മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ കരുത്തരായ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ വിജയം. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡ് മയോര്‍ക്കയെ കീഴടക്കിയത്. രണ്ട് തവണ പിന്നിട്ടുനിന്ന ശേഷമായിരുന്നു റയല്‍ ഉജ്ജ്വല വിജയം സ്വന്തമാക്കിയത്. എന്നാല്‍ രണ്ടാം പകുതിയില്‍ അഞ്ച് മിനിറ്റിനിടെ റയല്‍ നേടിയ മൂന്ന് ഗോളുകളാണ് മത്സരത്തിന്റെ ഗതിമാറ്റിയത്.
മത്സരത്തിന്റെ ആറാം മിനിറ്റില്‍ തന്നെ മയോര്‍ക്ക മുന്നിലെത്തി. ജിയോവാനി സാന്റോസിന്റെ തകര്‍പ്പന്‍ ക്രോസ് ഉജ്ജ്വലമായ ഹെഡ്ഡറിലൂടെ എമിലിയോ ലോപ്പസ് റയല്‍ വലയിലെത്തിച്ചു. ഒമ്പത് മിനിറ്റിനുശേഷം റയല്‍ ഗൊണ്‍സാലോ ഹിഗ്വയിനിലൂടെ സമനില നേടി. മോഡ്രിച്ച് തുടങ്ങിവച്ച നീക്കത്തിനൊടുവില്‍ പന്ത് പെപ്പെക്ക് കിട്ടി. പെപ്പെ പന്ത് ഹിഗ്വയിനെ ലക്ഷ്യമാക്കി മറിച്ചുകൊടുത്തു. പന്ത് കിട്ടിയ ഹിഗ്വയിന് മയോര്ക്കഗോളിക്ക് അവസരമൊന്നും നല്‍കാതെ വല കുലുക്കി (1-1). ആറ് മിനിറ്റിനുശേഷം മയോര്‍ക്ക വീണ്ടും മുന്നിലെത്തി. ഒരു കോര്‍ണറില്‍ നിന്നാണ് ഗോള്‍ പിറന്നത്. ഡോസ് സാന്റോസ് എടുത്ത കോര്‍ണര്‍ ബോക്സിലേക്ക് പറന്നിറങ്ങിയത് ബുള്ളറ്റ് ഹെഡ്ഡറിലൂടെ അല്‍ഫാരോ റയല്‍ വലയിലെത്തിച്ചു (2-1). ആദ്യ പകുതിയില്‍ മയോര്‍ക്ക 2-1ന് മുന്നിലായിരുന്നു.
രണ്ടാം പകുതി ആരംഭിച്ച് ഏഴ് മിനിറ്റ് ആയപ്പോഴേക്കും സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയലിന്റെ സമനിലഗോള്‍ സ്വന്തമാക്കി. മെസ്യൂട്ട് ഓസില്‍ എടുത്ത കോര്‍ണര്‍ കിക്ക് ബോക്സിനുള്ളില്‍ നില്‍ക്കുകയായിരുന്ന ക്രിസ്റ്റ്യാനോ നല്ലൊരു ഹെഡ്ഡറിലൂടെ മയോര്‍ക്ക വലയിലെത്തിക്കുകയായിരുന്നു. രണ്ട് മിനിറ്റിനുശേഷം റയല്‍ ലീഡ് നേടി. ബോക്സിന് പുറത്തുവച്ച് ലൂക്കാ മോഡ്രിച്ച് തൊടുത്ത ബുള്ളറ്റ് ഷോട്ട് മയോര്‍ക്ക വലയില്‍ തറച്ചുകയറി. മൂന്ന് മിനിറ്റിനുശേഷം ഹിഗ്വയിന് റയലിന്റെ ലീഡ് ഉയര്‍ത്തി. മെസ്യൂട്ട് ഓസില്‍ നല്കിയ പാസില്‍ നിന്നാണ് ഹിഗ്വയിന് തന്റെ രണ്ടാം ഗോളും റയലിന്റെ നാലാം ഗോളും സ്വന്തമാക്കിയത്. പിന്നീട് ഇഞ്ച്വറി സമയത്ത് ഹിഗ്വയിന്റെ പാസില്‍ നിന്ന് ലക്ഷ്യം കണ്ട് കരീം ബെന്‍സേമ റയലിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. 28 മത്സരങ്ങളില്‍ നിന്ന് 61 പോയിന്റുമായി റയല്‍ ലീഗില്‍ രണ്ടാം സ്ഥാനത്താണ്. 27 മത്സരങ്ങളില്‍ നിന്ന് 71 പോയിന്റുമായി ബാഴ്സലോണയാണ് ഒന്നാം സ്ഥാനത്ത്.
മറ്റ് മത്സരങ്ങളില്‍ വലന്‍സിയ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് 10 പേരുമായി കളിച്ച റയല്‍ ബെറ്റിസിനെയും ഗറ്റാഫെ 1-0ന് അത്ലറ്റിക് ബില്‍ബാവോയെയും റയല്‍ സോസിഡാഡ് 4-1ന് വല്ലഡോളിഡിനെയും പരാജയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: