“നിങ്ങള്‍ നല്കിയ ഊഷ്മളവും ഹൃദ്യവുമായ സ്വീകരണത്തിന് നന്ദി പറയാന്‍ പറ്റാത്തവിധം എന്റെ ഹൃദയം ആഹ്ലാദത്തിമിര്‍പ്പിലാണ്. ലോകത്തെ ഏറ്റവും പൗരാണികമായ ഋഷിപരമ്പരയുടെ പേരില്‍, ഞാന്‍ നന്ദി പറയട്ടെ. വിവിധ വര്‍ഗങ്ങളിലും വിഭാഗങ്ങളിലുമുള്ള ലക്ഷോപലക്ഷം ഹിന്ദുക്കളുടെ പേരില്‍ ഞാന്‍ നന്ദി പറയട്ടെ”
അമേരിക്കയിലെ സഹോദരീസഹോദരന്മാരെ എന്ന് സംബോധന ചെയ്തുകൊണ്ട് 1893 സപ്തംബര്‍ 11ന് ചിക്കാഗോയില്‍ മുഴങ്ങിയ സ്വാമി വിവേകാനന്ദന്റെ സ്വരം കര്ണപുടങ്ങളില് മാറ്റൊലിക്കൊള്ളും. അതേ ഗാംഭീര്യത്തില്‍. അതേ ഭാവത്തില്‍. സ്വാമി വിവേകാനന്ദന് ഇതാ തൊട്ടുമുന്നില്‍നിന്ന് സംസാരിക്കുന്നു.
ചിക്കാഗോയില്‍ സ്യൂട്ടുകളില്‍ പൊതിഞ്ഞ ആശയപ്രതീകങ്ങള്‍ക്ക് നടുവില്‍നിന്ന് കാവി ധരിച്ച യോഗി ചെയ്ത അഭിസംബോധനയുടെ ശക്തി നേരിട്ടനുഭവിക്കാം. ദല്‍ഹിയിലെ ശ്രീരാമക്ഷ്ണാശ്രമത്തില്‍ ഒരുക്കിയിരിക്കുന്ന അത്യാധുനിക മ്യൂസിയത്തിലാണ് ചിക്കാഗോപ്രസംഗം പുനരാവിഷ്കരിച്ചിരിക്കുന്നത്. ത്രിമാന സംവിധാനത്തില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതിനാല്‍ യഥാര്‍ത്ഥ വിവേകാനന്ദന്‍നിന്ന് സംസാരിക്കുന്നതുപോലെ അനുഭവപ്പടും. സ്വാമിജിയുടെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ലക്ഷങ്ങള്‍ ചെലവിട്ടൊരുക്കിയിരിക്കുന്ന മ്യൂസിയം ദലൈലാമയാണ് രാജ്യത്തിനായി തുറന്നുകൊടുത്തത്.
കമ്പ്യൂട്ടര്‍ യുഗത്തിലെ പുതിയ തലമുറയെ ലക്ഷ്യംവെച്ച് ഗ്രാഫിക്സുകളുടേയും മള്‍ട്ടി ടച്ച് ഡിജിറ്റല്‍ ഡിസ്പ്ലേകളുടേയും ഇലക്ട്രോണിക് ഫ്ലിപ്പ് ബുക്കുകളുടേയും ഡയോരാമാസുകളുടേയും സഹായത്തോടെ തയ്യാറാക്കിയിരിക്കുന്ന അത്യാധുനിക മ്യൂസിയം രാജ്യത്ത് തന്നെ ആദ്യത്തേതാണ്. കലയും സാങ്കേതികതയും ഒത്തുചേര്‍ന്നിരിക്കുന്ന അല്‍ഭുതകരമായ ഒരു കാഴ്ചയാണ് മ്യൂസിയം പ്രദാനം ചെയ്യുന്നത്. പ്രസംഗം മാത്രമല്ല, നരേന്ദ്രനായുള്ള കല്‍ക്കട്ടയിലെ ജനനം മുതല്‍ സ്വാമി വിവേകാനന്ദനായി സമാധിയാകും വരെ പിന്നിട്ട ഒരോ ഘട്ടങ്ങളും നേരിട്ട പ്രതിസന്ധികളും ദൃശ്യ സാങ്കേതികയുടേയും അത്യാധുനിക കമ്പ്യൂട്ടര്‍ സംവിധാനങ്ങളിലൂടെയും എളുപ്പത്തില്‍ വിവരിക്കുന്നു.
ഈശ്വരനെ തേടിയുള്ള സന്യാസിയുടെ യാത്ര പരാമര്‍ശിക്കുന്നിടത്ത് സ്വാമിജി സഞ്ചരിച്ച മുഴുവന്‍ സ്ഥലങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ലഭിക്കും. കന്യാകുമാരിയെക്കുറിച്ചുള്ള പ്രദര്‍ശനത്തില്‍നിന്ന് അദ്ദേഹത്തിന്റെ ഷിക്കോഗോയിലേക്കുള്ള അദ്യ യാത്രയുടെ പ്രചോദനവും സന്ദര്‍ഭങ്ങളും വിവരിക്കുന്നു. വിവേകാനന്ദന്റെ ജീവിതത്തില്‍ കേരളത്തിന്റെ പങ്കും ഇവിടെ നന്നായി വിവരിക്കുന്നു.
സ്വാമിജിയുടെ ഷിക്കാ ഗോ പ്രസംഗം നേരിട്ട് അനുഭവിക്കുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയിട്ടുള്ള ത്രിമാന ചിത്രമാണ് ഏറ്റവും ശ്രദ്ധേയം. തിയറ്ററിന്റെ മുമ്പില്‍ ഇരുവശങ്ങളിലായും സ്വാമിജിയുടെ ജീവന് തുളുമ്പുന്ന പ്രതിമകളാണ് നമ്മെ വരവേല്‍ക്കുന്നത്. ആത്മീയത തേടിയലയുമ്പോഴത്തെ ചിത്രവും ആത്മീയ ഗുരുവായി മാറിയശേഷമുള്ള ചിത്രവും. 1893 ലെ സര്‍വമത സമ്മേളന സ്ഥലത്തെ കാഴ്ച്ചകളും മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. 15 മിനിറ്റാണ് ത്രിമാന ചിത്രം.
അദ്ദേഹത്തിന്റെ വചനങ്ങളുടെ ഡിജിറ്റല്‍ ഡിസ്പ്ലേ കൊണ്ടാണ് പ്രദര്‍ശനശാല അലങ്കരിച്ചിട്ടുള്ളത്. സ്വാമിജിയുടെ ബാല്യം, കൗമാരം അത്മീയതയിലേക്കുള്ള ആദ്യ ചുവടുവയ്പ്പ്, ഗുരു ശ്രീ രാമകൃഷ്ണ പരമഹംസരുമായുള്ള ഉദ്ബോധന ക്ലാസുകള്‍, പരസ്പര ബന്ധങ്ങള്‍ സൂചിപ്പിക്കുന്ന ചരിത്രപരമായ നിമിഷങ്ങള്‍, സാധുക്കള്‍ക്ക് വേണ്ടി സ്വാമിജി മാറ്റിവച്ച സന്ദര്‍ഭങ്ങളും പൊഴിച്ച കണ്ണുനീര് തുള്ളികളും അങ്ങനെ വേണ്ട സ്വാമിജിയുടെ ഒരോ സായാഹ്നവും നൂതന ആവിഷ്കാരത്തോടെ ഒപ്പിയെടുത്തിട്ടുണ്ട് ഈ മ്യൂസിയത്തില്‍. സ്വാമിജിയുടെ വചനങ്ങള്‍ കേള്‍ക്കാനും സ്വാമിജിയുടെ അവതാരലക്ഷ്യവും ജീവിതവും മനസ്സിലാക്കാനുമുള്ള സുവര്‍ണാവസരമാകുമിത്.
തീര്‍ന്നില്ല. സ്വാമിജിയുടെ ജീവിതത്തെ ആസ്പദമാക്കിയും നമ്മുടെ ജീവിതത്തെക്കുറിച്ചുമുള്ള കമ്പ്യൂട്ടറൈസ്ഡ് ചോദ്യോത്തര വേളകളും സജീവമായി ഇവിടെയുണ്ട്.
യേശു ക്രിസ്തു പണക്കാരുമൊത്ത് വീഞ്ഞ് കഴിച്ചിരുന്നില്ല…നാഥന് പണക്കാരുടെ ജീവിത ശൈലി അനുകരിച്ചിരുന്നില്ല…പിന്നെയെങ്ങനെ അതൊക്കെ ചെയ്യുന്ന മിഷണറിമാരെ യഥാര്‍ത്ഥ ക്രൈസ്തവരായി കാണാന്‍ കഴിയും?..
മതപരിവര്‍ത്തനം ലക്ഷ്യമാക്കി ഇന്ത്യയിലെത്തുന്ന മിഷണറിമാരെക്കുറിച്ചുള്ള സ്വാമിജിയുടെ കാഴ്ച്ചപ്പാട് മ്യൂസിയത്തില്‍ ഒരുക്കിയിട്ടുള്ള ചോദ്യോത്തര വിഭാഗത്തില്‍നിന്നാണ് ലഭിച്ചത്. അതുപോലെ, ആത്മീയ യാത്രയ്ക്കിടയില്‍ സ്വാമിജിയോട് ചോദിച്ചിട്ടുള്ള എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള സ്വാമിജിയുടെ ഉത്തരവും ഇവിടെ കരുതി വച്ചിരിക്കുന്നു.
സ്വാമി വിവേകാനന്ദന് ഇല്ലാതായി എത്ര പതിറ്റാണ്ടുകള്‍ കഴിഞ്ഞാലും അദ്ദേഹത്തിന്റെ ഉദ്ധരണികളും വീക്ഷണങ്ങളും എന്നും പുതുമയുള്ളതായിരിക്കുമെന്ന് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു പറഞ്ഞിട്ടുണ്ട്. ആ പുതുമയെ ആധുനിക വല്ക്കരിക്കുകയാണ് യോജിപ്പിന്റെ പ്രവാചകന് എന്നു പേരിട്ടിരിക്കുന്ന പ്രദര്‍ശനം.
ശനി, ഞായര്‍ ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്കായി മ്യൂസിയത്തില്‍ പ്രദര്‍ശനം ഉണ്ടാകും. ഇപ്പോഴത്തെ തലമുറയ്ക്ക്് സ്വാമിജിയെപ്പറ്റി മനസ്സിലാക്കേണ്ടതിന്റെ ആവശ്യമുണ്ടെന്ന് തോന്നി. സ്വാമിജിയുടെ ജീവിതവും ചരിത്രവും അവര്‍ക്ക് പ്രചോദനവും ഗുണകരമാവും. നാട്ടിലെ തിന്മ ഇല്ലാതാക്കാന്‍ ബുദ്ധിമുട്ടില്ലാത്ത ഒരു കാര്യം മാത്രമേ ഞങ്ങള്‍ ചെയ്്തുള്ളു. രാമകൃഷ്ണ മിഷന് സെക്രട്ടറി സ്വാമി ശാന്താത്മാനന്ദ പറഞ്ഞു.
ലക്ഷ്മി രഞ്ജിത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: