ദല്‍ഹിയില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടി എങ്ങനെ നിര്‍ഭയയും ധീരയുമാകുമെന്ന ചോദ്യമുയര്ത്തിയവരുണ്ട്. എല്ലാ അര്‍ത്ഥത്തിലും ആ പെണ്‍കുട്ടി ധീര തന്നെയായിരുന്നു. ഇനി ജീവിക്കേണ്ട എന്ന് ആര്‍ത്തലച്ച് കരയുന്ന ഒരവസ്ഥയില്‍ തനിക്ക് ജീവിക്കണമെന്നും തന്നെ ദ്രോഹിച്ചവര്‍ക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്നും അവള് ആഗ്രഹിച്ചു. തന്നോട് ചെയ്ത ക്രൂരതകള്‍ മനസ്ഥൈര്യത്തോടെ മരണക്കിടക്കയിലും വിശദീകരിച്ചു.
ആന്തരികാവയവങ്ങളെല്ലാം തകരാറിലായി ജീവന് തിരിച്ചുപോകാന്‍ തയ്യാറെടുക്കുമ്പോഴും താന്‍ മരിക്കില്ലെന്നും തിരിച്ചുവരുമെന്നും അസാധാരണമായി അവള് ചിന്തിച്ചു. ആ ധീരതയെ ലോകം അംഗീകരിച്ചതാണ് പോയവാരത്തിലെ ഏറ്റവും സ്ത്രീസൗഹൃദമായ വാര്‍ത്ത. രാജ്യാന്തര തലത്തില്‍ ഏറ്റവും ധീരയായ പെണ്‍കുട്ടിക്ക് നല്കുന്ന പുരസ്ക്കാരം നല്‍കിയാണ് അമേരിക്ക മരണാനന്തര ബഹുമതിയായി നിര്‍ഭയക്ക് നല്‍കിയത്. വികാര നിര്‍ഭരമായിരുന്നു പെണ്‍കുട്ടിയെ ആദരിച്ച അമേരിക്കയിലെ ചടങ്ങ്. സദസ് ഒരു നിമിഷം എഴുന്നേറ്റ് നിന്ന് ആ പെണ്‍കുട്ടിയെ ആദരിച്ചു. തങ്ങളുടെ മകള്‍ മുഴുവന്‍ ലോകത്തിന്റെയും മകളാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് നിര്‍ഭയയുടെ മാതാപിതാക്കളുടെ സന്ദേശം വായിച്ചപ്പോള്‍ സദസ്സ് മൂകമായി. ക്രൂരമായി മാനഭംഗപ്പെട്ട് കൊഴിഞ്ഞുപോയ ഒരു പെണ്‍കുട്ടി ലോകമനസാക്ഷിയെ എങ്ങനെ സ്വാധീനിച്ചു എന്നതിന്റെ നേര്‍ക്കാഴ്ചയായി അമേരിക്കയുടെ ആദരവിനെ തിരിച്ചറിയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: