എങ്ങനെയാണീ മനസ്സില്‍ ചലനം ഉണ്ടാവുന്നത്? ഓരോ ആഗ്രഹത്തിലും ഓരോ വിചാരവും വികാരവും മനസാകുന്ന ജലാശയത്തിലെറിയുന്ന കല്ലുകള്‍പോലെയാണ്. അപ്പോഴുണ്ടാകുന്ന ഓളങ്ങളാണ് ചിന്തകള്‍. ഓരോ ഓളവും ഉണ്ടായിക്കഴിഞ്ഞാല്‍ ഉടനെയൊന്നും നശിക്കില്ല.
കുളത്തിന്റെ നടുക്കൊരു ഓളമുണ്ടായാല്‍ അത് വളര്‍ന്ന് തീരംവരെ എത്തുന്നു. ഇതിങ്ങനെ പലപ്രാവശ്യം ആവര്‍ത്തിക്കുന്നപോലെ ഓരോ ചിന്തകളും ഒരിക്കലുണ്ടായാല്‍ പല പ്രാവശ്യം മനസില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് വരുന്നത് കാണാം. ഈ ഓളങ്ങള്‍ കാരണം ജലത്തിലെ പ്രതിബിംബങ്ങള്‍ ശരിയായി കാണാന്‍ കഴിയുന്നില്ല എന്ന് തന്നെയല്ല അടിത്തട്ടും കാണാന്‍ കഴിയാതെ പോകുന്നു. നമ്മള് വര്‍ത്തമാന നിമിഷത്തില്‍ ജീവിക്കുന്നത് തന്നെയില്ല. വര്‍ത്തമാന യാഥാര്‍ത്ഥ്യം കാണുന്നുമില്ല. ഒന്നുകില്‍ മനസില്‍ അസൂയ, കുശുമ്പ്, മമത, വിദ്വേഷം തുടങ്ങിയ വികാരങ്ങള്‍ ആയിരിക്കും അല്ലെങ്കില്‍ ഇപ്പോഴില്ലാത്ത എന്തെങ്കിലും നേടാനോ കിട്ടാനോ ഉള്ള ആഗ്രഹമായിരിക്കും. അതുമല്ലെങ്കില്‍ മനസ്സില്‍ ഭൂതകാല ചിന്തകള്‍ നുഴഞ്ഞുകയറും. സുഖം നല്‍കിയവയോ വേദനിപ്പിക്കുന്നവയോ പശ്ചാത്താപമുളവാക്കുന്നവയോ വെറുപ്പുളവാക്കുന്നവയോ ആയ ചിന്തകളില്‍ മനസ് രമിക്കും. ഭൂതകാലചിന്തകള്‍ വിട്ടാല്‍ ഭാവികാല സ്വപ്നങ്ങള്‍ കടന്നുവരും. ഒന്നുകില്‍ നാളെ വരാന്‍ പോകുന്നതായി കരുതുന്ന നല്ല കാര്യങ്ങള്‍ അല്ലെങ്കില്‍ ഇരുണ്ട ഭാവിയെക്കുറിച്ചുള്ള ആകുലതകള്‍. ഒന്നല്ലെങ്കില്‍ മറ്റൊന്ന് മനസില്‍ എപ്പോഴും നിറഞ്ഞുനില്ക്കും. അതിന് ഒരിക്കലും ശാന്തിയില്ല, വിശ്രമമില്ല.
മാതാ അമൃതാനന്ദമയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: