മന്ത്രദ്രഷ്ടാക്കളായ, ആശയദര്ശികളായ ഭാരതീയ ഋഷിമാര്‍ക്കും സത്യം കൈവുന്നു; ഭാവിയിലുള്ളവര്‍ക്കും അത് കൈവരും. പ്രഭാഷണക്കാര്ക്കും, ഗ്രന്ഥമുരുക്കഴിക്കുന്നവര്ക്കും പണ്ഡിതന്മാര്ക്കും ഭാഷാശാസ്ത്രജ്ഞന്മാര്ക്കുമല്ല, ആശയദര്ശികള്ക്കാണ് സത്യം കൈവരുന്നത്. ഏറിയ പ്രവചനത്തിലൂടെയോ, അത്യുത്കൃഷ്ടമായ മേധയിലൂടെയോ മതഗ്രനഥങ്ങളിലൂടെയോ അല്ല ആത്മപ്രാപ്തി ഉണ്ടാകുന്നത്. ഇങ്ങനെ പറയുന്നത് മതഗ്രന്ഥങ്ങള്‍ തന്നെയാണ്. ഇത്ര ധീരമായ ഒരു പ്രമേയം വേദാദ്ധ്യായനത്തിലൂടെപോലും ആത്മപ്രാപ്തി ലഭ്യമല്ലെന്ന പ്രമേയം – മറ്റേതെങ്കിലും മതഗ്രന്ഥങ്ങളില്‍ കാണാനുണ്ടോ? ഹൃദയം തുറക്കണം.
പള്ളിയില്‍ പോകലോ, നെറ്റിക്കുറിയിടലോ, ഒരു സവിശേഷമട്ടില്‍ ആണയിടലോ അല്ല മതം. മാരിവില്ലിന്റെ നിറങ്ങളെല്ലാം സ്വയം പൂശിക്കൊള്ളൂ. പക്ഷേ ഹൃദയം തുറന്നില്ലെങ്കില്‍, ഈശ്വരനെ സാക്ഷാത്കരിച്ചില്ലെങ്കില്‍ അതൊക്കെ വ്യര്‍ത്ഥം. ഒരുവന് ഹൃദയത്തിന്റെ നിറം വന്നുകഴിഞ്ഞാല്‍പ്പിന്നെ മറ്റ് ബാഹ്യവര്ണങ്ങളൊന്നും വേണ്ട. അതാണ് വാസ്തവനായ മതാനുഭൂതി. നിറങ്ങളും മറ്റും നമ്മെ തുണയ്ക്കുന്ന നിലയില്‍ നന്നെന്ന കാര്യം മറക്കരുത്. അത്രത്തോളം അവയ്ക്ക് സ്വാഗതം നല്‍കണം. എന്നാല്‍ അവ അധഃപതിപ്പിക്കാനിടയുണ്ട്. തുണയ്ക്കുന്നതിന് പകരം അവ തടഞ്ഞേക്കും. ബാഹ്യമായ ചടങ്ങുകളും മതവും ഒന്നാണെന്ന് കരുതിയേക്കും.
ആദ്ധ്യാത്മികജീവിതം ക്ഷേത്രത്തില്‍ പോകുന്നതിന് മാത്രമായിത്തീരുന്നു. മതജീവിതം പുരോഹിതന്മാര്ക്ക് ദക്ഷിണ നല്കുന്നതുമാത്രമായിത്തീരുന്നു. ഇതൊക്കെ അപായമയവും ദോഷബഹുലവുമാണ്; ഉടനടി തടയപ്പെടേണ്ടവയാണ്. ബാഹ്യേന്ദ്രിയങ്ങള്‍ നല്കുന്ന ജ്ഞാനം പോലും മതമല്ലെന്ന് നമ്മുടെ മതഗ്രന്ഥങ്ങള്‍ കൂടെക്കൂടെ വിളിച്ചുപറയുന്നുണ്ട്. കൂടസ്ഥമായ ഒന്നിനെ അനുഭവത്തില്‍ കൊണ്ടുവരുന്നതെന്തോ അതാണ് മതം. ഒരോരുത്തനുമുള്ള മതം അതാണ്. പരമസത്യം സാക്ഷാത്കരിക്കുന്നവന്‍, സ്വഭാവത്തില്‍ ആത്മാവിനെ സാക്ഷാത്കരിക്കുന്നവന്‍, ഈശ്വരനെ മുഖത്തോടുമുഖം കാണുന്നവന്. ഓരോ വസ്തുവിലും ഈശ്വരനെ മാത്രം കാണുന്നവന്, ഋഷിയായിരിക്കുന്നു. ഋഷിയാകാത്തിടത്തോളം കാലം നിങ്ങള്‍ക്ക് മതജീവിതം എന്നൊന്നില്ല. അപ്പോഴേ നിങ്ങളുടെ മതം തുടങ്ങൂ. ഇപ്പോള്‍ നിങ്ങള്‍ ബുദ്ധിക്കസര്ത്തുകളും ശാരീരിക പീഡനങ്ങളുംകൂടി കടന്നുപോവുകമാത്രമാണ്.
– സ്വാമിവിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: