കഥകളിയെപ്പറ്റി വളരെയൊന്നും വിവരിക്കാന്‍ ഞാന്‍ ആളല്ല. ആ അന്യാദൃശ്യകലയുടെ സൗകുമാര്യം ആസ്വദിക്കാന്‍ ഒരു അളവുവരെ കഴിയുമെന്നത് അതിരു കവിഞ്ഞ അവകാശവുമായിരിക്കാം. എന്നാല്‍ കലാമണ്ഡലം രാമന്‍കുട്ടിനായര്‍ അന്തരിച്ച വാര്‍ത്ത ചാനലുകളില്‍ നിന്നറിഞ്ഞപ്പോള്‍ മനസ്സില്‍ എന്തോ നഷ്ടപ്പെട്ടതുപോലെ തോന്നി. എനിക്ക് അദ്ദേഹവുമായി നേരിട്ട് പരിചയം കുറവാണ്. നാല്‍പ്പതില്‍പരം വര്‍ഷങ്ങള്‍ക്കുമുമ്പ് ചെറുതുരുത്തിയില്‍ കലാമണ്ഡലം കാണാന്‍ പോയപ്പോള്‍, പരിചയപ്പെട്ടിരുന്നു. ചെറുതുരുത്തിയില്‍ ജനസംഘപ്രവര്‍ത്തകനായിരുന്ന ശ്രീധരന്‍നായരുടെ കൂടെയാണ് പോയത്. ശ്രീധരന് നായരുടെ മകന് കലാമണ്ഡലത്തില്‍ വിദ്യാര്‍ത്ഥിയായിരുന്നു. അവിടത്തെ പൗരപ്രമുഖനും ഭരണ സമിതിയിലെ അംഗവുമായിരുന്നു ശ്രീധരന് നായര്‍ എന്നാണ ഓര്മ. കലാമണ്ഡലത്തിലെ കൂത്തമ്പലത്തിന്റെ പണി നടന്നുകൊണ്ടിരിക്കുന്നു. ഭരതമുനിയുടെ നാട്യശാസ്ത്രപ്രകാരമുള്ള നര്‍ത്തനത്തിന്റെ റിലീഫുകള്‍ അവിടെ സ്ഥാപിച്ചുവരികയായിരുന്നു. ശ്രീധരന് നായര്‍ അവ വിവരിച്ചു തന്നു. അവിടെ ഓരോ വിഷയത്തിലും ക്ലാസുകള്‍ എടുക്കുന്നതു കാണാനും അവസരമുണ്ടായി. അങ്ങനെ രാമന്‍കുട്ടി നായര്‍ പഠിപ്പിക്കുന്നിടത്തും എത്തി ശ്രീധരന് നായര്‍ പരിചയപ്പെടുത്തി. വീട് തൊടുപുഴയാണെന്ന് പറഞ്ഞപ്പോള്‍ കൃഷ്ണന്റെ അമ്പലത്തില്‍ പതിവായി ഉത്സവക്കാലത്ത് എത്താറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കല്യാണസൗഗന്ധികത്തില്‍ വിശ്വരൂപം കാട്ടി ഭീമസേനനെ അത്ഭുതപ്പെടുത്തിയ ഹനുമാനും കൈലാസ പര്‍വതത്തെ നോക്കി പൊക്കമളന്നശേഷം അമ്മാനമാടിയ രാവണനും മറ്റും ഈ ഒറ്റമുണ്ടും വേഷ്ടിയുമായി നില്ക്കുന്ന കുറിയ മനുഷ്യനാണോ സാക്ഷാത്കരിച്ചത് എന്ന് അത്ഭുതപ്പെട്ടു.
കഥകളി എന്നു മുതല്‍ കണ്ടുതുടങ്ങി എന്നു പറയാന്‍ പ്രയാസം. സ്കൂളില്‍ പഠിക്കുമ്പോള്‍ അമ്പലത്തിലെ കളി കാണാന്‍ പോയിരുന്നു. കഥകളിയെപ്പറ്റി ഒന്നാംപാഠ പുസ്തകത്തില്‍ പഠിച്ചത് ഇന്നും മറന്നിട്ടില്ല. “ഇന്ന് കോവിലില്‍ കഥകളിയുണ്ട്. അവിടെയാണ് ചെണ്ട കൊട്ടുന്നത്. രാത്രി വൈകിയേ ആട്ടം തുടങ്ങുകയുള്ളൂ. നമുക്ക് അച്ഛന്റെ കൂടെ കളി കാണാന്‍ പോകാം. പക്ഷെ വെളുപ്പോളം ഇരിക്കേണ്ടേ. തീരെ ഉറങ്ങാതിരുന്നാല്‍ വലിയ ക്ഷീണം കാണും, പള്ളിക്കൂടത്തില്‍ ഇരുന്ന് ഉറക്കം തൂങ്ങും. കുട്ടികള്‍ ആക്ഷേപിക്കും. അതുകൊണ്ടു കുറെ കണ്ടിട്ടു തിരിച്ചുപോരാം” കൂട്ടക്ഷരങ്ങള്‍ പ്രത്യേകിച്ച് ചെണ്ട, ക്ഷീണം, പക്ഷെ, ഉണ്ട്, കണ്ടു എന്നിവ പഠിക്കാനാണ് ഈ പാഠം എന്നു പിന്നീട് മനസ്സിലായി.
തിരുവനന്തപുരത്ത് പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഉത്സവക്കാലത്ത് നാടകശാലയില്‍ നടക്കാറുണ്ടായിരുന്ന രാത്രി മുഴുവന്‍ നീളുമായിരുന്ന ഒറ്റക്കഥ കാണാന്‍ മാധവജിയും പി.രാമചന്ദ്രനുമൊരുമിച്ചു പോകാറുണ്ടായിരുന്നു. അവിടെ മലബാറിലെ പ്രശസ്ത കളിക്കാരെ ക്ഷണിക്കുന്ന പതിവുണ്ടായിരുന്നു. അവരില്‍ ചെണ്ടയിലെ മൂത്തമന നമ്പൂതിരിയെയും കലാമണ്ഡലം രാമന്കുട്ടിനായരേയും മാധവജി ചൂണ്ടിക്കാട്ടിത്തന്നു.
വടക്കന്‍ രീതിയും തെക്കന്‍ രീതിയും തമ്മില്‍ അവതരണത്തിലുള്ള വ്യത്യാസങ്ങളും മാധവജി പറഞ്ഞുതന്നു. എനിക്ക് മനസ്സിലാകാന്‍ അന്ന് അക്കാര്യം പ്രയാസമായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം ചെങ്ങന്നൂര്‍ രാമന്‍പിള്ളയുടേയും കലാമണ്ഡലം രാമന്‍കുട്ടിനായരുടേയും കത്തിവേഷങ്ങള്‍ ചങ്ങനാശ്ശേരിയില്‍ എന്‍എസ്എസ് കനകജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചു നടന്ന കഥകളി ഉത്സവങ്ങള്‍ക്കിടയില്‍ കാണാന്‍ കഴിഞ്ഞു. വ്യത്യാസം മനസ്സിലായെങ്കിലും അത് വിവരിക്കാന്‍ കഴിയുന്നില്ല.
1959 ല്‍ തലശ്ശേരിയില്‍ പ്രചാരകനായിരിക്കുന്ന കാലത്ത് അവിടത്തെ അഡ്വ.കെ.വി.ഗോപാലന് അടിയോടിയുടെ വീട്ടിലാണ് ഞാന്‍ താമസിച്ചത്. അദ്ദേഹം വടകര കോടതിയിലാണ് പോയിരുന്നത്. വടകര ബാര്‍ അസോസിയേഷന്റെ വാര്‍ഷികത്തോടനുബന്ധിച്ചുള്ള ചടങ്ങുകളില്‍ അദ്ദേഹം എന്നെയും കൊണ്ടുപോയി. സന്ധ്യക്കുശേഷം പുതുപ്പണത്തിനടുത്തുള്ള ഒരു ക്ഷേത്രത്തില്‍ കഥകളിയുണ്ടായിരുന്നു. ന്യായാധിപന്മാരും അഭിഭാഷകരും അടങ്ങിയ ചെറുതെങ്കിലും പ്രൗഢമായ സദസ്സ്. ബകവധത്തിലെയും കീചകവധത്തിലെയും ഭാഗങ്ങളാണ് അവിടെ ആടിയത്. ബകവധത്തില് പാണ്ഡവന്മാരെ വാരണാവതത്തില്നിന്ന് രക്ഷപ്പെടുത്താന്‍ വിദുരന്റെ നിര്‍ദ്ദേശപ്രകാരം തുരങ്കം നിര്‍മിക്കാന്‍ വരുന്ന ആശാരിയുടെ ഭാഗമാണ് ഒന്നാമത്തെ കളി. രാമന്‍കുട്ടി നായരായിരുന്നു ആശാരി. പണിയായുധങ്ങളായ ഉളി, കൊട്ടുവടി, മുഴക്കോല് മുതലായവയുടെ പെട്ടിയുമായി ഒരു നാടന്‍ ആശാരിയാണ് സദസ്സില്‍നിന്ന് അരങ്ങിലെത്തിയത്. പാണ്ഡവന്മാരും കുന്തിയും അരങ്ങിലുണ്ട്. പഴയകാലത്തെ താഴ്ന്ന ജാതിക്കാര്‍ കാട്ടുന്ന ആചാരോപചാര മര്യാദകളും രാജസന്നിധിയില്‍ പ്രവേശിക്കുമ്പോഴത്തെ പരിഭ്രമവും ശങ്കയുമെല്ലാം എത്രയും തന്മയത്വത്തോടെ അദ്ദേഹം അഭിനയിച്ചു. വിദുരരുടെ സന്ദേശം ധരിപ്പിച്ച് തുരങ്കത്തിന്റെ വലിപ്പം നിര്‍ണയിക്കാന്‍ നോക്കുമ്പോള്‍ ഭീമന്റെ ഉയരമാണ് പ്രശ്നമായത്. ആശാരിമുഴക്കോല് പൊക്കിപ്പിടിച്ച് ചാടിയിട്ടും എത്തുന്നില്ല. തുരങ്കം ഇടിഞ്ഞു വീഴാതെ താങ്ങിനിര്‍ത്താനുള്ള ശിലാന്തികള്ക്കായി മരം വെട്ടണം. മരം നോക്കി കാട്ടില്‍ നടന്നു. അപ്പോള്‍ ഒന്ന് മുറുക്കിയാല്‍ കൊള്ളാമെന്ന് തോന്നി വെറ്റിലയില്‍ നൂറുതേച്ചു. അടയ്ക്കാ ഉളികൊണ്ടുതന്നെ തൊണ്ടുകളഞ്ഞ് ഒരുക്കി നുറുക്കിയെടുത്തു. നുറുക്കുമ്പോള്‍ ഒരു കഷണം തെറിച്ചുപോയതും എടുത്തു. മരം വെട്ടുന്നതും അത് മറിയുമ്പോഴത്തെ കോലാഹലവുമൊക്കെ രാമന്‍കുട്ടി നായര്‍ കാട്ടിയത് ഇന്നും സജീവമായി മനസ്സിലുണ്ട്. അന്നുതോന്നിയ സംശയം ഇന്നും മാറിയിട്ടില്ല. നമ്മുടെ നാട്ടിലെ ആശാരിമാരുടേയും മരംവെട്ടുകാരുടേയും രീതികളും സ്വഭാവങ്ങളും സൂക്ഷ്മനിരീക്ഷണം നടത്തിയാണ് അദ്ദേഹം ആ ഭാഗം ചിട്ടപ്പെടുത്തിയതെന്ന് തീര്‍ച്ച. അതിനാല്‍ ആ ഭാഗം മനസ്സിലാക്കി ആസ്വദിക്കാന്‍ കഥകളിയുടെ സാങ്കേതികത മനസ്സിലാകാത്ത കേരളത്തിലെ ആര്‍ക്കും കഴിയും. എന്നാല്‍ സംഭവം നടന്നത് കേരളത്തിലല്ല. ഹസ്തിനപുരത്തും വാരണാവത്തിലുമായിരുന്നു അവിടുത്തെ ആശാരിമാരുടെ വേഷങ്ങളും ചേഷ്ടകളും ഈവിധത്തിലാണോ, ഇന്നത്തെ കാലത്തെങ്കിലും!
ഈ സംശയം ഞാന്‍ രാമന്‍കുട്ടിനായരുടെ സതീര്‍ത്ഥ്യനും പട്ടക്കാംതൊടിയുടെ ശിഷ്യനുമായിരുന്ന സി.ആര്.ആര്.നമ്പൂതിരി (അപ്പേട്ടന്)യോടു അന്വേഷിച്ചു. ഒരു നൂറ്റാണ്ടിനടുത്തു നീണ്ട ജീവിതം മുഴുവന്‍ കഥകളിക്കുവേണ്ടി ഉഴിഞ്ഞുവെച്ച ആളായിരുന്നല്ലോ അപ്പേട്ടന്. മൂവാറ്റുപുഴ താലൂക്കില്‍ ഹിന്ദുത്വ പ്രസ്ഥാനങ്ങളുടെ നെടുംതൂണ്പോലെ പ്രവര്‍ത്തിച്ച അദ്ദേഹം സാധാരണക്കാര്‍ക്ക് എളുപ്പം ആസ്വദിക്കുക എന്ന ധര്‍മമാണ് അവിടെ നോക്കേണ്ടത് എന്നുപറഞ്ഞു.
വടകരയിലെ രണ്ടാമത്തെ കഥ കീചകവധമായിരുന്നെന്ന് പറഞ്ഞുവല്ലൊ. കീചകന് കലാമണ്ഡലം കൃഷ്ണന് നായര്‍ ആയിരുന്നു. അദ്ദേഹത്തിന്റെ പച്ചവേഷവും കരി (നളന്) വേഷവും മാത്രമേ ഞാന്‍ മുമ്പുകണ്ടിരുന്നുള്ളൂ. ഒരിക്കല്‍ കുചേലന്റെ വേഷവും കണ്ടു. കത്തിവേഷം കണ്ടത് ആദ്യമായിരുന്നു. അതത്ര മികച്ചതായി എന്ന് അന്ന് തോന്നിയില്ല.
പിന്നീട് അഞ്ചാറുകൊല്ലങ്ങള്‍ക്കുശേഷം ഇരുവരെയും മാവേലിക്കര ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവക്കാലത്ത് കളിയരങ്ങില്‍ കാണാന്‍ അവസരമുണ്ടായി. 1966 ലാണെന്ന് തോന്നുന്നു, പുതിയതായി പ്രചാരകനായ കെ.പുരുഷോത്തമനെ മാവേലിക്കരയില്‍ കൊണ്ടുപോയി പരിചയപ്പെടുത്തുകയായിരുന്നു അന്നത്തെ യാത്രയുടെ ഉദ്ദേശ്യം. പുരുഷന് ചങ്ങനാശ്ശേരിയിലെത്തി ഞങ്ങള്‍ മാവേലിക്കര സ്റ്റേഷനില്‍ ഇറങ്ങി. അവിടത്തെ സംഘചാലകന് സി.ആര്.പരമേശ്വരന്‍നായരുടെ വീട്ടിലെത്തി. ശാഖയിലെ ചടങ്ങുകള്‍ക്കുശേഷം ക്ഷേത്രത്തില്‍ അന്ന് കഥകളിയുണ്ടെന്നറിഞ്ഞ് കാണാന്‍ പോയി.
സീതാസ്വയംവരമാണ് ഒരു കഥ. സ്വയംവരത്തിനുശേഷം അയോധ്യയിലേക്കുള്ള യാത്രയില്‍ പരശുരാമന് വരുന്ന ഭാഗമാണ് അവിടെ അവതരിപ്പിക്കുന്നത്. പരശുരാമന് കലാമണ്ഡലം കൃഷ്ണന് നായരായിരുന്നു. രാമന്‍കുട്ടിനായരുടെ പരശുരാമനെ കാണാന്‍ കാത്തിരുന്നവര്‍ക്ക് അത് ഇച്ഛാഭംഗമുണ്ടാക്കി എന്നാല്‍ കൃഷ്ണന് നായര്‍ ആ വേഷം തന്റെ മനോധര്മപ്രകാരം ഒന്നാന്തരമാക്കി. രണ്ടാമത്തെ കഥ ദുര്യോധനവധമായിരുന്നു. രാമന്‍കുട്ടിനായരുടെ രൗദ്രഭീമന്‍. അത് അത്യധികം തകര്‍പ്പനായി. നേരംവെളുത്തപ്പോഴാണ് ക്ഷേത്രത്തില്‍നിന്ന് സി.ആറിന്റെ വീട്ടിലെത്തിയതും ചങ്ങനാശ്ശേരിക്ക് മടങ്ങിയതും.
രാമന്‍കുട്ടി നായരുടെ രൗദ്രഭീമനെപ്പറ്റി ശ്രദ്ധേയമായ ഒരു അനുഭവമുണ്ടായത് അടല്‍ബിഹാരി വാജ്പേയിക്കാണ്. ജനതാ ഭരണകാലത്ത് വിദേശമന്ത്രിയായിരുന്ന അദ്ദേഹം, പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയെ വിദേശയാത്രകളില്‍ അനുഗമിക്കുമായിരുന്നു. ഇന്ദിരാഗാന്ധി തോറ്റുതുന്നം പാടിയശേഷം പുതിയ ഭരണം വന്നപ്പോള്‍ ലോകതലസ്ഥാനങ്ങളില്‍ നയതന്ത്ര ഭൂകമ്പം തന്നെയുണ്ടായി. അടല്‍ജിയുടെ ആരെയും ആകര്‍ഷിക്കുന്ന പെരുമാറ്റവും വ്യക്തിത്വവുമാണ് അന്ന് ഭാരതത്തിന്റെ അന്താരാഷ്ട്ര രംഗത്തെ അന്തസ്സ് പരിരക്ഷിച്ചത്.
അവര്‍ യൂറോപ്പിലെ ഒരു നഗരത്തില്‍ (ജെയിനെവയില്‍ ആണെന്ന് തോന്നുന്നു) ഉള്ള സമയത്ത് അവിടെ പര്യടനം നടത്തിയിരുന്ന കലാമണ്ഡലത്തിന്റെ കഥകളികാണാന്‍ പ്രോഗ്രാം ചെയ്തിരുന്നു. ദുര്യോധന വധത്തിലെ രൗദ്രഭീമന്റെ ആട്ടം കണ്ട് മൊറാര്‍ജിക്ക് വല്ലാത്ത വിമ്മിട്ടമുണ്ടായി. ദുശ്ശാസനന്റെ മാറുപിളര്‍ന്ന് ഭീമന്രക്തം കുടിക്കുന്ന രംഗം സഹിക്കാന്‍ കഴിയാതെ അദ്ദഹം എണീറ്റുപോയെന്ന് പിന്നീട് അടല്‍ജി കേരള സന്ദര്‍ശനത്തിനിടെ ബിജെപി പ്രവര്‍ത്തകരോട് പറഞ്ഞു. അഹിംസയുടേയും ഗാന്ധിജിയുടേയും നാട്ടില്‍ ഇത്ര ഘോരമായ വയലന്‍സ് പ്രദര്‍ശിപ്പിച്ചുകൂടാ എന്ന് അടല്‍ജിയും പറഞ്ഞു. അന്നത്തെ രൗദ്രഭീമന്‍ രാമന്‍കുട്ടി നായരായിരുന്നു.
ലോകമെങ്ങും ദൃശ്യകലയുടെ ക്ലാസിക്കല്‍ രംഗത്ത് ഖ്യാതി നേടിയ മഹാനടന് വിട പറഞ്ഞപ്പോള്‍, പഴയതലമുറയിലെ അവസാന കണ്ണിയും അറ്റുപോയി എന്നുതോന്നുന്നു. അവിടത്തെ വിടവ് അചിരേണ അടയുമെന്ന് പ്രതീക്ഷിക്കാം.
പി. നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: