നമുക്ക് ഓരോ കാര്യം ചെയ്യാനും ഇപ്പോള്‍ ഓരോ ദിനം വേണമെന്നായിരിക്കുന്നു. ഇല്ലെങ്കില്‍ അതൊന്നും നേരെ ചൊവ്വെ ചെയ്ത് തീര്‍ക്കാനാവില്ല. മുന്നൂറ്റി അറുപത്തഞ്ച് ദിവസങ്ങളിലേക്കായി നമ്മുടെ കടമകളും കര്‍ത്തവ്യങ്ങളും നാം നീക്കിവെച്ചിരിക്കുന്നു. മനുഷ്യായുസ്സ് കുറഞ്ഞുവരികയും ആധുനിക സംവിധാനങ്ങള്‍ക്ക് ആയുസ്സ് വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇമ്മാതിരി ഏര്‍പ്പാടുകള്‍ ആവശ്യം തന്നെ.
ഇത്തവണ, മാര്‍ച്ച് എട്ടിനായിരുന്നല്ലോ വനിതാദിനം. വനിതകളാണ് ലോകത്ത് ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്നതും കഷ്ടപ്പെടുന്നതും എന്നാണ് വെപ്പ്. ഒരു പരിധിവരെ അത് ശരിയാണുതാനും. എത്ര ഉന്നത സ്ഥാനം അലങ്കരിക്കാന്‍ വനിതകള്‍ക്ക് സാധിച്ചാലും അടിസ്ഥാനപരമായ ഒരു ദുര്‍ബലത അവരെ ചുഴന്നു നില്‍ക്കുന്നുണ്ട്. അത് മാറ്റാന്‍ അവര്‍ തന്നെയാണ് കാര്യമായി ശ്രമിക്കേണ്ടത്. മാധ്യമങ്ങളില്‍ വെണ്ടക്കയാകാനുള്ള ശ്രമമല്ല. സമൂഹത്തിന്റെ ഇഴയടുപ്പം ദൃഢമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍. ഝാന്സിറാണിയും ഉണ്ണിയാര്‍ച്ചയും സുഷമാസ്വരാജും മീരാകുമാറും സോണിയയും അഭിമാനപാത്രങ്ങളായി അവതരിപ്പിക്കുമ്പോഴും സാധാരണ വനിതകള്‍ തങ്ങളുടെ എക്കാലത്തെയും സ്വത്വം ദുര്‍ബലതയാണെന്ന് ധരിച്ചുവശായിപ്പോകുന്നു; അതാണ് മാറേണ്ടത്. ശേഷിച്ചവ വഴിയേ വന്നോളും.
ഇത്തവണത്തെ വനിതാ ദിനാഘോഷങ്ങളെക്കുറിച്ചുള്ള വര്‍ണശബളമായ റിപ്പോര്‍ട്ടുകളിലും ഫീച്ചറുകളിലും വേദനയും ആഹ്ലാദവും നിരീക്ഷണവും തുടങ്ങി പല പല വികാരങ്ങളും തുടിച്ചുനിന്നു. അതില്‍നിന്നൊക്കെ വേറിട്ടുനിന്ന ഒരു വാര്‍ത്തയായിരുന്നു മലയാള മനോരമ (മാര്‍ച്ച് 8)യില്‍ വന്നത്. വാത്സല്യത്തിന്റെയും സ്നേഹത്തിന്റെയും പൂര്ണചന്ദ്രികയായ സല്മമുഹമ്മദ് എന്ന 70 കാരിയെക്കുറിച്ചാണ് സ്വന്തം ലേഖകന്‍ മൂവാറ്റുപുഴയില്‍നിന്ന് എഴുതിയിരിക്കുന്നത്. മക്കള്‍ പത്ത്; മാതാവ് തെരുവില്‍ എന്ന വാര്‍ത്ത വാസ്തവത്തില്‍ കണ്ണീരക്ഷരങ്ങളുടെ മൗനജാഥയാണ്. മക്കളുടെ ക്രൂരത പൊള്ളിച്ച വടുക്കളുമായി ആലംബമറ്റ് തെരുവില്‍ അലയുന്ന ആ അമ്മയുടെ ചിത്രം ഒരുവിധപ്പെട്ടവരുടെയൊക്കെ നെഞ്ചില്‍ തീക്കുടുക്കയായി കാലാകാലം നിലനില്ക്കും. റിപ്പോര്‍ട്ടിലേക്ക്: പത്തുമക്കളെ നൊന്തുപെറ്റ ഈയമ്മയ്ക്ക് വനിതാദിനത്തില്‍ തലചായ്ക്കാനുള്ളത് പോലീസ് സ്റ്റേഷന്. മക്കളെല്ലാം കയ്യൊഴിഞ്ഞ് തെരുവിലേക്കിറക്കിവിട്ടപ്പോള് താങ്ങായത് മൂവാറ്റുപുഴയിലെ വൃദ്ധസദനമായിരുന്നു. എന്നാല്‍, ഇതിന്റെ നടത്തിപ്പുകാരനെ സല്‍മയുടെ മകന് ആക്രമിച്ചു; ഭീഷണിപ്പെടുത്തി. അതോടെ നടത്തിപ്പുകാരനും കയ്യൊഴിഞ്ഞു. ഇന്നലെ വീണ്ടും തെരുവിലായി. അവിടെ നിന്നാണ് സ്റ്റേഷനിലെത്തിയത്. വനിതാ ദിനത്തില്‍ സ്ത്രീകളുടെ സംരക്ഷണത്തിനായി നാട്ടിലെങ്ങും ചര്‍ച്ചകളും പരിപാടികളും അരങ്ങേറുമ്പോള്‍ എഴുന്നേറ്റു നില്ക്കാന് ആവതില്ലാത്ത ഒരമ്മ ജീവിതത്തിലെ സായാഹ്നനാളുകളിലൊന്ന് പോലീസ് സ്റ്റേഷനില്‍ തള്ളിനീക്കുകയാണ്. മാതാവിനെ തങ്ങള്‍ക്കുവേണ്ട എന്ന മക്കളുടെ നിലപാടാണ് കാരണം. അണുകുടുംബത്തിന്റെ ആത്മഹത്യാപരമായ നിലപാടെന്നോ, മേറ്റ്ന്ത് ചെയ്യാന്‍ എന്ന ശിഖണ്ഡിന്യായമോ ഒക്കെ പറഞ്ഞ് നമുക്ക് ഏതെങ്കിലും കള്ളിയിലേക്ക് സല്‍മ മുഹമ്മദിനെ നീക്കിനിര്‍ത്താം. പൊള്ളിപ്പിടയുന്ന ആ മാതൃവാത്സല്യത്തിന് ഇത്തിരി സാന്ത്വനം നല്കാന് ആര്‍ക്ക് കഴിയും. വനിതാദിനത്തിലെ എല്ലാ കെട്ടുകാഴ്ചകള്‍ക്കും മുമ്പില്‍ ആ അമ്മ നൊമ്പരപ്പെടുത്തുന്ന ഒരു ചോദ്യചിഹ്നമായി നില്ക്കുന്നു.
യുദ്ധം കണ്ടവരുടെ മനോഭാവം വേറെ, വായിച്ചവരുടേത് വേറെ. ലോക പ്രശസ്ത യുദ്ധകാര്യലേഖകന്‍ റോബര്‍ട്ട് ഫിസ്കിന് യുദ്ധം കാണുമ്പോഴുള്ള മനോഗതികള്‍ മറ്റൊരു തരത്തിലാണ്. യുദ്ധമില്ലാത്ത കാലത്തെക്കുറിച്ച് മനോഹരമായി സ്വപ്നം കാണാന്‍ കഴിയുമെങ്കിലും ഇനിയുള്ള കാലം യുദ്ധം മാത്രമേ നമ്മുടെ മുമ്പിലുണ്ടാവൂ. ലോകത്തിന്റെ ഗതി അത്തരത്തിലാണ്. അങ്ങനെ റോബര്ട്ട്ഫിസ്ക് യുദ്ധം കണ്ടതിനെക്കുറിച്ച്, റിപ്പോര്‍ട്ട് ചെയ്തതിനെക്കുറിച്ചാണ് ഇത്തവണത്തെ മാതൃഭൂമി (മാര്‍ച്ച്15-23) ആഴ്ചപ്പതിപ്പ് എഴുതുന്നത്. ഭീകരവിരുദ്ധ യുദ്ധം പടിഞ്ഞാറിന്റെ പുതിയ തന്ത്രം എന്നാണ് തലക്കെട്ട്. ഇന്‍ഡിപെന്‍ഡന്‍സില്‍ വന്നതിന്റെ മൊഴിമാറ്റമാണിത്. ഭീകരതയില്‍ സര്‍വവും സമര്‍പ്പിച്ചിരിക്കുന്ന പ്രസ്ഥാനങ്ങളുടെ ക്രൗര്യം വെള്ളപൂശി അതിനെ മറ്റൊരു രീതിയില്‍ അവതരിപ്പിക്കുകയാണ് ഫിസ്ക്. എന്നുവെച്ചാല്‍ അല്‍ഖായിദ ഉള്‍പ്പെടെയുള്ള സംഘങ്ങള്‍ ചെയ്യുന്നതൊക്കെ നമുക്കു രുചിക്കാത്ത ശരികളാണെന്ന്.
ഒന്നുകൂടി വിശദമാക്കിയാല്‍ അത്തരക്കാരുടെ ശരികളിലേക്ക് നമ്മുടെ ചിന്താഗതി വളര്‍ന്നിട്ടില്ലെന്ന്! ഇത്തരം ഫിസ്കുമാര് നമ്മുടെ നാട്ടിലും ധാരാളം കാണും. അവര്‍ക്ക് ശമ്പളമായും കിമ്പളമായും സൗജന്യങ്ങളായും പലതും കിട്ടുന്നത് എവിടെ നിന്നാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഫിസ്കിന്റെ കുറിപ്പ് ഒരു കണക്കിന് തട്ടിയും മുട്ടിയും മൊഴിമാറ്റിയ കുഞ്ഞികൃഷ്ണന് സ്വര്‍ഗത്തില്‍ തീര്‍ച്ചയായും സ്ഥാനം കിട്ടും. ഭൂമിയില്‍ കിട്ടാത്ത സുഖം മേപ്പടി സ്ഥലത്ത് കിട്ടുമെന്നാണല്ലോ തല്‍പ്പരകക്ഷികളുടെ വാഗ്ദാനം.
ചില യുദ്ധങ്ങള്‍ മനുഷ്യരാശിയുടെ നന്മ ലാക്കാക്കുന്നുവെന്ന് പറയാമോ എന്നറിയില്ല. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ വിരുദ്ധയുദ്ധം ഒരുതരത്തില്‍ പറഞ്ഞാല്‍ അങ്ങനെയാണ്. മനുഷ്യത്വം മരവിച്ച ഭരണകൂടങ്ങളുടെ കണ്ണുതുറപ്പിക്കാനുള്ള യുദ്ധമാണത്. ചരിത്രമെഴുതാന്‍ വരട്ടെ; സമരം തുടരുകയാണ് എന്ന ഇ. ഉണ്ണികൃഷ്ണന്റെ വാര്ത്താഫീച്ചറും അഞ്ചുവര്‍ഷംകൊണ്ട് ഈ ഇരകള്‍ മരിച്ചുതീരില്ല എന്ന എം. സുല്‍ഫത്തിന്റെ നിരീക്ഷണവും അതിന് വഴിവെച്ചെങ്കില്‍ എന്നേ നമുക്കു പ്രാര്‍ത്ഥിക്കാനാവൂ. ജീവച്ഛവങ്ങളായി നമുക്കു മുമ്പില്‍ ഇഴഞ്ഞു ജീവിക്കുന്നവരുടെ ഉള്ളുലയ്ക്കുന്ന വിവരങ്ങള്‍ രണ്ടിലുമുണ്ട്. എന്‍ഡോസള്‍ഫാനെതിരെ അക്ഷരയുദ്ധം നടത്തുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പ്രവര്‍ത്തനത്തില്‍ ഇത്തിരി ആത്മാര്‍ത്ഥതയുണ്ട് എന്ന് വ്യക്തമാക്കുന്നു ഇവ.
സ്നേഹത്തിലും സ്വാര്‍ത്ഥതയുടെ ശലാകകള്‍ സൂക്ഷിച്ചുനോക്കിയാല്‍ കാണാം. ഒരു പക്ഷേ, അതിനാരും ശ്രമിക്കാറില്ല എന്നത് വേറെ കാര്യം. നമ്മുടെ ഒരു സുഹൃത്ത് പോലീസ് സ്റ്റേഷനില്‍, അല്ലെങ്കില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍, അതുമല്ലെങ്കില്‍ ഉത്തരവാദപ്പെട്ട ഏതെങ്കിലും സ്ഥലത്തുണ്ടെങ്കില്‍ എന്തൊക്കെ തരപ്പെടുത്തിയെടുക്കാം എന്നു ചിന്തിച്ചിട്ടുണ്ടോ? സ്വന്തം ജീവിതത്തിലെ സ്വാര്‍ത്ഥതയെ തൃപ്തിപ്പെടുത്താനുള്ള അവസരമായി ഇതൊക്കെ ഉപയോഗിക്കും.
നരേന്ദ്രമോദി രാത്രി കാവല്ക്കാരന് എന്ന് മന്മോഹനെ വിശേഷിപ്പിച്ചുവല്ലോ. വാസ്തവത്തില്‍ ടിയാന് ഒരു കാവല്ക്കാരനേ അല്ല. അഥവാ ആണെങ്കില്‍ നമുക്കു സുപരിചിതമായ ഉറക്കം തൂങ്ങുന്ന കാവല്‍ക്കാരനാണ്. നമ്മുടെ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കൊലയാളികളെ രായ്ക്കുരാമാനം ഇറ്റലിയിലേക്കയച്ച വിദ്വാന് അങ്ങനെ തോന്നാന്‍ കാരണമെന്താണെന്നാലോചിച്ചിട്ടുണ്ടോ? ഇവിടെയാണ് നേരത്തെ സൂചിപ്പിച്ച സ്നേഹത്തിന്റെ സ്ഥാനം. ഒരു പഞ്ചായത്തംഗം പോലുമാകാന്‍ കഴിയാത്ത വ്യക്തി ഇക്കാണായ മഹാരാജ്യത്തിന്റെ കൈകാര്യകര്‍ത്താവായി മാറാന്‍ കാരണമെന്താ? സോണിയ മെയ്നോ എന്ന സ്നേഹസമ്പന്നയുടെ ഹൃദയത്തില്‍ മന്മോഹന് സ്ഥാനമുള്ളതുകൊണ്ടുതന്നെ. അങ്ങനെയിരിക്കെ മാഡത്തിന്റെ നാട്ടുകാരെ വിഷമിപ്പിക്കാന്‍ അദ്യം തയ്യാറാവുമോ? നമുക്കു മുമ്പില്‍ വീരവാദം ഉയര്‍ത്തുമെങ്കിലും അകത്തളത്തിലെത്തിയാല്‍ മുട്ടുവിറച്ച് ആ കാലടിമേല് സ്വാസ്ഥ്യം കൊള്ളുകയത്രേ കരണീയം. എന്തിനാ ഇതൊക്കെ പറയുന്നത്. ഒരു വരിപോലും എഴുതാതെ ഗോപീകൃഷ്ണന് മാതൃഭൂമി (മാര്‍ച്ച് 14)യില്‍ വരച്ചിട്ടിരിക്കുകയല്ലേ. ഹൃദയം തുറന്ന് ചിരിക്കാനും ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ആ വരകള്‍ തന്നെ ധാരാളം.
ഒരു സ്വപ്നത്തിന്റെ ഇരയായിരുന്നു കഴിവുറ്റ ആ ചെറുപ്പക്കാരന്. മഞ്ഞുപാളിയില്‍ സൂര്യവെളിച്ചം തട്ടി പ്രതിഫലിക്കുന്ന സ്വര്‍ഗസമാനമായ വര്‍ണങ്ങള്‍ കൂട്ടിവെച്ച് വലനെയ്തു അയാള്‍. സ്നേഹസമ്പന്നമായ ആ വലയില്‍ ഭാവിയുടെ കളിക്കോപ്പുകള്വെച്ച് നിരന്തരം കളിച്ചുകൊണ്ടിരുന്നു. കൃതഹസ്തനായ ആ പത്രപ്രവര്ത്തകന് ഓരോ വിഷുക്കാലത്തും സുഹൃത്തുക്കളുടെയും രക്ഷിതാക്കളുടെയും നൊമ്പരമാണ്. 2012 ലെ വിഷുപ്പുലരിക്കു തൊട്ടുമുമ്പ് മാലാഖമാര്‍ വിശുദ്ധമായ കൈക്കുടന്നയില്‍ ആ പ്രകാശത്തെ കോരിയെടുത്ത് അവരുടെ സാമ്രാജ്യത്തിലേക്ക് കൊണ്ടുപോയി. അസൂയാര്‍ഹമാംവിധം പത്രപ്രവര്‍ത്തനത്തില്‍ ജ്വലിച്ചുയരുന്ന വേളയിലാണ് ചാലക്കുടിക്കാരനായ രഘുറാം എന്ന 24 കാരന് നമുക്കുമുമ്പില്നിന്ന് പറന്നുപോയത്. കവിതയും സിനിമയും വാര്‍ത്തയും പൊതുപ്രവര്‍ത്തനവും എല്ലാം നിറഞ്ഞ ലോകത്തിന്റെ വിഹ്വലതകളില്‍നിന്ന് രഘുറാം പോയെങ്കിലും അയാള്‍ കുറിച്ചിട്ട അക്ഷരങ്ങള്‍ക്ക് പുസ്തകരൂപം വരികയാണ്. മരണത്തോട് ആഭിമുഖ്യം പുലര്‍ത്തിയോ എന്നു തോന്നുമാറുള്ള കവിതകള്‍ നിരന്തരം എഴുതിയിരുന്നു രഘു. പ്ലസ് ടു വിദ്യാര്‍ത്ഥിയായിരിക്കേ റിയര്‍വ്യൂ എന്ന ഹ്രസ്വചിത്രം എഴുതി സംവിധാനം ചെയ്തു അയാള്‍. അതിലെ നായകന് കഥാന്ത്യത്തില്‍ വാഹനാപകടത്തില്‍ മരിക്കുകയാണ്. അത് അറംപറ്റിയതുപോലെയായി. കോഴിക്കോട് ഇന്‍ഡ്യന്‍ എക്സ്പ്രസില്‍ ട്രെയിനിയായിരിക്കുമ്പോള്‍, വിഷുത്തലേന്ന് ചാലക്കുടിയിലേക്കുള്ള ബൈക്ക് യാത്രയാണ് വര്ണസ്വപ്നങ്ങള് തകര്‍ത്തെറിഞ്ഞത്. രഘുറാം പലപ്പോഴായി എഴുതിയ കവിതകളും മറ്റും സമാഹരിച്ച് കൂട്ടുകാര്‍ പുസ്തകമാക്കിയിരിക്കുകയാണ്. വിക്റ്റിം ഒഫ് ഡ്രീം എന്ന പേരും നല്കി. കഴിഞ്ഞ ദിവസം, രഘുറാം പഠിച്ച കാലടി ശങ്കര കോളജില്‍ പുസ്തകത്തിന്റെ പ്രകാശനം നടന്നു. പ്രകാശപൂരിതമായ ഹ്രസ്വജീവിതം ഒരുപാടു പേര്‍ക്ക് പ്രകാശമായി നിലനില്ക്കും. ഗുഡ് ബൈ ഗ്രേറ്റ് ഫ്രന്‍ഡ്!
തൊട്ടുകൂട്ടാന്‍
ഫോര്വണ്ഡേ ഐവില്‍ ലീവ്
ആന്‍ഡ് ഡൈ ബൈ ദ നൈറ്റ്,
മൈ ഹിറ്റ് വില്‍ ക്രിയേറ്റ് ഫ്യൂംസ്,
ഓവര്‍ ദ ഷാലോ റിവര്‍
ദ ഫ്യൂംസ് വില്‍ ഫേഡ് ഇന്‍
ദ ഈവനിങ് നൈറ്റ്
ആന്‍ഡ് വില്‍ ഡൈ ബൈ ദ നൈറ്റ്…
രഘുറാം. ആര്.
കവിത: വിക്ടിം ഒഫ് എ ഡ്രീം
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: