ന്യൂദല്‍ഹി: പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്സല് ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയ നടപടിക്കെതിരെ പാക്കിസ്ഥാന് പാസാക്കിയ പ്രമേയത്തെ അതിശക്തമായി എതിര്‍ത്ത് ഇന്ത്യന്‍ പാര്‍ലമെന്റ് പ്രമേയം പാസാക്കി. ഇരുസഭകളിലും പ്രതിപക്ഷം പ്രകടിപ്പിച്ച രൂക്ഷമായ എതിര്‍പ്പിന് വഴങ്ങിയാണ് പാക്കിസ്ഥാനെതിരെ പ്രമേയം പാസ്സാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ പാക്കിസ്ഥാന് ഇടപെടേണ്ടെന്നും അതുനോക്കാന്‍ ഇന്ത്യക്ക് അറിയാമെന്നും പ്രമേയം മുന്നറിയിപ്പ് നല്കി. പാക്കിസ്ഥാന് അനധികൃതമായി കൈവശം വച്ചിരിക്കുന്ന പാക് അധീന കാശ്മീര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ കാശ്മീരും ഇപ്പോഴും ഇന്ത്യയുടെ മാത്രം ഭാഗമാണ്. അതുകൊണ്ട് കാശ്മീരിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ പാക്കിസ്ഥാന് ശ്രമിക്കണ്ട. ബാഹ്യ ഇടപെടല്‍ ഉണ്ടായാല്‍ ഇന്ത്യ അതിനെ ഒറ്റെക്കെട്ടായി ചെറുക്കുമെന്നും പ്രമേയത്തില്‍ പറയുന്നു. അഫ്സല് ഗുരുവിന്റെ ശിക്ഷ നടപ്പാക്കിയതുമായി ബന്ധപ്പെട്ട് പാകിസ്ഥാന് പാസാക്കിയ പ്രമേയത്തെ ഇന്ത്യ തീര്‍ത്തും നിരാകരിക്കുന്നു.
ഇന്ത്യക്കെതിരെ ഭീകരപ്രവര്‍ത്തനത്തിന് ഭീകരരെ പ്രേരിപ്പിക്കുന്ന നടപടികളില്‍ നിന്ന് പാകിസ്ഥാന് പിന്മാറണം. എങ്കില്‍ മാത്രമെ പാക്കിസ്ഥാനുമായി ഉഭയകക്ഷി ബന്ധം മെച്ചപ്പെടുകയുള്ളൂവെന്നും പ്രമേയത്തില്‍ പറയുന്നുണ്ട്. അഫ്സല് ഗുരുവിനെ തൂക്കിക്കൊന്നതിനെതിരെ പാക്കിസ്താന് വ്യാഴാഴ്ച പ്രമേയം പാസാക്കിയിരുന്നു. അഫ്സലിന്റെ മൃതദേഹം കുടുംബത്തിന് വിട്ടുകൊടുക്കുന്നതുള്‍പ്പെടെ കാശ്മീര്‍ പാക്കിസ്ഥാന്റെ ഭാഗമാണെന്ന രീതിയില്‍ കാശ്മീരിനു വേണ്ടി സംസാരിക്കുന്ന തരത്തിലുള്ള പ്രമേയമാണ് പാക്കിസ്ഥാന് ദേശീയ അസംബ്ലിയില്‍ പാസാക്കിയത്. ഇതിനെതിരെയായിരുന്നു ഇന്ത്യയുടെ പ്രമേയം. ലോകസഭയില്‍ സ്പീക്കര്‍ മീരാകുമാറും രാജ്യസഭയില്‍ ചെയര്മാന് ഹാമിദ് അന്‍സാരിയുമാണ് പ്രമേയം അവതരിപ്പിച്ചത്.
ലോക്സഭ ചേര്‍ന്ന ഉടനെ പാക്കിസ്ഥാന് കഴിഞ്ഞ ദിവസം പാസാക്കിയ പ്രമേയത്തെ എതിര്‍ത്ത് ബദല്‍ പ്രമേയം കൊണ്ടുവേണമെന്ന് ബിജെപി നേതാവ് യശ്വന്ത് സിന്‍ഹയാണ് ആവശ്യപ്പെട്ടത്. സിന്‍ഹ ആവശ്യപ്പെട്ടയുടനെ കോണ്‍ഗ്രസ് എംപിമാരും സമാജ് വാദിപാര്‍ട്ടി നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ ബിജെപിയുടെ ആവശ്യത്തെ പിന്താങ്ങി. പാക്കിസ്ഥാന്റെ നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഇരുസഭകളിലുമുണ്ടായത്. ഇതുകൂടാതെ ഇന്ത്യയില്‍ ഏപ്രില്‍ 5ന് പാക്കിസ്ഥാനുമായുള്ള ഹോക്കി മത്സരവും തത്കാലത്തേക്ക് വേണ്ടെന്ന് വച്ചിട്ടുണ്ട്. ഏപ്രില്‍ 25 മുതല്‍ പാക്കിസ്ഥാനില്‍ ആരംഭിക്കുന്ന മത്സരങ്ങളെപ്പറ്റി തീരുമാനമായിട്ടില്ല. ശ്രീനഗറില്‍ പട്ടാള ക്യാമ്പില്‍ ചാവേര്‍ ആക്രമണമുണ്ടായ ശേഷം മുതല്‍ പാക്കിസ്ഥാനുമായുള്ള നയതന്ത്രചര്‍ച്ചകള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യം ബിജെപി നിരന്തരമായി ഉന്നയിച്ചുവരികയായിരുന്നു. പാര്‍ലമെന്റ് പാസാക്കിയ പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ ബിജെപി ഈ ആവശ്യം വീണ്ടും ഇന്നലെ സഭകളില്‍ ഉന്നയിച്ചു. പാക്കിസ്ഥാന്റെ ഭീകരപ്രവര്‍ത്തനം രാജ്യാന്തര തലത്തില്‍ ചര്‍ച്ചയ്ക്ക് കൊണ്ടുവരണമെന്നാണ് ബിജെപി അദ്ധ്യക്ഷന്‍ രാജ്നാഥ് സിങ് പറഞ്ഞത്. മുരളി മനോഹര്‍ ജോഷിയും ഇതേ ആശങ്ക പങ്കുവച്ചു.
മുംബൈ ഭീകരാക്രമണം, ഇന്ത്യന്‍ പട്ടാളക്കാരുടെ തല വെട്ടിമാറ്റിയത്, രാജ്യത്തുണ്ടായ മറ്റു തീവ്രവാദ ആക്രമണങ്ങള്‍ എന്നിവയെല്ലാം ശരിവയ്ക്കുന്നതായിട്ടാണ് പാക്കിസ്ഥാന് പാസാക്കിയ പ്രമേയത്തെ കാണേണ്ടതെന്നാണ് രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റലി പറഞ്ഞത്. തുടര്‍ന്ന് പ്രധാനമന്ത്രിയും ധനമന്ത്രിയും വിഷയത്തില്‍ പ്രതികരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. അംഗങ്ങളുടെ ആശങ്ക ദൂരീകരിക്കാന്‍ സര്‍ക്കാര്‍ പ്രതികരിക്കുമെന്ന് സ്പീക്കര്‍ പറഞ്ഞു. തുടര്‍ന്ന്, മന്ത്രിമാരായ സല്മാന് ഖുര്‍ഷിദ്, സുശീല്‍ കുമാര്‍ ഷിന്‍ഡേ, കമല്‍നാഥ് തുടങ്ങിയവരുമായി സ്പീക്കര്‍ ചര്‍ച്ച നടത്തി പ്രമേയത്തിന് രൂപം കൊടുത്തു. ഉച്ചയ്ക്ക് ശേഷം സ്പീക്കര്‍ സഭയില്‍ അവതരിപ്പിച്ച പ്രമേയം കരഘോഷങ്ങളോടെ മുഴുവന്‍ അംഗങ്ങളും വരവേറ്റു.
സ്വന്തം ലേഖിക
പ്രതികരിക്കാൻ ഇവിടെ എഴുതുക: