മൊഹാലി: അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ ഉജ്ജ്വലമായ സെഞ്ച്വറിയിലൂടെ ഇന്ത്യക്ക് മികച്ചൊരു തുടക്കക്കാരനെക്കൂടി ലഭിച്ചു. അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന ഒരു താരം നേടുന്ന ഏറ്റവും വേഗതയേറിയ സെഞ്ച്വറിയാണ് ധവാന് ആദ്യ ടെസ്റ്റിനിറങ്ങിയമൊഹാലി സ്റ്റേഡിയത്തില്‍ ഇന്നലെ സ്വന്തം പേരില്‍ കുറിച്ചത്.
തുടര്‍ച്ചയായി ഫോം നഷ്ടപ്പെട്ടുഴറിയ വീരേണ്ടര്‍ സെവാഗിനെ കൈവിട്ട് ശിഖാര്‍ ധവാനെന്ന വെടിക്കെട്ടുകാരന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി അവസരം നല്കിയപ്പോള് മുന്‍ താരങ്ങളുള്‍പ്പെടെ നെറ്റി ചുളിച്ചവര്‍ ഏറെയായിരുന്നു. മോശം ഫോമിനെ തുടര്‍ന്ന് ഓപ്പണറായ വീരേണ്ടര്‍ സെവാഗിനെ ഒഴിവാക്കിയാണ് ധവാനെ ടെസ്റ്റ് ടീമിലേക്ക് തെരഞ്ഞെടുത്തത്.
കിട്ടിയ ആദ്യ അവസരത്തില്‍ തന്നെ താന്‍ ആരാണെന്ന് ശിഖാര്‍ ധവാന് ബോധ്യപ്പെടുത്തി. അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ച്വറി നേടി ധോനിയുടെ തീരുമാനത്തെ ന്യായീകരിച്ച ശിഖാര്‍ ഓസ്ട്രേലിയന്‍ ബൗളര്‍മാരെ തുടക്കം മുതല്‍ തലങ്ങും വിലങ്ങും വേട്ടയാടി പിടിച്ചെടുത്തത് ലോക റെക്കോഡ്. 85 പന്തുകളില്‍ നിന്നായിരുന്നു 27 കാരനായ ശിഖര്‍ ധവാന്റെ സെഞ്ച്വറി നേട്ടം. 21 ബൗണ്ടറികളും ഈ സെഞ്ച്വറിക്ക് അകമ്പടി സേവിച്ചു. 2004ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ വെസ്റ്റ് ഇന്‍ഡീസിന്റെ ഡ്വെന്‍ സ്മിത്ത് നേടിയ 93 പന്തില്‍ സെഞ്ച്വറി എന്ന റെക്കോഡാണ് ധവാന് പഴങ്കഥയാക്കിയത്. അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന പതിമൂന്നാമത്തെ ഇന്ത്യക്കാരാനാണ് ധവാന്.
ലാലാ അമര്‍നാഥ്, ദീപക് സോദന്‍, കൃപാല്‍ സിംഗ്, അബ്ബാസ് അലി, ഹനുമന്ദ് സിങ്, ഗുണ്ടപ്പ വിശ്വനാഥ്, സുരീന്ദര്‍ അമര്‍നാഥ്, മുഹമ്മദ് അഷറുദ്ദീന്, പ്രവീണ്‍ ആംറേ, സൗരവ് ഗാംഗുലി, വീരേണ്ടര്‍ സെവാഗ്, സുരേഷ് റെയ്ന എന്നിവരാണ് അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി നേടിയ മറ്റ് ഇന്ത്യന്‍ കളിക്കാര്‍.
വെസ്റ്റ്ഇന്‍ഡീസ് താരം താരം വിവിയന്‍ റിച്ചാര്‍ഡ്സിന്റെ പേരിലാണ് ടെസ്റ്റിലെ വേഗമേറിയ സെഞ്ച്വറി. 1985-86ല്‍ ഇംഗ്ലണ്ടിനെതിരെയാണ് വിവ് റിച്ചാര്‍ഡ്സ് 56 പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കയത്.
നേരിട്ട ആദ്യ പന്തില്‍ തന്നെ ധവാന് പുറത്തായിരുന്നു. എന്നാല്‍, മിച്ചല്‍ സ്റ്റാര്‍ക്കിന്റെ കൈയില്‍ നിന്നു വഴുതിയ പന്തുരസി ബെയ്ല് നിലംപൊത്തുമ്പോള്‍ ധവാന് ക്രീസിന് പുറത്തായിരുന്നു. എന്നാല്‍, ഓസ്ട്രേലിയക്കാര്‍ അപ്പീല്‍ ചെയ്തില്ല. തുടര്‍ന്നുള്ള ഓരോ പന്തിലും ഇതിനുള്ള ശിക്ഷ അവര്‍ ഒരിക്കലും മറക്കാനാവാത്ത വിധം അനുഭവിക്കുകയും ചെയ്തു. രണ്ട് സിക്സും 33 ബൗണ്ടറിയും അടങ്ങുന്നതായിരുന്നു വര്‍ഷങ്ങളോളം ദേശീയ ടീമിന്റെ പടിവാതില്ക്കല് നിരാശയോടെ കാത്തിരുന്ന ധവാന്റെ ഇന്നിങ്ങ്സ്. തന്നെ നിരന്തരം തഴഞ്ഞവര്‍ക്കുള്ള മറുപടിയെന്നോണമായിരുന്നു ആ ബാറ്റില്‍ നിന്ന് അനര്‍ഗളം പ്രവഹിച്ച റണ്ണൊഴുകിയത്. മൂന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ 168 പന്തുകളില്‍ നിന്ന് 33 ബൗണ്ടറിയും രണ്ട് സിക്സറുമടക്കം 185 റണ്‍സുമായാണ് ധവാന് ക്രീസില്‍ നില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: