ബത്തേരി: കൈക്കൂലി വാങ്ങുന്നതിനിടെ സ്പൈസസ് ബോര്‍ഡ് ഉദ്യോഗസ്ഥനെ സിബിഐ അറസ്റ്റ് ചെയ്തു. ബത്തേരി ഗ്യാരേജിനു സമീപത്തെ സ്പൈസസ് ബോര്‍ഡ് ഓഫീസിലെ സീനിയര്‍ ഫീല്‍ഡ് ഓഫീസര്‍ ഡോ.എന്‍.എം ഉസ്മാന്(55)ആണ് പിടിയിലായത്.
പാട്ടവയല്‍ സ്വദേശിനി സിബിഐക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വ്യാഴാഴ്ച രാവിലെ കൊച്ചി യൂണിറ്റില്‍നിന്നും എത്തിയ സിബിഐ സംഘം ഓഫീസ് നിരീക്ഷിച്ചുവരികയായിരുന്നു. രണ്ടേക്കര്‍ സ്ഥലത്ത് ഏലം കൃഷിക്ക് സബ്സിഡി അനുവദിക്കുന്നതിന് അപേക്ഷയുമായെത്തിയ സ്ത്രീയോട് 3000 രൂപ ഫീല്‍ഡ് ഓഫീസര്‍ ആവശ്യപ്പെട്ടു. സാമ്പത്തികപരാധീനത അറിയിച്ചെങ്കിലും ഉദ്യോഗസ്ഥന് വഴങ്ങിയില്ല. തുടര്‍ന്നാണ് സിബിഐക്ക് പരാതി നല്‍കിയത്. സിബിഐ സംഘം നല്കിയ പരാതിക്കാരിയുടെ ഭര്‍ത്താവില്‍നിന്ന് ബൈക്കിലെത്തിയ ഫീല്‍ഡ് ഓഫീസര്‍ പണം വാങ്ങുന്നതിനിടെ ചുങ്കം ബസ് സ്റ്റാന്റിനടുത്ത് വച്ചാണ് പിടികൂടിയത്. പ്രതിയെ ബത്തേരി സ്പൈസസ് ബോര്‍ഡ് ഓഫീസില്‍ കൊണ്ടുവന്ന് അഞ്ചു മണിക്കൂറോളം ചോദ്യം ചെയ്തു.
പരാതിക്കാരിയുടെ ഭര്‍ത്താവില്‍നിന്നും കഴിഞ്ഞവര്‍ഷം ഇതേ ഫീല്‍ഡ് ഓഫീസര്‍ സബ്സിഡിക്കായി പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നത്രേ. സെന്‍ട്രല്‍ ഗവണ്മെന്റിന്റെ കീഴിലായതിനാല്‍ സിബിഐക്കാണ് ഉദ്യോഗസ്ഥനെ പിടികൂടാന്‍ അധികാരമുള്ളത്.
സിബിഐ കൊച്ചി യൂണിറ്റിലെ എസ്.ഐ ഷംസുദ്ദീന്, സി ബി രാമദേവന്, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ എ പി കുമാരന്, എം ഐ സെബാസ്റ്റ്യന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഉസ്മാനെ ഇന്ന് കൊച്ചി സിബിഐ കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: