Categories: Vicharam

ബംഗ്ലാദേശ്‌ ഹിന്ദുക്കളെ രക്ഷിക്കണം

Published by

ഇന്ത്യന്‍ സൈന്യത്തിന്റെ ചോരയും നീരും ജീവനും നല്‍കി നേടിക്കൊടുത്തതാണ്‌ ബംഗ്ലാദേശ്‌ എന്ന രാജ്യം. എന്നാലിന്ന്‌ ഇന്ത്യയ്‌ക്കും ഇന്ത്യക്കാര്‍ക്കും പ്രത്യേകിച്ച്‌ ഹിന്ദുക്കള്‍ക്ക്‌ ബംഗ്ലാദേശ്‌ ഒരു ശാപമായി മാറിയിരിക്കുകയാണ്‌. ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റം നമ്മുടെ വടക്കുകിഴക്കന്‍ പ്രദേശങ്ങളെ പ്രശ്നസംസ്ഥാനങ്ങളാക്കി മാറ്റി. ലക്ഷക്കണക്കിന്‌ നുഴഞ്ഞുകയറ്റക്കാര്‍ പശ്ചിമബംഗാളിലും അസാമിലും സ്ഥാനമുറപ്പിച്ചു. സംഘടിതവോട്ട്‌ മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന രാഷട്രീയക്കാര്‍ അവര്‍ക്കായി റേഷന്‍കാര്‍ഡുണ്ടാക്കിക്കൊടുത്തു. വോട്ടര്‍പട്ടികയില്‍ പേരും ഉള്‍പ്പെടുത്തി. അന്യരാജ്യത്ത്‌ നിന്നും അനധികൃതമായി കുടിയേറി പാര്‍പ്പുറപ്പിച്ചവര്‍ക്ക്‌ ഇത്തരം സൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കിക്കൊടുക്കുന്ന ലോകത്തിലെ ഒരേ ഒരു രാജ്യമെന്ന പേരുണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞു. എന്നാല്‍ ഇത്‌ അത്യന്തം അപകടകരമാണെന്ന കാര്യത്തില്‍ സംശയമില്ല.അസാമില്‍ മാസങ്ങള്‍ നീണ്ടുനിന്ന കലാപം ഇത്തരം അനധികൃത കുടിയേറ്റക്കാരുണ്ടാക്കിയതാണ്‌. മതത്തിന്റെ പേരില്‍ പ്രത്യേക പരിഗണനയും പരിലാളനയും ലഭിച്ച ബംഗ്ലാദേശി മുസ്ലീംങ്ങള്‍ തദ്ദേശിയരെ ആട്ടിയോടിക്കുന്ന കാഴ്ചയാണ്‌ സൃഷ്ടിച്ചത്‌. പതിനായിരക്കണക്കിനാളുകള്‍ വീടും നാടും വിട്ടോടി. അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുന്നവര്‍ക്കാകട്ടെ അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ദയനീയമായി പരാജയപ്പെട്ടു. ഇരകള്‍ക്കൊപ്പമല്ല വേട്ടക്കാര്‍ക്കൊപ്പമാണ്‌ ഭരണകൂടം നിലയുറപ്പിച്ചത്‌. ലജ്ജാകരമായ സ്ഥിതിവിശേഷം വേറെവിടെയും കാണാന്‍ കഴിയില്ല.

ഇന്ത്യയില്‍ നുഴഞ്ഞുകയറിയവരുടെ പെരുമാറ്റം ഈ രീതിയലാണെങ്കില്‍ ബംഗ്ലാദേശില തദ്ദേശീയരായ ഹന്ദുക്കള്‍ കൊടിയ പീഡനമാണനുഭവിക്കുന്നത്‌. മതപരമായ ചടങ്ങുകള്‍ പരസ്യമായി നടത്തുന്നതിന്‌ വിലക്ക്‌. ക്ഷേത്രങ്ങള്‍ക്കും രക്ഷയില്ല. യുദ്ധകുറ്റത്തിന്റെ പേരില്‍ ജമാ അത്തെ ഇസ്ലാമി നേതാവിനെ വധശിക്ഷക്ക്‌ വിധിച്ചതിനെ തുടര്‍ന്ന്‌ ബംഗ്ലാദേശില്‍ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭത്തിന്റെ മറവില്‍ ഹിന്ദുക്കളുടെ വീടുകള്‍ക്കും ക്ഷേത്രങ്ങള്‍ക്കു നേരെ പരക്കെ ആക്രമണം അഴിച്ചുവിട്ടത്‌ ഏതാനും ദിവസങ്ങള്‍ക്ക്‌ മുമ്പാണ്‌. ഇതുവരെ നടന്ന ആക്രമണങ്ങളില്‍ നൂറോളം ഹിന്ദുക്കള്‍ കൊല്ലപ്പെട്ടു. 53 ക്ഷേത്രങ്ങള്‍, 800 ഓളം വീടുകള്‍ എന്നിവ അടിച്ചുതകര്‍ക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തു. ഒട്ടനവധി പേര്‍ ഭവനരഹിതരായി. ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനങ്ങള്‍ കൊള്ളയടിക്കുകയും വ്യാപാരം നടത്തുന്നതിനു വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. ജമാഅത്തെ ഇസ്ലാമി വൈസ്‌ പ്രസിഡന്റ്‌ ദെല്‍വാര്‍ ഹുസൈന്‍ സയീദിനെയാണ്‌ യുദ്ധക്കുറ്റത്തിന്റെ പേരില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 28ന്‌ തൂക്കിലേറ്റിയത്‌. 1971 ബംഗ്ലാദേശ്‌ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട്‌ രാജ്യത്തെ ഒറ്റിക്കൊടുക്കുകയും, നിരവധി ഹിന്ദുകളെ അക്രമിക്കുകയും വധിക്കുകയും, ഹിന്ദു സ്ത്രീകളെ ബലാല്‍സംഗം ചെയ്ത കുറ്റങ്ങള്‍ ചുമത്തിയാണ്‌ കോടതി വധശിക്ഷക്കു വിധിച്ചത്‌. ഇതിനെ തുടര്‍ന്ന്‌ സയീദ്‌ അനുകൂലികള്‍ രാജ്യവ്യാപകമായി ആക്രമണം അഴിച്ചുവിടുകയായിരുന്നു.

ഹിന്ദുവരുദ്ധ കലാപം അമര്‍ച്ചചെയ്യണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ ബീഗം ഖാലിദ സിയ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടെങ്കിലും ഭരണകൂടം യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ന്യൂനപക്ഷങ്ങളായ ഹിന്ദുക്കളുടെ നേരെ ഉണ്ടാകുന്ന അക്രമണം സംഘടിതമാണ്‌. ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ഥി സംഘടനയായ ജമാഅത്തെ ഛാത്ര ശിബിരാണ്‌ ആക്രമണത്തിനു പിന്നിലെന്ന്‌ ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ സംഘടനയായ പൂജ ഉദ്ജാപോണ്‍ പരിഷത്‌ ചൂണ്ടിക്കാട്ടി.
ഇന്ത്യയില്‍ ന്യൂനപക്ഷപരിഗണന എന്ന പേരില്‍ അര്‍ഹിക്കുന്നത്‌ മാത്രമല്ല അനര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കി ആദരിക്കുന്നു. ഭൂരിപക്ഷത്തിനില്ലാത്ത പരിഗണനയും പരിരക്ഷയും ഇവിടെ ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്ക്‌ ലഭിക്കുമ്പോള്‍ പത്തുശതമാനം വരുന്ന ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ വേട്ടയാടപ്പെടുന്നു. ന്യൂനപക്ഷാനുകൂല്യങ്ങള്‍ ഒന്നും തന്നെയില്ല. ഉഗാണ്ടയില്‍ ഉരുള്‍പൊട്ടിയാല്‍ കണ്ണീരുപൊഴിക്കുന്നവര്‍ ബംഗ്ലാദേശിലെ ഹിന്ദുക്കളെ കൂട്ടക്കുരുതി നടത്തുമ്പോള്‍ അന്ധബധിര നയം സ്വീകരിക്കുന്നത്‌ തിരിച്ചറിയണം. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശക്തമായ നടപടി സ്വീകരിച്ചേപറ്റൂ.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by