മലയാള സിനിമയുടെ പ്രതിസന്ധി സൃഷ്ടിച്ച ഗതികേടില്‍ ആണ് മുമ്പൊരിക്കല്‍ ഷക്കീലയും അടുത്തകാലത്ത് സന്തോഷ് പണ്ഡിറ്റും അവതരിച്ചത്. കേരളത്തിന്റെ പൊതു രാഷ്ട്രീയ മണ്ഡലത്തില്‍ അത്തരമൊരവതാരം വീണ്ടും സംഭവിച്ചിരിക്കുന്നു. ആദ്യത്തേത് അശ്ലീലവും രണ്ടാമത്തേത് അസംബന്ധവുമായിരുന്നെങ്കില് ഇപ്പോഴുണ്ടായത് ഇതുരണ്ടും കൂടിച്ചേര്‍ന്ന ഒരു അവലക്ഷണമാണ്. മതേതര പുരോഗമന ജനാധിപത്യ കേരളത്തിന്റെ കണ്ണും കരളുമായി ഇതിനകം മാറിക്കഴിഞ്ഞ ആ അവതാരപ്പിറവിക്ക് ജോര്‍ജ്ജ് പണ്ഡിറ്റ് എന്നാണ് പുതുതലമുറ നല്കുന്ന പേര്.
മുമ്പ് വിഎസിന്റെ കാലത്ത് വിഎസിനും സാക്ഷാല്‍ ജി. സുധാകരനും സാധിക്കാതെ പോയതെല്ലാം പൂഞ്ഞാര്‍ എംഎല്‍എ ഇതിനകം കൊയ്തെടുത്തിരിക്കുന്നു. ‘തെറി എല്ലാവര്‍ക്കുമറിയാം, ചിലര്‍ അതു പറയും, ചിലര്‍ കേള്‍ക്കും, മറ്റു ചിലര്‍ ആ വഴി പോകാറുപോലുമില്ല’ എന്നൊരു തിയറി പറഞ്ഞു കേട്ടിട്ടുണ്ട്. ജോര്‍ജ്ജിയന്‍ കാലഘട്ടത്തെ കുടുംബസദസ്സുകളില്‍ ആഘോഷമാക്കി മാറ്റിയ ചാനല്‍ ക്യാമറകള്‍ മൂലം ഈ മൂന്നാമത് പറഞ്ഞ ‘മറ്റു ചിലര്‍’ ഇപ്പോള്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ്. ന്യൂ ജനറേഷന് സിനിമകള്‍ക്ക് സെന്‍സര്‍ ബോര്‍ഡ് പിടിപ്പിച്ച സെയിലന്‍സര്‍ (ബീപ്) ഉള്ളതു കാരണം ചെവി പൊത്താതെ കഴിക്കാം എന്നതു മാത്രം രക്ഷ.
ജോര്‍ജ്ജ് പണ്ഡിറ്റിന്റെ വായ്മൊഴി വഴക്കം കൂടി പരിഗണിച്ചാകണം നമ്മുടെ സാംസ്കാരിക വകുപ്പ് മലയാളത്തിന് ശ്രേഷ്ഠ ഭാഷാപദവി തരപ്പെടുത്താനുള്ള നീക്കത്തിന് ആക്കം കൂട്ടിയത്. യുഗങ്ങള്‍ക്ക് മുമ്പേ മരിച്ച് മണ്ണടിഞ്ഞ മലയാളത്താന്മാര്ക്ക് പോലും വശമില്ലാത്ത ജനകീയ ഭാഷാ പ്രയോഗങ്ങളാണ് ജോര്‍ജ്ജിന്റെ നാവിന് തുമ്പത്ത്. ജോര്‍ജ്ജിയന്‍ ഭാഷാ ശൈലിക്ക് ജസ്റ്റിസ് ബസന്തും കെ. സുധാകരനും മുതല്‍ പെണ്ണിനൊപ്പം കിടന്നുറങ്ങുന്നത് ഇന്ത്യന്‍ പൗരന്റെ അവകാശമാണെന്ന് ഭരണഘടന നോക്കി സമര്‍ത്ഥിക്കുന്ന കെ.എം. റോയ് വരെയുള്ളവര്‍ ഒപ്പീസ് പാടുമ്പോള്‍ വാഴ്ത്തപ്പെടേണ്ടവനാണ് ജോര്‍ജ്ജെന്ന് വ്യക്തം. സിസ്റ്റെയിന്‍ ചാപ്പലിലെ ചിമ്മിനിയിലൂടെ വെളുത്തപുകയ്ക്കൊപ്പം പുറത്തുവന്ന ബര്ഗോഗ്ലിയന് മാര്‍പാപ്പയും പാപ്പയുടെ മാനസപുത്രി സോണിയയുടെ വരപ്രസാദം നേടിയ ഇറ്റാലിയന്‍ നാവികരും വാര്‍ത്തകളില്‍ നിറഞ്ഞിട്ടും ജോര്‍ജ്ജിയന്‍ പ്രഭാവത്തിന് മങ്ങലേറ്റില്ല.
കോണ്‍ഗ്രസ് വഴി തുടങ്ങി പിളര്‍ന്ന് കെ.എം. മാണിക്കൊപ്പം ചേര്‍ന്നാണ് പ്ലാത്തോട്ടത്തില്‍ ചാക്കോ ജോര്‍ജ്ജ് എന്ന പൂഞ്ഞാറുകാരന് പി.സി. ജോര്‍ജ്ജായത്. വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന അധ്വാനവര്‍ഗ സിദ്ധാന്തത്തിന്റെ മറപിടിച്ച് ജോസഫ് പിളര്‍ന്ന് ഇടതായപ്പോള്‍ പിസിയും ഇടതായി. 80ല്‍ ജോസഫിന്റെ കുടപിടിച്ച് നിയമസഭ കണ്ടു. കുരിശും ചുമന്നുകൊണ്ടു തന്നെ കൂറുമാറിയ ജോസഫിനെ ഇടതുമുന്നണി സങ്കോചമില്ലാതെ കെട്ടിപ്പിടിച്ചപ്പോള്‍ നാണക്കേട് തോന്നിയത് ജോര്‍ജ്ജിനാണ്. അങ്ങനെ ജോസഫിനെ പിളര്‍ത്തി ജോര്‍ജ്ജ് സെക്കുലറായി. വിഎസിനൊപ്പം മതികെട്ടാനും മൂന്നാറും കയറിയിറങ്ങി. ഒരു തരത്തില്‍ വിഎസിന് ക്വട്ടേഷന്‍ കൊടുത്തും വിഎസിന്റെ ക്വട്ടേഷന്‍ ഏറ്റുവാങ്ങിയും ജോര്‍ജ്ജ് പൊരുതി. പിന്നെ ഒരുകാലത്ത് വിഎസിനെ കളഞ്ഞ് പുറത്ത് ചാടി. കേരളാ കോണ്‍ഗ്രസ് കോണ്‍ഫെഡറേഷനായിരുന്നു സങ്കല്പം. ജേക്കബും പിള്ളയും ജോര്‍ജ്ജും ഒക്കെക്കൂടി കൈകോര്ത്തൊരവിയല് നീക്കം. പണി പാളിയപ്പോള്‍ മാണിയുടെ കുഞ്ഞാടായി. പിന്നാലെ ജോസഫും ആ കൂടാരത്തില്‍ തന്നെ കയറി. മാണിയും ജോസഫും നിവര്‍ന്നു നില്ക്കുമ്പോള് പിന്നെ ഇടം പിടിക്കാന്‍ കിട്ടിയ ചീഫ് വിപ്പ് പദവി മുതലാക്കി തെറിവിളി തുടങ്ങി. അങ്ങനെയാണ് കേരളാ രാഷ്ട്രീയത്തിന് ജോര്‍ജ്ജ് പണ്ഡിറ്റിനെ ലഭിക്കുന്നത്.
ക്ലച്ചും ഗിയറും ബ്രേക്കും ബെല്ലും മാത്രമല്ല സ്റ്റിയറിംഗ് അടക്കം പാലായിലും പാണക്കാട്ടും കൊണ്ട് പണയംവച്ച യുഡിഎഫ് സര്‍ക്കാരിന്റെ ചീഫ് വിപ്പ് എന്ന നിലയിലാണ് പി.സി. ജോര്‍ജ്ജ് രാഷ്ട്രീയത്തിലെ ന്യൂജനറേഷന് തരംഗമാകുന്നത്. അതുകൊണ്ടു തന്നെയാകണം ജോര്‍ജ്ജ് എന്ന പദത്തിന് ഒട്ടേറെ നിര്‍വചനങ്ങള്‍ ഈ കാലയളവില്‍ ഉരുത്തിരിഞ്ഞത്. ജനസേവനം നടത്തുക വഴി ഒരു പുണ്യവാളന് ജോര്‍ജ്ജ് ആവുകയാവും (സെന്റ് ജോര്‍ജ്) അദ്ദേഹമെന്ന് അപൂര്‍വം ചില പൂഞ്ഞാറുകാരെങ്കിലും മനസ്സില്‍ കരുതിയെങ്കിലും നിര്‍വചനങ്ങളിലൊന്നും അതുണ്ടായില്ല.
ആര്‍ക്കുമില്ല ജോര്‍ജിനെക്കുറിച്ച് നല്ലതു പറയാന്‍. നാക്കു പിഴുതെടുക്കും, കരണക്കുറ്റിക്കടിക്കും തുടങ്ങിയ പുരസ്കാര സമര്‍പ്പണങ്ങള്‍ പെണ്‍വഴിക്കും ആണ്‍വഴിക്കും വേറെയും വന്നു. എന്നിട്ടും പൂഞ്ഞാറിന്റെ സമരപുളകങ്ങള്‍ ചാര്‍ത്തിയ സിന്ദൂരമാലയുമായി രാവിലെ തെറി പറഞ്ഞും വൈകിട്ട് മാപ്പു പറഞ്ഞും ഈ നല്ല ‘കൃഷിക്കാരന്’ ചാനലുകളില്‍ നിറഞ്ഞു കവിഞ്ഞു. കൊട്ടാരക്കരക്കാരുടെ കുടുംബവഴക്ക് തീര്‍ക്കാന്‍ പോയി കുടുംബംകലക്കി എന്ന ഓമനപ്പേരുമായാണ് ജോര്‍ജ്ജ് മടങ്ങിയത്. ഗണേശന് എന്നെ ചേട്ടാ എന്നേ വിളിക്കുമായിരുന്നുള്ളു എന്ന് പത്തനാപുരത്ത് പ്രസംഗിച്ച് തകര്‍ത്ത ജോര്‍ജ്ജ് ഗണേശനെ പിന്നെ പലതും വിളിച്ചു. ജോര്‍ജ്ജിയന്‍ പീഡനം സഹിക്കാനാവാതെ ഒരു വിപ്ലവകുമാരന് ‘എനിക്ക് അച്ഛനുണ്ട്, അമ്മയുണ്ട് എന്ന്’ ചാനല്‍ മധ്യത്തില്‍ നിലവിളിച്ച കാലമായിരുന്നു അത്.
ഗണേശന് അവിഹിതത്തിന്റെ പേരില്‍ മന്ത്രിമന്ദിരത്തില്‍ തല്ലുകൊണ്ടവനാണെന്ന ആക്ഷേപമാണ് ജോര്‍ജ്ജിയന്‍ ഭാഷാ കുശലത മലയാളിക്ക് വെളിപ്പെടുത്തിയ ഒടുവിലത്തെ തെറിമഴയുടെ തുടക്കം. നെല്ലിയാമ്പതിയിലെ വനഭൂമി മുഴുവന്‍ കയ്യേറിയ മലയോര കര്‍ഷക കോണ്‍ഗ്രസ് പ്രമാണികള്‍ക്ക് വേണ്ടി കൊടികുത്തി തോറ്റതിന്റെ കലിപ്പാണ് കാരണമെന്ന് ആരോപണമുയര്‍ന്നിട്ടും ജോര്‍ജ്ജ് പിന്മാറിയില്ല. ഗണേശന് തകര്‍ത്ത 22 കുടുംബങ്ങളുടെ പട്ടിക പോക്കറ്റിലിട്ട് ജോര്‍ജ്ജ് പലരെയും വിരട്ടി. രാഹുല്‍ ബ്രിഗേഡിന് മാത്രമല്ല 95 കഴിഞ്ഞ ഗൗരിയമ്മയ്ക്കും മരിച്ചുപോയ ടി.വി. തോമസിനും വരെ രക്ഷയില്ല. ചുരുക്കത്തില്‍ അമ്പു കൊള്ളാത്തവരില്ല കുരുക്കളില്‍ എന്ന മട്ടിലാണ് കാര്യങ്ങള്‍.
സാദാ പിസിയായി നിയമസഭയില്‍ എത്തിയ ജോര്‍ജ്ജ് സദാചാരപ്പോലീസിന്റെ ഡിജിപിയായാണ് ഇപ്പോള്‍ വിലസുന്നത്. പിസിയായി നിയമസഭാ മണ്ഡപത്തില്‍ കാലുകുത്തിയ 80കളില്‍ പൂഞ്ഞാര്‍ എംഎല്‍എയെ കാണാന്‍ കൊച്ചിന്റെ കയ്യും പിടിച്ചുവന്ന അച്ചാമ്മയെ തേടി ചാനലുകാര് പരക്കം പാഞ്ഞതും കേരളം കണ്ടു. ജോര്‍ജ്ജ് ആണായതുകൊണ്ട് ഉടന്‍ പറഞ്ഞു, ‘ഡിഎന്‍എ ടെസ്റ്റ് ആകാം’. ഉമ്മന്‍ചാണ്ടി മുതല്‍ എത്രപേര്‍ക്കറിയാം ജോര്‍ജ്ജിന്റെ ഈ ഡിഎന്‍എ വീര്യം. അതുകൊണ്ട് ഇത് ഇങ്ങനെ തുടരും. കര്‍ത്താവ് ഈശോ മിശിഹ പണ്ടുയര്ത്തിയ വെല്ലുവിളി ജോര്ജ്ജുമാവര്ത്തിക്കും, ‘നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടൈ.
എം. സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: