ബര്‍ലിന്‍: രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ജര്‍മനി മൂന്ന് മുസ്ലീംസംഘടനകളെ നിരോധിച്ചു. ബുധനാഴ്ചയാണ് ജര്‍മനി നിസ്സങ്കോചം മൂന്ന് യാഥാസ്ഥിതിക സലഫി മുസ്ലീം സംഘടനകളെ നിരോധിച്ച് ഉത്തരവിറക്കിയത്. ഈ സംഘടനകള്‍ ജനാധിപത്യം അട്ടിമറിച്ച് ശരീയത്തോ ഇസ്ലാമിക നിയമമോ കൊണ്ടുവരാന്‍ ശ്രമിച്ചതാണ് ആഭ്യന്തരമന്ത്രാലയത്തെ ഇത്തരത്തില്‍ നടപടിക്ക് പ്രേരിപ്പിച്ചതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. പടിഞ്ഞാറന്‍ സംസ്ഥാനങ്ങളായ ഹെസ്സി വടക്കന്‍ റിനെവെസ്റ്റ്ഫാലിയ എന്നിവിടങ്ങളില്‍ നിരോധനം രാവിലെ മുതല്‍ തന്നെ പ്രാബല്യത്തില്‍ വന്നതായി വാര്‍ത്തയില്‍ പറയുന്നു. ഇസ്ലാമിക മതമൗലികവാദം പ്രചരിപ്പിക്കാന്‍ സലഫികളുടെ മേല്‍നോട്ടത്തിലാണ് ശ്രമം നടക്കുന്നതെന്നും ജര്‍മന്‍ അധികൃതര്‍ വ്യക്തമാക്കി.
ദവാഫ്ഫ്മ്, ഇസ്ലാമിഷേ ആഡിയോസ് അഥവാ അന് നുസ്ര, മില്ലാത്തു ഇബ്രാഹിം എന്നിവയാണ് നിരോധിക്കപ്പെട്ട മുസ്ലീം സംഘടനകള്‍. ഇതില്‍ മില്ലാത്തു ഇബ്രാഹിം ജൂണില്‍ തന്നെ പുറത്താക്കപ്പെട്ട സംഘടനയാണ്. രണ്ട് അമേരിക്കന്‍ വ്യോമസൈനികരെ 2011ല്‍ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ വെടിവച്ചുകൊന്ന വ്യക്തിയെ ദവാഫ്ഫ്മിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രോത്സാഹിപ്പിച്ചിരുന്നതായി ജര്‍മനി പറയുന്നു. ഇരുപതോളം വ്യക്തികളെ ഇതുമായി ബന്ധപ്പെട്ട് പരിശോധിച്ചതായും സംഘടനയുടെ ആസ്തികള്‍ കണ്ടുകെട്ടിയതായും മന്ത്രാലയം അറിയിച്ചു. ഇപ്പോള്‍ നിരോധിച്ചിരിക്കുന്ന ഈ സംഘടനകള്‍ പ്രതിനിധീകരിക്കുന്ന സലഫിസം തങ്ങളുടെ സ്വതന്ത്ര ജനാധിപത്യ വ്യവസ്ഥയ്ക്ക് ഒട്ടും യോജിച്ചതല്ലെന്ന് മന്ത്രി ഹാന്‍സ് പീറ്റര്‍ ഫ്രെഡ്രറിക് പ്രസ്താവിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഈ സംഘടനകള്‍ ജര്‍മന്‍ സമൂഹത്തെ യുദ്ധോത്സുകരും ആക്രമണകാരികളുമാക്കും. അതോടെ ജനാധിപത്യസംവിധാനം തകര്‍ന്ന് സലഫിസത്തിന് വഴിമാറി രാജ്യത്തെ നിയമവ്യവസ്ഥ ശരീയത്ത് നിയമത്തിന് പാതയൊരുക്കും. ജര്‍മനിയില്‍ നാലായിരം സലഫി മുസ്ലീങ്ങളുണ്ടെന്നാണ് കരുതപ്പെടുന്നത്. ജര്‍മനിയിലെ മുസ്ലീം ജനസംഖ്യ ഏതാണ്ട് നാല് ദശലക്ഷമാണ്. മതമൗലികവാദികള്‍ക്കെതിരെ സ്വീകരിക്കുന്ന നടപടികള്‍ ബഹുഭൂരിപക്ഷം വരുന്ന ജര്‍മനിയിലെ സാധാരണ മുസ്ലീങ്ങള്‍ക്കിടയില്‍ സഹിഷ്ണുതയും പരസ്പരം ബഹുമാനവും വളര്‍ത്തുമെന്ന് സര്‍ക്കാരിന് ഉറപ്പുണ്ടെന്ന് ചാന്‍സലര്‍ ആഞ്ജല മെല്ക്കല്സ് പറഞ്ഞു.
പടിഞ്ഞാറന്‍ നഗരങ്ങളായ കൊളോണ്‍, ബോണ്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ വര്‍ഷം സലഫികളും പോലീസുമായി നിരവധി ഏറ്റുമുട്ടലുകളുണ്ടായിട്ടുണ്ട്. മുസ്ലീം ചെറുപ്പക്കാരില്‍ യുദ്ധക്കൊതി വളരുന്നത് ജര്‍മനിയില്‍ ഭയം വര്‍ധിപ്പിച്ചിട്ടുമുണ്ട്. അതേസമയം വടക്കന്‍ റിനെവെസ്റ്റ്ഫാലിയയില് രാഷ്ട്രീയ നേതാവായ മാര്‍ക്കസ് ബീസിഷ്ടിനെ കൊലപ്പെടുത്താനുള്ള ഇസ്ലാം മതമൗലികവാദികളുടെ ശ്രമം പോലീസ് പരാജയപ്പെടുത്തിയതായി അഹ്ലുല്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഈ കേസില്‍ അറസ്റ്റിലായ നാലുപേരില്‍ ഒരാളുടെ കൈവശം ആയുധമുണ്ടായിരുന്നതായും പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: