മോക്ഷേച്ഛുക്കളെല്ലാം ഋഷിത്വത്തിലൂടെ കടന്നുപോകണം; മന്ത്രദ്രഷ്ടാക്കളാകണം. ഈശ്വരനെ കാണണം എന്നത്രേ നമ്മുടെ മതം വ്യക്തമായി, സ്പഷ്ടമായി, അനുശാസിക്കുന്നതെന്ന് നാം ഓര്‍ക്കേണ്ടതുണ്ട് അതാണ് മോക്ഷം; അതാണ് നമ്മുടെ ശാസ്ത്രങ്ങള്‍ നിശ്ചയിച്ച നിയമം. അപ്പോള്‍, ശാസ്ത്രങ്ങളില്‍ സ്വന്തം കണ്ണുകൊണ്ട് നോക്കാനും സ്വയം അവയുടെ അര്‍ത്ഥം ധരിക്കാനും നമ്മുടെ ആവശ്യങ്ങളെ അപഗ്രഥിക്കാനും സ്വതന്ത്രമായി സത്യം മനസിലാക്കാനും നമുക്ക് എളുപ്പമാകും. ഇതാണ് കര്‍ത്തവ്യം. ഒപ്പം പ്രാചീനരായ ഋഷിമാരെ, അവര്‍ ചെയ്തതിനെല്ലാംവേണ്ടി, പൂര്‍ണമായി സമാദരിക്കയും വേണം. പ്രാചീനരായ ആ ഋഷിമാര്‍ മഹാന്മാരായിരുന്നു. എന്നാല്‍ നമുക്ക് കൂടുതല്‍ മഹത്ത്വം ആര്‍ജിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ കാലത്ത് അവര്‍ വമ്പിച്ച കാര്യമാണ് ചെയ്തിട്ടുള്ളത്; പക്ഷേ അതിലും വമ്പിച്ച കാര്യമാണ് നമുക്ക് ചെയ്യാനുള്ളത്. പ്രാചീനഭാരതത്തില്‍ ശതക്കണക്കിനാണ് ഋഷിമാരുണ്ടായിരുന്നത്. നമുക്ക് ദശലക്ഷക്കണക്കിനുണ്ടാകും.
അങ്ങനെയാണുണ്ടാകാന് പോകുന്നത്. നിങ്ങളോരോരുത്തനും എത്ര വേഗം ഇത് വിശ്വസിക്കുന്നുവോ അത്രയും കൂടുതല്‍ നന്മയാണ് ഭാരതത്തിനും ലോകത്തിനും. നിങ്ങള്‍ എന്തുവിശ്വസിക്കുന്നുവോ നിങ്ങള്‍ അതായിത്തീരും. സിദ്ധന്മാരാണെന്ന് സ്വയം വിശ്വസിച്ചാല്‍ നിങ്ങള്‍ സിദ്ധന്മാരാവും. നിങ്ങളെ തടസപ്പെടുത്താന്‍ ഒന്നുമില്ല. എന്തുകൊണ്ടെന്നാല്‍, നമ്മള് തെറ്റി കലഹിക്കുന്നതായി തോന്നുന്ന നമ്മുടെ മതവിഭാഗങ്ങള്ക്കെല്ലാംകൂടി പൊതുവേ ഒരു സിദ്ധാന്തമുണ്ടെങ്കില്‍ അതിതാണ്: ആത്മാവിലിപ്പോഴേ ഉണ്ട് എല്ലാ മഹിമയും പ്രഭാവവും വിശുദ്ധിയും. രാമാനുജന് പറയുന്നു ആത്മാവ് ചിലപ്പോള്‍ സങ്കോചിക്കുകയും വികസിക്കുകയും ചെയ്യുമെന്ന്. ശങ്കരന് പറയുന്നു ആത്മാവ് മോഹത്തിനടിപ്പെടുന്നു എന്ന്. ഈ വ്യത്യാസങ്ങള്‍ വകവയ്ക്കേണ്ടതില്ല. പ്രഭാവം അവിടെത്തന്നെ ഉണ്ടെന്ന സത്യം എല്ലാവര്ക്കും അഭിമതമാണ്. ഒരു സാദ്ധ്യതയായോ യാഥാര്‍ത്ഥ്യമായോ അതവിടെയുണ്ട്. എത്രവേഗം നിങ്ങളത് വിശ്വസിക്കുന്നുവോ അത്രയുമേറെ നിങ്ങള്‍ക്കത് നന്ന്. പ്രഭാവങ്ങളെല്ലാം നിങ്ങളിലുണ്ട്. നിങ്ങള്‍ക്കെന്തും ഏതും ചെയ്യാന്‍ കഴിവുണ്ട്. അത് വിശ്വസിക്കുക. ‘ദുര്‍ബലരാണ് ഞങ്ങള്‍’ എന്ന് കരുതരുത്. പകുതി ബുദ്ധികെട്ട ഭ്രാന്തരാണ് ഞങ്ങള്‍ എന്ന് കരുതരുത്. നമ്മിലധികംപേരും ഈയിടെ ചെയ്യുന്നതതാണ്. മാറ്റാരുടെയും നേതൃത്വമില്ലാതെ, എല്ലാം നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയും. പ്രഭാവങ്ങളെല്ലാം അവിടെയുണ്ട്. എഴുന്നേറ്റുനിന്ന് നിങ്ങളിലുള്ള ദിവ്യതയെ ആവിഷ്ക്കരിക്കുക.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: