കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ സ്ഥാപിക്കുന്ന എംആര്‍ഐ സ്കാന്‍ സെന്റര്‍ ഉദ്ഘാടനം നാളെ കമ്മീഷന് ചെയ്യും. എം.പി ഫണ്ട് ഉപയോഗിച്ച് സ്ഥാപിക്കുന്ന രാജ്യത്തെ ആദ്യത്തെ എം.ആര്.ഐ സ്കാന്‍ സെന്ററാണിത്. കേരളത്തില്‍ മെഡിക്കല്‍ കോളേജുകളിലല്ലാതെ എം.ആര്.ഐ സ്കാന്‍ സെന്റര്‍ നിലവില്‍ വരുന്ന ആദ്യത്തെ സര്‍ക്കാര്‍ ആശുപത്രി എന്ന പദവിയും ഇതോടെ എറണാകുളം ജനറല്‍ ആശുപത്രിക്ക് കൈവരുമെന്ന് പി.രാജീവ് എം.പി പത്രസമ്മേളത്തില്‍ അറിയിച്ചു.
5.25 കോടി രൂപ ചെലവു വരുന്ന പദ്ധതിയില്‍ ഒന്നരക്കോടി രൂപയാണ് പി. രാജീവിന്റെ എം.പി ഫണ്ട് വിഹിതം. രാജീവിന്റെ അഭ്യര്‍ഥന പ്രകാരം മുന്‍ എം.പി ഡോ. കപില വാത്സ്യായന്റെ ഫണ്ടില്‍ നിന്നും ഒന്നരക്കോടി രൂപയും കൊച്ചി കപ്പല്‍ശാലയില്‍ നിന്നും ഒന്നരക്കോടി രൂപയും പദ്ധതിക്കായി ലഭിച്ചു. ബാക്കി തുക വിവിധ സ്ഥാപനങ്ങളില്‍ നിന്നാണ് സമാഹരിച്ചത്. ജില്ല കളക്ടര്‍ ചെയര്‍മാനായ ആശുപത്രി വികസന സമിതിയാണ് സ്കാനിങ് സെന്ററിന്റെ പ്രവര്‍ത്തനമേല്‍നോട്ടം നിര്‍വഹിക്കുക.
സ്വകാര്യ സ്ഥാപനങ്ങളില്‍ പതിനായിരം രൂപയോളം ഈടാക്കുന്ന സ്കാനിങ്ങിന് ജനറല്‍ ആശുപത്രിയില്‍ 1500 രൂപ മുതല്‍ 3000 രൂപ വരെ നല്കിയാല് മതിയാകും. സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്ന അര്‍ഹരായ 20 ശതമാനം പേര്‍ക്ക് പൂര്‍ണമായും സൗജന്യമായി സ്കാനിങ് നടത്തിക്കൊടുക്കും. പൂര്‍ണമായും സൗജന്യ എം.ആര്.ഐ സംവിധാനം ഇന്ത്യയില്‍ എവിടെയുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ജനറല്‍ ആശുപത്രിയില്‍ നിന്നും ഇതര സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും വരുന്നവര്‍ക്കായിരിക്കും സൗജന്യ സ്കാനിങ്ങില്‍ മുന്‍ഗണന.
എം.ആര്.ഐ സ്കാന്‍ സെന്ററിന്റെ ഉദ്ഘാടനം കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി നിര്‍വഹിക്കും. ഹൈബി ഈഡന് എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കേന്ദ്ര ഭക്ഷ്യ മന്ത്രി പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും. ഫിഷറീസ് മന്ത്രി കെ.ബാബു, ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യര്‍ എന്നിവര്‍ മുഖ്യാഥിതികളാകും. ചാള്‍സ് ഡയസ് എം.പി, മേയര്‍ ടോണി ചമ്മിണി, എം.എല്‍.എമാരായ ഡൊമിനിക്ക് പ്രസന്റേഷന്, ബെന്നി ബെഹനാന്, ലൂഡി ലൂയിസ്, ഡെപ്യൂട്ടി മേയര്‍ ബി.ഭദ്ര, കൗണ്‍സിലര്‍ കെ.ജെ.ജേക്കബ്, പ്രൊഫ.എം.കെ.സാനു, കൊച്ചിന് ഷിപ്പ്യാര്ഡ് ജനറല്‍ മാനേജര്‍ കെ.സുബ്രമണ്യന്‍, ജില്ല കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജുനൈദ് റഹ്മാന് തുടങ്ങിയവര്‍ സംസാരിക്കും.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന തരത്തിലാണ് സ്കാനിങ് സെന്ററിന്റെ ക്രമീകരണം. 16 ചാനലുകളോട് കൂടിയ ഏറ്റവും നൂതനമായ 1.5 ടെസ്ല എം.ആര്.ഐ സ്കാന്‍ മെഷീനാണ് ജനറല്‍ ആശുപത്രിയില്‍ ഒരുക്കിയിട്ടുള്ളത്. പ്രധാനമായും 10 വിവിധ സ്കാനിങ്ങുകള്‍ ഇതിലൂടെ സാധ്യമാകും. സ്കാനിങ് സെന്ററിന്റെ നടത്തിപ്പിനായി രണ്ട് റേഡിയോളജിസ്റ്റുകളുടെ പരിശീലനം പൂര്‍ത്തിയായിട്ടുണ്ട്. ജനറല്‍ ഇലക്ട്രിക്കല്‍സിന്റെ സ്കാനിങ് സംവിധാനമാണ് ജനറല്‍ ആശുപത്രിയില്‍ സ്ഥാപിക്കുന്നത്.
പത്രസമ്മേളനത്തില്‍ ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ.ജുനൈദ് റഹ്മാന്, കൊച്ചിന് ഷിപ്യാര്ഡ് മാമനേജിംഗ് ഡയറക്ടര്‍ കെ.സുബ്രമണ്യന്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.പി.ജി.ആനി, ആര്.എം.ഒ ഡോ.രഷ്മി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: