ന്യൂദല്‍ഹി: വിമര്‍ശകര്‍ക്ക് ഉജ്ജ്വല മറുപടി നല്‍കിക്കൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റില്‍ വീണ്ടും ധോണീവസന്തം. ഓസ്ട്രേലിയക്കെതിരായ നാല് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മൂന്നിലും വിജയിച്ചാണ് ധോണി വീണ്ടും വിന്നിംഗ് ക്യാപ്റ്റനായത്. കഴിഞ്ഞ ലോകകപ്പ് ക്രിക്കറ്റില്‍ കിരീടം ചൂടിയശേഷം ഇന്ത്യന്‍ ക്രിക്കറ്റിന് സംഭവിച്ച ശനിദശ നീങ്ങിയെന്ന് തെളിയിക്കുന്നതാണ് കംഗാരുക്കള്‍ക്കെതിരെ ഇന്ത്യയുടെ പ്രകടനം. ഇംഗ്ലണ്ടിനെതിരെയും ഓസ്ട്രേലിയക്കെതിരെയും അവരുടെ മണ്ണില്‍ നടന്ന എട്ട് ടെസ്റ്റുകളിലും ഇന്ത്യ ദയനീയമായി പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് ധോണിയുടെ ചോരയ്ക്കായി മുറവിളി തുടങ്ങിയത്. അതിന് ശേഷം കഴിഞ്ഞവര്‍ഷം നടന്ന ഇംഗ്ലണ്ടിന്റെ ഇന്ത്യാ സന്ദര്‍ശനവും ഇന്ത്യക്ക് തിരിച്ചടി നല്കി. നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് പരാജയപ്പെട്ടു. തൊട്ടുപിന്നാലെ ഇന്ത്യ സന്ദര്‍ശിച്ച പാക്കിസ്ഥാന് ടീമിനോടും ഏകദിന പരമ്പരയില്‍ ഇന്ത്യ തോറ്റമ്പി. പിന്നീട് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര നേടിയെന്നത് മാത്രമാണ് ഇന്ത്യന്‍ ക്രിക്കറ്റിന് ആശ്വസിക്കാനുണ്ടായിരുന്നത്.
എന്നാല്‍ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിമാറി. മുന്നില്‍ നിന്ന് നയിക്കുന്ന ക്യാപ്റ്റനാണ് താനെന്ന് തെളിയിക്കുകയാണ് ധോണി ഓസ്ട്രേലിയക്കെതിരെ ചെയ്തത്. ഒരു ഡബിള്‍ സെഞ്ച്വറി നേടിയ ധോണി വിക്കറ്റിന് പിന്നിലും ഉജ്ജ്വല ഫോമിലായിരുന്നു. ഏതായാലും ഇനി കുറച്ചുനാളത്തേക്കെങ്കിലും വിമര്‍ശകര്‍ ധോണിയുടെ രക്തത്തിനായി മുറവിളി കൂട്ടില്ലെന്ന് കരുതാം.
ഫെബ്രുവരിയിലാണ് ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്ക് തുടക്കം കുറിച്ചത്. ഫെബ്രുവരി 22ന് ആരംഭിച്ച ആദ്യ ടെസ്റ്റില്‍ എട്ട് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയ ഇന്ത്യ മാര്‍ച്ച് രണ്ടിന് തുടങ്ങിയ രണ്ടാം ടെസ്റ്റില്‍ ഇന്നിംഗ്സിനും 135 റണ്‍സിനും വിജയം നേടി. കഴിഞ്ഞ ദിവസം അവസാനിച്ച മൂന്നാം ടെസ്റ്റില്‍ ആറ് വിക്കറ്റിന്റെ വിജയവും ടീം ഇന്ത്യ കൈവരിച്ചതോടെ സമാനതകളില്ലാത്ത നേട്ടമാണ് ധോണിക്ക് സ്വന്തമായത്. ഒപ്പം ഓസ്ട്രേലിയക്ക് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേട് സമ്മാനിക്കാനും ഇന്ത്യക്കായി. തുടര്‍ച്ചയായ മൂന്ന് ടെസ്റ്റുകളിലാണ് ക്യാപ്റ്റന്‍ കൂള്‍ ധോണിയും സംഘവും കംഗാരുക്കളെ കൂട്ടക്കുരുതി നടത്തിയത്. 81 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തിനിടെ ഓസ്ട്രേലിയയെ തുടര്‍ച്ചയായി മൂന്ന് ടെസ്റ്റുകളില്‍ ഇന്ത്യ തോല്‍പ്പിക്കുന്നത് ഇതാദ്യമാണ്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇന്ത്യ ഈ നേട്ടം കൈവരിക്കുന്നത് നാലാം തവണയാണ്. 1967-68ല്‍ ന്യൂസിലാന്റിനെതിരെയും 1992-93ല്‍ ഇംഗ്ലണ്ടിനെതിരെയും 1993-94ല്‍ ശ്രീലങ്കക്കെതിരെയുമാണ് ഇന്ത്യ തുടര്‍ച്ചയായ മൂന്ന് ടെസ്റ്റുകളില്‍ വിജയം കൈവരിച്ചിട്ടുള്ളത്.
കാല്‍നൂറ്റാണ്ടിനുശേഷമാണ് ഏതൊരു ടീമിനോടും പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റുകള്‍ ഓസ്ട്രേലിയ തോല്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയ സന്ദര്‍ശിച്ചപ്പോള്‍ ഏറ്റ 4-0 തോല്‍വിക്ക് സ്വന്തം മണ്ണില്‍ വച്ച് ഉജ്ജ്വലമായ തിരിച്ചടി നല്‍കാനും ബോര്‍ഡര്‍-ഗാവസ്കര്‍ ട്രോഫി തിരിച്ചുപിടിക്കാനും ഇതോടെ ഇന്ത്യക്ക് കഴിഞ്ഞു.
1988-89 സീസണില്‍ അലന് ബോര്‍ഡര്‍ നയിച്ച ഓസീസ് ടീം വെസ്റ്റിന്‍ഡീസിനോടായിരുന്നു ആദ്യ മൂന്ന് ടെസ്റ്റുകളും അവസാനമായി പരാജയപ്പെട്ടത്. അതേസമയം 1993-94 സീസണില്‍ മുഹമ്മദ് അഷറുദ്ദീന്റെ നേതൃത്വത്തില്‍ ഇന്ത്യ ശ്രീലങ്കയെ 3-0ന് പരാജയപ്പെടുത്തിയിരുന്നു. അതിനുശേഷം ഈ വര്‍ഷമാണ് അത്തൊരു ഉജ്ജ്വല വിജയം സ്വന്തമാക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റിന് കഴിഞ്ഞത്.
അഷറുദ്ദീന് കൈവരിച്ച നേട്ടം എം.എസ്. ധോനി സ്വന്തമാക്കിയപ്പോള്‍ ഓസീസ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് നാണക്കേടിന്റെ മറ്റൊരധ്യായത്തില്‍ തന്റെ പേര് ചേര്‍ത്തു. 2004ല്‍ നവംബറില്‍ നാഗ്പൂര്‍ ടെസ്റ്റിന് ശേഷം ഇന്ത്യ ഓസ്ട്രേലിയയോട് സ്വന്തം മണ്ണില്‍ പരാജയപ്പെട്ടിട്ടില്ല. ഇതിന് ശേഷം നടന്ന 10 ടെസ്റ്റുകളില്‍ എട്ടെണ്ണത്തിലും ഇന്ത്യ വിജയിച്ചപ്പോള്‍ രണ്ടെണ്ണം സമനിലയില്‍ കലാശിച്ചു.
എന്തായാലും ഓസ്ട്രേലിയക്കെതിരായ പരമ്പര വിജയം ഇന്ത്യന്‍ ക്രിക്കറ്റിന് അഭിമാനിക്കാവുന്നതുതന്നെയാണ്. ശിഖര്‍ ധവാനെന്ന ഓപ്പണറുടെ ഉദയവും മുരളി വിജയ് തന്റെ സാന്നിധ്യം ടീമില്‍ ഉറപ്പിച്ചതും ഈ പരമ്പരയുടെ പ്രത്യേകതയാണ്. തീര്‍ത്തും ഫോമിലല്ലാതിരുന്ന വിരേണ്ടര്‍ സെവാഗിന് പകരമായാണ് ശിഖര്‍ ധവാനെന്ന ദല്ഹിക്കാരന് ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചത്. തനിക്ക് കിട്ടിയ ആദ്യ അവസരത്തില്‍ തന്നെ കത്തിക്കയറിയ ധവാന് ഏകദിന ശൈലിയില്‍ ബാറ്റ് വീശി അരങ്ങേറ്റക്കാരന്‍ നേടുന്ന ഏറ്റവും വേഗമേറിയ സെഞ്ച്വറി തന്റെ പേരിലാക്കി. അതുപോലെ രണ്ടും മൂന്നും ടെസ്റ്റുകളില്‍ സെഞ്ച്വറി നേടിയ മുരളി വിജയും ഏറെ അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. ടീമില്‍ വന്നും പോയുമിരുന്ന മുരളി വിജയിന് ടീമില്‍ തന്റെ സ്ഥാനം ഉറപ്പിക്കാനും ഈ പ്രകടനം സഹായകമാവുമെന്ന് ഉറപ്പാണ്. ആദ്യ ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ധോണിയും സെഞ്ച്വറി നേടിയ വിരാട് കോഹ്ലിയും മിന്നുന്ന പ്രകടനമാണ് നടത്തിയത്. രണ്ടാം ടെസ്റ്റില്‍ ഇരുവര്‍ക്കും പകരം പൂജാരയും (204), മുരളി വിജയു (167ാമായിരുന്നു. മൂന്നാം ടെസ്റ്റ് ശിഖര്‍ ധവാന് (187) എന്ന അരങ്ങേറ്റക്കാരന്‍ അക്ഷരാര്‍ത്ഥത്തില്‍ തന്റേതാക്കിമാറ്റി. ഒപ്പം മുരളി വിജയും (153). മുരളിയുടെ തുടര്‍ച്ചയായ രണ്ടാം ടെസ്റ്റ് സെഞ്ച്വറിയായിരുന്നു. സെവാഗിന്റെയും ഗംഭീറിന്റെയും പുറത്താകല്‍ ടീം ഇന്ത്യക്ക് യാതൊരു ദോഷവും വരുത്തിയിട്ടില്ലെന്ന് തെളിയിക്കുന്ന പ്രകടനമാണ് യുവതാരങ്ങള്‍ കാഴ്ചവെച്ചത്. അതേസമയം ഓസ്ട്രേലിയന്‍ നിരയില്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കിന് മാത്രമാണ് ഒരു സെഞ്ച്വറി നേടാന്‍ കഴിഞ്ഞത്. അവരുടെ മുന്‍നിര താരങ്ങള്‍ നിറം മങ്ങിയതും ബൗളര്‍മാര്‍ അവസരത്തിനൊത്തുയരാത്തതുമാണ് ഇത്രദയനീയമായ പരാജയം നേരിടാന്‍ കാരണമായത്.
ബൗളര്‍മാരും മികച്ച പ്രകടനമാണ് നടത്തിയത്. അശ്വിന്റെയും രവീന്ദ്ര ജഡേജയുടെയും ഭുവനേശ്വര്‍കുമാറിന്റെയും മിന്നുന്ന പ്രകടനവും ഗ്രൗണ്ടില്‍ ധോണിയുടെ ഉജ്ജ്വല ക്യാപ്റ്റന്‍സിയും ഫലം കണ്ടതോടെ കാര്യങ്ങള്‍ ഇന്ത്യയുടെ വരുതിയിലാവുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: