ധാക്ക: ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് സില്ലൂര്‍ റഹ്മാന്റെ നിര്യാണത്തെത്തുടര്‍ന്ന് ബംഗ്ലാദേശില്‍ മൂന്നുദിവസത്തെ ദുഃഖാചരണം. വൃക്ക, ശ്വാസകോശ രോഗങ്ങള്‍ ബാധിച്ച് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ മരണം. രാജ്യത്തെ ഏറ്റവും മുതിര്‍ന്ന രാഷ്ട്രീയക്കാരില്‍ ഒരാളായിരുന്നു മുഹമ്മദ് സില്ലൂര്‍ റഹ്മാന്. ദുഃഖാചരണത്തിന്റെ ഭാഗമായി ദേശീയപതാക പകുതി താഴ്ത്തിക്കെട്ടി. ഭാര്യ ഐവി റഹ്മാന്റെ ശവകുടീരത്തിന് സമീപത്ത് സില്ലൂര്‍ റഹ്മാനെയും സംസ്ക്കരിക്കും. ഇന്ന് നടക്കുന്ന സംസ്ക്കാര ചടങ്ങില്‍ രാഷ്ട്രീയ സാമൂഹികരംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
സിംഗപ്പൂരില്‍നിന്ന് എത്തിച്ച ഭൗതികശരീരം പ്രസിഡന്‍ഷ്യല്‍ പാലസില്‍ പൊതുദര്‍ശനത്തിന് വച്ചു. അന്തരിച്ച രാഷ്ട്രത്തലവന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് ബംഗ്ലാദേശിലെ പ്രമുഖ പത്രങ്ങളെല്ലാം പുറത്തിറങ്ങിയത്.
മുഹമ്മദ് സില്ലൂര്‍ റഹ്മാനോടുള്ള ആദരസൂചകമായി ധാക്കയില്‍ നടത്താനിരുന്ന പൊതുപണിമുടക്ക് മുഖ്യപ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി (ബിഎസ്പി) പിന്‍വലിച്ചു. മുഹമ്മദ് സില്ലൂര്‍ റഹ്മാന്റെ അഭാവം നികത്താന്‍ കഴിയുന്ന ഒരാള്‍ നിലവിലില്ലെന്ന് ബിഎന്‍പി നേതാവ് ഖലീദ സിയ അനുസ്മരിച്ചു.
2008ലെ പൊതുതെരഞ്ഞെടുപ്പില്‍ അവാമി ലീഗ് അധികാരത്തിലെത്തിയപ്പോഴാണ് സില്ലൂര്‍ റഹ്മാനെ രാഷ്ട്രത്തലവനായി തെരഞ്ഞെടുത്തത്. ബംഗ്ലാദേശിന്റെ പത്തൊമ്പതാമത് രാഷ്ട്രപതിയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പിതാവും ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവുമായ ഷെയ്ഖ് മുജിബുള്‍ റഹ്മാന്റെ അടുത്ത സഹപ്രവര്‍ത്തകനായിരുന്നു സില്ലൂര്‍ റഹ്മാന്. 1975ല്‍ മുജീബ് കൊല്ലപ്പെട്ടതിനുശേഷം സില്ലൂര്‍ റഹ്മാനായിരുന്നു പാര്‍ട്ടിയുടെ ശക്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: