ന്യൂദല്‍ഹി: ശ്രീലങ്കന്‍ പ്രശ്നം അടുത്ത മാസം നടക്കുന്ന ഐപിഎല്‍ മത്സരങ്ങളെ ബാധിച്ചേക്കുമെന്ന് സൂചന. തമിഴ്‌നാട്ടില്‍ ലങ്കന്‍ വംശജര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളും തമിഴ്‌രാഷ്‌ട്രീയപാര്‍ട്ടികളുടെ നിലപാടുകളുമാണ് ഐപിഎല്‍ ആറാം സീസണുമേല്‍ കരിനിഴല്‍ വീഴ്‌ത്തിയിരിക്കുന്നത്.
ഐക്യരാഷ്‌ട്രസഭയില്‍ അമേരിക്ക കൊണ്ടുവരുന്ന ലങ്കക്കെതിരായ പ്രമേയത്തെ പിന്തുണക്കണമെന്നാണ് ഡിഎംകെ അടക്കമുള്ള രാഷ്‌ട്രീയകക്ഷികള്‍ ആവശ്യപ്പെടുന്നത്. ഇത് സംബന്ധിച്ച് വ്യക്തത നല്‍കാന്‍ സാധിക്കാത്തതിനാല്‍ ഡിഎംകെ ഇന്നലെ യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. ഇതോടെ ലങ്കന്‍ പ്രശ്നം ഇന്ത്യന്‍ മണ്ണില്‍ പുകയുകയാണ്.
അതേസമയം ഐപിഎല്‍ മത്സരങ്ങള്‍ക്ക് ഭീഷണിയില്ലെന്ന് ലീഗിന്റെ കമ്മീഷണര്‍ രാജീവ് ശുക്ല വ്യക്തമാക്കി. ടൂര്‍ണമെന്റില്‍ സുരക്ഷ സംബന്ധിച്ച് ശ്രീലങ്ക ക്രിക്കറ്റ് പ്ലയേഴ്സ് അസോസിയേഷന്‍ ആശങ്ക പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് ഐപിഎല്‍ കമ്മീഷണര്‍ രംഗത്തുവന്നത്. ഏപ്രില്‍ മൂന്നാം തീയതിയാണ് ഐപിഎല്ലിന് തുടക്കമാവുക.
പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്ക് യാതൊരു ഭീഷണിയുമില്ല. മത്സരങ്ങള്‍ നിശ്ചയിച്ച വേദിയില്‍തന്നെ നടക്കും, രാജീവ് ശുക്ല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തമിഴ്‌നാട്ടില്‍ ശ്രീലങ്കന്‍ പൗരന്മാര്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അക്രമങ്ങളില്‍ ആശങ്ക രേഖപ്പെടുത്തിയ ലങ്കന്‍ താരങ്ങള്‍ക്കെതിരെയും ഭീഷണി ഉയരുമെന്ന് ഭയപ്പെടുന്നു. അമേരിക്ക ഐക്യരാഷ്‌ട്രസഭയില്‍ ലങ്കക്കെതിരെ കൊണ്ടുവരുന്ന പ്രമേയത്തെ ഇന്ത്യ അനുകൂലിക്കണമെന്നാണ് തമിഴ്‌നാട് ആഗ്രഹിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ മൗനം പാലിച്ചതുകൊണ്ട് ഡിഎംകെ യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. ഇതോടെ ലങ്കന്‍പ്രശ്നം ഇന്ത്യന്‍ മണ്ണില്‍ കൂടുതല്‍ വഷളായി. ഈ അവസരത്തിലാണ് ലങ്ക ആശങ്ക രേഖപ്പെടുത്തിയത്.
െഎപിഎല്‍ ആറാം സീസണിനോട് അനുബന്ധിച്ച് ഇന്ത്യ ഏര്‍പ്പെടുത്തിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പരിശോധിക്കാന്‍ ലങ്ക പ്ലെയേഴ്സ് അസോസിയേഷന്‍ നേരത്തെ അന്താരാഷ്‌ട്ര ക്രിക്കറ്റേഴ്സ് അസോസിയേഷനോട് അഭ്യര്‍ത്ഥിച്ചിരുന്നു. കുമാര്‍ സംഗക്കാര, മഹേല ജയവര്‍ധനെ, ലസിത് മലിങ്ക എന്നിവരടക്കം 11 ലങ്കന്‍ താരങ്ങള്‍ ഐപിഎല്ലില്‍ കളിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: