ന്യൂദല്‍ഹി: പൊതുമേഖലാ സ്ഥാപനമായ സെയിലിന്റെ ഓഹരി വിറ്റഴിക്കല്‍ നാളെ നടക്കും. രാജ്യത്തെ പ്രമുഖ ഉരുക്ക് നിര്‍മാണ കമ്പനിയായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് ഓഹരി വിറ്റഴിക്കുന്നതിനുള്ള അനുമതി കേന്ദ്ര മന്ത്രിമാരുടെ പ്രത്യേക സമിതിയാണ് നല്‍കിയത്. 10.82 ശതമാനം ഓഹരികളാണ് വിറ്റഴിക്കുക. ധനകാര്യ മന്ത്രാലയം അറിയിച്ചതാണ് ഇക്കാര്യം.
ധനകാര്യ മന്ത്രി പി.ചിദംബരമാണ് കേന്ദ്ര മന്ത്രിമാരുടെ പ്രത്യേക സമിതിയുടെ മേധാവി. അടിസ്ഥാന വില നിര്‍ണയം ഇന്നാണ് നടക്കുക. ഓഹരികള്‍ വിറ്റഴിക്കുന്നുവെന്ന റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്ന് സെയിലിന്റെ ഓഹരി വില 65.05 രൂപ എന്ന നിരക്കിലേക്ക് താഴ്ന്നു. ഒരു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്.
ഓഹരി വിറ്റഴിക്കലിലൂടെ 2,500 കോടി രൂപ സമാഹരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡിസ്ഇന്‍വെസ്റ്റ്മെന്റ് സെക്രട്ടറി രവി മാത്തൂര്‍ പറഞ്ഞു. സ്റ്റീല്‍ മന്ത്രാലയത്തിനാണ് സെയിലിന്റെ നിയന്ത്രണ ചുമതല. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഓഹരി വിറ്റഴിക്കുന്ന അവസാന പൊതുമേഖല സ്ഥാപനം കൂടിയായിരിക്കും സെയില്‍.
2012 ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ സെയിലിന്റെ അറ്റലാഭം 23 ശതമാനം ഇടിഞ്ഞ് 484 കോടി രൂപയിലെത്തി. വിപണിയിലെ പ്രതികൂല സാഹചര്യം കാരണം വില്പന ഇടിഞ്ഞതാണ് ഇതിന് കാരണം. സെയിലിന്റേതായി സര്‍ക്കാരിന്റെ കൈവശമുള്ള 85.82 ശതമാനം ഓഹരികള്‍ക്ക് പുറമെ 10.82 ശതമാനം ഓഹരികള്‍ ഓഫര്‍ ഫോര്‍ സെയില്‍ മാര്‍ഗ്ഗത്തിലൂടെ വിറ്റഴിക്കുന്നതിന് കഴിഞ്ഞ ജൂലൈയില്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ അന്നതിന് സാധിച്ചിരുന്നില്ല.
നടപ്പ് സാമ്പത്തിക വര്‍ഷം ഓഹരി വിറ്റഴിക്കലിലൂടെ 24,000 കോടി സമാഹരിക്കുകയെന്ന ലക്ഷ്യം സെയിലിന്റെ ഓഹരി വിറ്റഴിക്കുന്നതിലൂടെ കൈവരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര സര്‍ക്കാര്‍. 30,000 കോടി രൂപയാണ് നേരത്തെ ലക്ഷ്യമിട്ടിരുന്നത്. പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിലൂടെ ഇതുവരെ 22,300 കോടി രൂപയാണ് സമാഹരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: