ്ലോവേനിയയ്ം കീഴടക്കി.
ഗ്രൂപ്പ് എഫില്‍ പോര്‍ച്ചുഗല്‍ അവസാന നിമിഷത്തില്‍ നേടിയ ഗോളിലൂടെ സമനിലയുമായി രക്ഷപ്പെട്ടു. ടെല്‍ അവീവില്‍ നടന്ന മത്സരത്തില്‍ ഇസ്രയേലിനോടാണ് പോര്‍ച്ചുഗല്‍ അട്ടിമറിയില്‍ നിന്ന് രക്ഷപ്പെട്ടത്. മത്സരം 3-3ന് സമനിലയില്‍ കലാശിച്ചു. മറ്റൊരു മത്സരത്തില്‍ ലക്സംബര്‍ഗും അസര്‍ബെയ്ജാനും തമ്മില്‍ നടന്ന മത്സരവും ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. സമനില ഗ്രൂപ്പിലെ സ്ഥാനങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ല. അഞ്ച്കളികളില് എട്ട് പോയിന്റുമായി ഇസ്രായേലും പോര്‍ച്ചുഗലും ഒപ്പത്തിനൊപ്പമാണ്. ഗോള്‍ശരാശരിയില്‍ ഇസ്രായേലാണ് മുന്നില്‍. നാല് കളികളില്‍ 12 പോയിഢന്റോടെ റഷ്യയാണ് ഒന്നാം സ്ഥാനത്ത്.
ഗ്രൂപ്പ് ജിയില്‍ നടന്ന മത്സരത്തില്‍ ബോസ്നിയ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കരുത്തരായ ഗ്രീസിനെ അട്ടിമറിച്ചു. ഗ്രൂപ്പിലെ മറ്റ് രണ്ട് മത്സരങ്ങളും സമനിലയില്‍ കലാശിച്ചു. സ്ലോവാക്യ-ലിത്വാനിയ മത്സരവും ലിച്ചന്സ്റ്റയിന്-ലാത്വിയ പോരാട്ടവും 1-1ന് സമനിലയില്‍ കലാശിച്ചു. 5 മത്സരങ്ങളില്‍ നിന്ന് 13 പോയിന്റുമായി ബോസ്നിയയാണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്. പത്ത് പോയിന്റുമായി ഗ്രീസ് രണ്ടാം സ്ഥാനത്താണ്.
ഗ്രൂപ്പ് ഐയില്‍ മുന്‍ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സ് മികച്ച വിജയം സ്വന്തമാക്കി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ജോര്‍ജിയയെയാണ് ഫ്രഞ്ച് പട തകര്‍ത്തത്. ഒലിവര്‍ ഗിറൗഡ്, വാല്‍ബ്യൂന, ഫ്രാങ്ക് റിബറി എന്നിവരാണ് ഫ്രാന്‍സിന്റെ ഗോളുകള്‍ നേടിയത്. എന്നാല്‍ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ലോകചാമ്പ്യന്മാരായ സ്പെയിനിന് സമനിലക്കുരുക്ക്. താരതമ്യേന ദുര്‍ബലരായ ഫിന്‍ലാന്റാണ് സ്പാനിഷ് ചെമ്പടയെ 1-1ന് സമനിലയില്‍ തളച്ചത്. ഗ്രൂപ്പില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുമായി ഫ്രാന്‍സ് ഒന്നാമതും എട്ട് പോയിന്റുമായി സ്പെയിന് രണ്ടാമതുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: