ജെയിനെവ: ലോക ഫുട്ബോളിലെ രണ്ട് കരുത്തന്മാര് ഇന്ന് ഏറ്റുമുട്ടും. അഞ്ച് പ്രാവശ്യം ലോകകിരീടം ചൂടിയ ബ്രസീലും നാല് തവണ ലോകത്തിന്റെ ചക്രവര്‍ത്തിമാരായ ഇറ്റലിയും തമ്മിലാണ് ഇന്നത്തെ സൗഹൃദപോരാട്ടത്തില്‍ കൊമ്പുകോര്‍ക്കുന്നത്. ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തില്‍ ഇക്വഡോര്‍ എല്‍സാല്‍വഡോറിനെ നേരിടും.
30 വര്‍ഷത്തെ ഇടവേളക്ക് ശേഷം ബ്രസീലിനെതിരെ ഒരു വിജയം ലക്ഷ്യമാക്കിയാണ് ഇന്ന് അസൂറികള്‍ ഇറങ്ങുന്നത്. 1982-ലെ ലോകകപ്പിലാണ് ഇറ്റലി അവസാനമായി ബ്രസീലിനെ കീഴടക്കിയത്. രണ്ടാം റൗണ്ടില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അസൂറികള്‍ കാനറികളുടെ ചിറകരിഞ്ഞത്. പൗലോ റോസിയുടെ ഹാട്രിക്കായിരുന്നു ഈ പോരാട്ടത്തിലെ സവിശേഷത. അതിനുശേഷം ഇതുവരെ ഇറ്റലിക്ക് ബ്രസീലിനെ കീഴടക്കാനായിട്ടില്ല.
2009ന് ശേഷം ആദ്യമായാണ് ബ്രസീല്‍ ഇറ്റലി പോരാട്ടത്തിന് അരങ്ങൊരുങ്ങുന്നത്. 2009 ഫെബ്രുവരി 11 സൗഹൃദ മത്സരത്തിലും പിന്നീട് ജൂണ്‍ 21ന് കോണ്‍ഫെഡറേഷന്‍ കാപ്പിലുമാണ് ഇരുടീമുകളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. ഈ രണ്ട് മത്സരങ്ങളിലും ഇറ്റലിക്ക് പരാജയപ്പെടാനായിരുന്നു വിധി. കോണ്‍ഫെഡറേഷന്‍ കാപ്പില്‍ 3-0ന് വിജയിച്ചപ്പോള്‍ സൗഹൃദപോരാട്ടത്തില്‍ 2-0നും കാനറികള്‍ വിജയം സ്വന്തമാക്കി.
ഈ വര്‍ഷം ബ്രസീലില്‍ നടക്കുന്ന കോണ്‍ഫെഡറേഷന്‍ കാപ്പില്‍ ഇറ്റലിയും ബ്രസീലും ഗ്രൂപ്പ് എയിലാണ് കളിക്കുന്നത്. ജൂണ്‍ 22നാണ് കോണ്‍ഫെഡറേഷന്‍ കാപ്പില്‍ ബ്രസീല്‍ – ഇറ്റലി പോരാട്ടം അരങ്ങേറുക. ഇതിന് മുന്നോടിയായുള്ള ബലപരീക്ഷണം കൂടിയാണ് ഇന്നത്തെ പോരാട്ടം.
ശക്തമായ ടീമുമായാണ് ഇരു ടീമുകളും കളിക്കാനിറങ്ങുന്നത്. ജൂലിയോ സെസാര്‍ ഗോള്‍വല കാക്കുന്ന ടീമില്‍ പ്രതിരോധം കാക്കാന്‍ ഡാനി ആല്‍വസും, ഡേവിഡ് ലൂയിസും, തിയാഗോ സില്‍വയും ഫിലിപ്പെ ഫെര്‍ണാണ്ടോയും മധ്യനിരയില്‍ ഹള്‍ക്കും ഓസ്കറും ലൂയിസ് ഗുസ്റ്റാവോയും അറ്റാക്കിങ്ങ് മിഡ് ഫീല്‍ഡറായി യുവ സൂപ്പര്‍താരം നെയ്മറും സ്ട്രൈക്കറായി ഫ്രെഡും ഇറങ്ങാനാണ് സാധ്യത.
ഇംഗ്ലണ്ടിനെതിരായ സൗഹൃദ മത്സരത്തില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയ റൊണാള്‍ഡീഞ്ഞോയെ ഇപ്രാവശ്യം ലൂയി ഫിലിപ്പ് സ്കോളാരി ടീമിലുള്‍പ്പെടുത്തിയിട്ടില്ല. പകരം കാകയേയും ഫെര്‍ണാണ്ടസിനെയും തിരിച്ചുവിളിച്ച സ്കോളാരി ടീമിനെ കരുത്തുറ്റതാക്കാനുള്ള പ്രയത്നത്തിലാണ്. ഇറ്റാലിയന്‍ സീരി എയില്‍ കളിക്കുന്ന ഏക താരം ഫെര്‍ണാണ്ടസാണ്.
കരുത്തുറ്റ ടീമിനെയാണ് ഇറ്റലിയും പ്രഖ്യാപിച്ചിരിക്കുന്നത്. ജുവന്റസിന്റെയും ദേശീയടീമിന്റെയും വിഖ്യാത ഗോളിയും ക്യാപ്റ്റനുമായ ജിയാന്‍ലൂജി ബഫണ്, സൂപ്പര്‍ സ്ട്രൈക്കറായ മരിയോ ബെലോട്ടല്ലി, പ്ലേ മേക്കര്‍ ആന്ദ്രെ പിര്‍ലോ, ബര്‍സാഗി, മാര്ച്ചിസോ, മോണ്ടിവിലോ തുടങ്ങിയ പ്രശസ്തരാണ് അസൂറിപ്പടയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
നിലവില്‍ ലോക റാങ്കിംഗില്‍ 18-ാം സ്ഥാനത്തുള്ള ബ്രസീലിന് തങ്ങളുടെ അവസാന അഞ്ച് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് വിജയം സ്വന്തമാക്കാനായത്. ഇംഗ്ലണ്ടിനെതിരെയും അര്‍ജന്റീനക്കെതിരെയും പരാജയപ്പെട്ട ബ്രസീല്‍ ജപ്പാനെയും ഇറാഖിനെയുമാണ് കീഴടക്കിയത്. കൊളംബിയക്കെതിരെ സമനിലയും വഴങ്ങി. അതേസമയം ഇറ്റലി അവസാന അഞ്ച് മത്സരങ്ങളില്‍ മൂന്നെണ്ണം വിജയിച്ചപ്പോള്‍ ഒരെണ്ണത്തില്‍ മാത്രമാണ് പരാജയപ്പെട്ടത്. കഴിഞ്ഞ നവംബര്‍ 12ന് ഫ്രാന്‍സിനെതിരെയായിരുന്നു ഇറ്റലിയുടെ പരാജയം. അതിനുശേഷം ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന സൗഹൃദപോരാട്ടത്തില്‍ ഹോളണ്ടിനെതിരെ സമനില പാലിക്കുകയും ചെയ്തു.
അതേസമയം ഒരു ഇടവേളക്ക് ശേഷം നാളെ 2014 ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങളും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: