ജയ്പ്പൂര്‍: ബംഗ്ലാദേശില്‍നിന്നുള്ള നുഴഞ്ഞുകയറ്റം ഹിന്ദുക്കള്‍ക്ക് വന്‍ ഭീഷണിയാണെന്ന് ആര് എസ് എസ്. വ്യാപക നുഴഞ്ഞുകയറ്റത്തിനു പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും ഇവിടെ നടക്കുന്ന അഖില ഭാരതീയ പ്രതിനിധി സഭയില്‍ സര്‍ക്കാര്യവാഹ് സുരേഷ് ജോഷി അവതരിപ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വാതന്ത്ര്യ കാലഘട്ടംമുതല്‍ തുടരുന്ന ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത നുഴഞ്ഞുകയറ്റം നിര്‍ണ്ണായക അവസ്ഥയിലായിരിക്കുകയാണ്.
തൊഴില്‍തേടി നുഴഞ്ഞുകയറിയ ബംഗ്ലാദേശ് പൗരന്മാര് ഇപ്പോള്‍ അധികാരത്തിന്റെ സ്വാധീനകേന്ദ്രങ്ങള്‍ ഉണ്ടാക്കി സമാധാന അന്തരീക്ഷം തകര്‍ക്കുകയും നിയമവിരുദ്ധമായി പൗരത്വം നേടുകയുമാണ്. ഇത് ജനസംഖ്യാനുപാതം തകര്‍ക്കുന്നതിനു പുറമെ മേഖലയിലെ ഹിന്ദുക്കള്‍ക്ക് വലിയ ഭീഷണിയുമാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അടുത്തകാലത്ത് വടക്കു കിഴക്കന്‍ മേഖലയിലുണ്ടായ പ്രശ്നങ്ങള്‍ക്ക് പിന്നില്‍ ആസൂത്രിത ഗൂഢാലോചനയുണ്ടെന്ന് ആരോപിക്കുന്ന റിപ്പോര്‍ട്ടില്‍ ഇതിന് രാജ്യത്തുള്ള ചില ശക്തികള്‍ ഒത്താശ ചെയ്തത് ദുരന്തമാണെന്നും പറയുന്നു.
ആസാമില്‍ ഉണ്ടായ കലാപത്തെ വെറുമൊരു പ്രാദേശിക തര്‍ക്കമായി കാണുന്നത് അപകടമാണ്. വര്‍ഷങ്ങളായി ഇവിടെ അക്രമപരമ്പര നടക്കുന്നു. എന്നാല്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് ശക്തമായ എതിര്‍പ്പ് നേരിടേണ്ടിവരികയും ചില സ്ഥലങ്ങളില്‍ നിന്ന് ഒഴിഞ്ഞുപോകേണ്ടിവരുകയും ചെയ്തത് ആദ്യമാണ്. അതിന് തിരിച്ചടി എന്നനിലയില്‍ പ്രാദേശികമായ പിന്തുണയോടെ നുഴഞ്ഞുകയറ്റക്കാര്‍ നടത്തിയ ശക്തിപ്രകടനമാണ് മേഖലയിലും പുറത്തും അസ്വസ്ഥത പടര്‍ത്തിയത്.
അതിര്‍ത്തിയില്‍ കടന്നുകയറി ഭാരതീയ സൈനികര്‍ക്കുനേരെ ക്രൂരമായ അതിക്രമം കാട്ടിയ പാക്കിസ്ഥാന് നടപടിയേയും സാധാരണ സംഭവമായിമാത്രം കാണരുതെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. പാക്കിസ്ഥാന് താല്പര്യത്തിനായി നിലകൊള്ളുന്ന ഭീകരവാദ സംഘങ്ങളുടെ ഗൂഢാലോചന ഇതിനുപിന്നിലുണ്ട്.
പാക് അനുകൂല ജിഹാദി സംഘങ്ങള്‍ അതിര്‍ത്തിയില്‍ ഭാരതവിരുദ്ധ പ്രവര്‍ത്തനം നടത്തുകയാണ്. ഇവരുടെ സാന്നിധ്യം രാജ്യത്തിന് വന്‍ ഭീഷണിയാണ്. ഇത് കണക്കിലെടുത്ത് അതിര്‍ത്തിയിലെ സുരക്ഷ ശക്തമാക്കി ജനങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്താന്‍ സര്‍ക്കാര്‍ സത്വരനടപടി സ്വീകരിക്കണം. ന്യൂനപക്ഷങ്ങളെ ഹിന്ദുക്കള്‍ക്കൊപ്പം ദേശീയ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് പകരം അവരെ പ്രീണിപ്പിക്കുകയാണ് സര്‍ക്കാര്‍. മുസ്ലീം വോട്ട് ബാങ്ക് മാത്രം കണ്ട് ഹിന്ദു,കാവി, ബിജെപി, ആര്‍എസ്എസ് എന്നിവയെ ഒക്കെ പ്രതിനിധീകരിക്കുന്നവര്‍ ഭീകരവാദത്തിന് ഉത്തരവാദികളാണെന്ന കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന അദ്ദേഹത്തിന്റെ ഹിന്ദുവിരുദ്ധ മനസ്സാണ് തെളിയിക്കുന്നതെന്നും ആര് എസ് എസ് വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. ഹിന്ദു ഭീകരവാദത്തെക്കുറിച്ച് പറയുന്ന ആളുകള്‍ക്കും സംഘടനകള്‍ക്കും പരസ്യമായി ഭീകരവാദത്തിലേര്പ്പെടുന്നവര്ക്ക് എതിരെ ഒന്നും ചെയ്യാനുള്ള ധൈര്യമില്ല.
പശ്ചിമബംഗാളില്‍ ഹിന്ദുവീടുകള്‍ക്കും ക്ഷേത്രങ്ങള്‍ക്കും നേരെ ഉണ്ടായ ആക്രമണങ്ങളും ഹൈദരാബാദിലെ സ്ഫോടനവും വളരുന്ന മുസ്ലീം ഭീകരവാദത്തിന്റെ കാഴ്ചകളാണ്. അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയതിനെതിരെ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയും ആശങ്കയുള്ള വിഷയമാണ്. ആയുധ ഇടപാടിലെ അഴിമതി ആശങ്കയും വേദനയും ഉളവാക്കുന്നതാണ്. ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി ഉത്തരവാദിത്വത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള പ്രതിരോധമന്ത്രാലയത്തിന്റെ ശ്രമം രാജ്യതാല്പര്യത്തിന് ചേര്‍ന്നതല്ല. പ്രതിരോധ മന്ത്രാലയത്തിലും സൈന്യത്തിലുമുള്ള ഉന്നതരെക്കുറിച്ച് സാധാരണക്കാരനുള്ള വിശ്വാസം തകരാനേ ഇതിടനല്കൂ. ഇത്തരം തരംതാണ രാഷ്ട്രീയവും അഴിമതി സംവിധാനവും രാജ്യത്തിന് വന്‍ തകര്‍ച്ചയുണ്ടാക്കും. സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്ക് കാരണം ജീവിതമൂല്യങ്ങളിലും സാമൂഹ്യജീവിതത്തിലും ഉണ്ടായ അപചയമാണ്. സാമൂഹ്യ-വിദ്യാഭ്യാസ-മതസ്ഥാപനങ്ങള്‍ സമൂഹത്തോടുള്ള കടമ നിര്‍വഹിക്കുകയും ധാര്മികജീവിതരീതി നയിക്കുകയുമാണ് ഇതിനു പോംവഴിയെന്നും സുരേഷ് ജോഷി അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സഹസര്‍ക്കാര്യവാഹ് ദത്താത്രയ ഹൊസബാളെ, സഹപ്രചാര്‍ പ്രമുഖ് ജെ.നന്ദകുമാര്‍ എന്നിവരാണ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പത്രസമ്മേളനത്തില്‍ വിശദീകരിച്ചത്.
പി. ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: