ന്യൂജഴ്സി: ന്യൂജഴ്സിയിലെ സെറ്റണ്‍ ഹാള്‍ സര്‍വകലാശാലയില്‍ ഈ വര്‍ഷം മുതല്‍ ഭഗവദ്ഗീതാ പഠനം നിര്‍ബന്ധമാക്കുന്നു. 1856ല്‍ നെവാര്‍ക്ക് അതിരൂപതയുടെ കീഴില്‍ സ്ഥാപിതമായ സ്വതന്ത്ര കത്തോലിക്കാ സര്‍വകലാശാലയാണ് സെറ്റണ്‍ ഹാള്‍. തീരുമാനം അപൂര്‍വമാണെന്ന് പദ്ധതിയുടെ പ്രേരണ നല്കിയ സ്റ്റില്‍ മാന്‍ സ്കൂള്‍ ഓഫ് ബിസിനസ്സിലെ പ്രൊഫസര്‍ എ.ഡി.അമര്‍ പറഞ്ഞു. മറ്റൊരു സര്‍വകലാശാലയും ഇത്രയും വിശാലവും ആഴത്തിലുള്ളതുമായ പദ്ധതി പിന്തുടരുകയില്ല. സാധാരണ കോളേജുകള്‍ ഇത്തരത്തിലുള്ള കോഴ്സുകള്‍ നടപ്പാക്കണമെന്നാവശ്യപ്പെടുമ്പോള് സര്‍വകലാശാലകള്‍ നിരാകരിക്കുകയാണ് പതിവ്. എന്നാല്‍ സെറ്റണ്‍ സര്‍വകലാശാലയുടെ തീരുമാനം എല്ലാ വിദ്യാര്‍ഥികളും ഇത്തരം കോഴ്സുകള്‍ തീര്‍ച്ചയായും പഠിച്ചിരിക്കണമെന്നാണ്, അദ്ദേഹം ചൂണ്ടിക്കാട്ടി.
സെറ്റണ്‍ ഹാളിലെ മൂന്നിലൊന്ന് വരുന്ന 10,800 ഓളം വിദ്യാര്‍ഥികള്‍ അക്രൈസ്തവരാണ്. കത്തോലിക്കരല്ലാത്തവരും ഇവിടെ പഠിക്കുന്നുണ്ട്. ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണമാകട്ടെ വളരെ കൂടുതലും. ഏതുവിശ്വാസം പിന്തുടര്ന്നാലും ശരി ഇത്തരം കോഴ്സുകള്‍ എല്ലാവര്ക്കും വേണ്ടിയുള്ളതാണ്. മറ്റു സര്‍വകലാശാലകളില്‍ നിന്നും വിഭിന്നമായ പദ്ധതികള്‍ ആവിഷ്കരിച്ച് സ്ഥാനമുറപ്പിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നത്. അതിനായി പ്രത്യേക പാഠ്യപദ്ധതികള്‍ വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അമര്‍ പറഞ്ഞു.
സെനറ്റ് അധികൃതരുടെ കീഴില്‍ 2001ലാണ് വിദ്യാഭ്യാസ മേന്മയ്ക്കായി സര്‍വകലാശാല പ്രത്യേക പാഠ്യപരിഷ്കരണ സമിതി നിലവില്‍ വന്നത്. കോഴ്സുകളുടെ ഉള്ളടക്കം നിശ്ചയിക്കുന്നതിന്റെ ഭാഗമായി 2006ലാണ് അമര്‍ ഈ സമിതിയില്‍ അംഗമാകുന്നത്. വിദ്യാര്‍ഥികളുടെ ജീവിതത്തെയും സ്വഭാവത്തെയും സ്വാധീനിക്കാന്‍ കഴിയുന്ന പരിവര്‍ത്തന കോഴ്സുകള്‍ നടപ്പാക്കാനാണ് സര്‍വകലാശാല ലക്ഷ്യമിടുന്നത്.
നമ്മുടെ ജീവിത ലക്ഷ്യം, എന്തുകൊണ്ട് നാം ഇവിടെ, എവിടെക്കാണ് നമ്മള് പോകുന്നത് തുടങ്ങി എല്ലാക്കാലത്തും പ്രസക്തമായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കുന്ന കോഴ്സുകള്‍ നടത്താനാണ് ഉദ്ദേശ്യം. കോഴ്സിന്റെ പേര് പരിവര്‍ത്തന യാത്ര എന്നാണ്. കത്തോലിക്കാ ബൗദ്ധിക പാരമ്പര്യത്തില്‍ മാത്രം ഒതുങ്ങിപ്പോകാതെ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമേകുന്ന തരത്തില്‍ സമാജത്തെ പരിവര്‍ത്തനം ചെയ്യാന്‍ ലക്ഷ്യമിടുന്ന കോഴ്സ് ഈ വര്‍ഷം മുതല്‍ നടപ്പാക്കും.
ബൈബിള്‍ ഒരു ശൈലിയില്‍ മാത്രം പഠിപ്പിക്കുന്നതാണെന്നും അതിനാല്‍ വിദ്യാര്‍ഥികള്‍ പ്രാചീന ദാര്‍ശനിക ചിന്തകള്‍ കൂടി പഠിക്കേണ്ടതുണ്ടെന്നും അമര്‍ സമിതിയില്‍ ഉന്നയിച്ചു. ഇതിനായി അദ്ദേഹം വേദങ്ങളുടെയും ഗീതയുടെയും പഠനം ശുപാര്‍ശ ചെയ്തു. സമിതിയില്‍ ക്രിസ്ത്യാനികളെക്കൂടാതെ മുസ്ലീങ്ങളും ബൗദ്ധരും ജൂതന്മാരുമുണ്ട്. ഖുറാന് പഠിപ്പിക്കണമെന്ന അഭിപ്രായവും ഉയര്‍ന്നതായി അമര്‍ പറഞ്ഞു. അവസാനം ബൈബിള്‍ പഠനം-സുവിശേഷപുസ്തകം, ഭഗവദ്ഗീത, ദാന്തെയുടെ ദി ഡിവൈന്‍ കോമഡി എന്നിവ കോഴ്സിന്റെ ഭാഗമാക്കാന്‍ തീരുമാനിച്ചു. വേദങ്ങള്‍ മനസ്സിലാക്കാന്‍ വലിയ ബുദ്ധിമുട്ടാണെന്ന് സമിതി വിലയിരുത്തി. ഈ മനുഷ്യരുടെ വിശാലതയും തുറന്ന ചിന്താഗതിയും തന്നെ അദ്ഭുതപ്പെടുത്തിയെന്നും ഇത് കത്തോലിക്കാ സമൂഹത്തിന്റെ മഹത്ത്വമാണെന്നും അമര്‍ കൂട്ടിച്ചേര്‍ത്തു.
ഇത് കൂടാതെ മറ്റ് മൂന്നു വിഷയങ്ങള്‍ കൂടി കോഴ്സില്‍ ഉള്‍പ്പെടുത്തും. വൈയക്തി നിര്‍ദേശങ്ങളനുസരിച്ചായിരിക്കും അതിന്റെ കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുക. സ്റ്റീഫന്‍ മിഷേല്‍ നിര്‍വഹിച്ചിരിക്കുന്ന ഭഗവദ്ഗീതാ തര്‍ജമയാണ് പാഠപുസ്തകം. പ്രത്യേക പരിശീലനത്തോടെയാകും ഇത് പഠിപ്പിക്കുക. അധ്യാപകരാരും ഹിന്ദുക്കളല്ല. ബിസിനസ്സ് പ്രൊഫസര്‍ എന്ന നിലയ്ക്ക് അമറിന് ഇത് പഠിപ്പിക്കാനാകില്ല. എന്നാല്‍ പഠിക്കാന്‍ മറ്റുള്ളവരെ സഹായിക്കാം.
കോഴ്സിന് മുന്നോടിയായുള്ള ലഘുപദ്ധതി കഴിഞ്ഞ വര്‍ഷം തന്നെ ആരംഭിച്ചതായും വിദ്യാര്‍ഥികള്‍ക്ക് അത് വളരെ ഇഷ്ടപ്പെട്ടതായും അമര്‍ പറഞ്ഞു. ക്രിസ്തുമതവും സംസ്കാരവും-സംവാദം എന്ന കോഴ്സ് ഈ ഗണത്തില്‍ രണ്ടാമത്തേതാണ്.
ഇത് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ കൃതികളെക്കൂടാതെ കാള്‍ മാര്‍ക്സിന്റെയും ഫ്രെഡ്രറിക് നിഷെയുടെയും പഠനങ്ങളുടെ വെളിച്ചത്തില്‍ സാമൂഹ്യശാസ്ത്രമായാണ് പഠിപ്പിക്കുക. ആദ്യ രണ്ടു ഘട്ടങ്ങളിലെ പാഠ്യപദ്ധതിയെ വിപുലീകരിച്ചുള്ളതായിരിക്കും മൂന്നാം ഘട്ടത്തിലെ പാഠ്യപദ്ധതിയെന്നും അമര്‍ പറഞ്ഞു.
1972ലാണ് വിദേശ വിദ്യാര്‍ഥിയായി അമര്‍ അമേരിക്കയിലെത്തുന്നത്. അദ്ദേഹം മോണ്ട്ക്ലെയര് സ്റ്റേറ്റ് സര്‍വകലാശാലയില്‍ കുറച്ചുകാലം പഠിപ്പിച്ചിരുന്നു. 1983 മുതല്‍ സെറ്റണ്‍ ഹാള്‍ സര്‍വകലാശാലയില്‍ അദ്ദേഹം പ്രൊഫസറാണ്. ആനുകാലികങ്ങളില്‍ 70 ഓളം ലേഖനങ്ങള്‍ എഴുതിയിട്ടുള്ള അദ്ദേഹം ചില ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. സെറ്റണ്‍ ഹാളിലെ ഇന്ത്യന്‍ വിദ്യാര്‍ഥി അസോസിയേഷന്റെ ഉപദേശകനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ജില്ലയുടെ ഏഴാം പ്രതിനിധി സഭയില്‍ നിന്നും റിപ്പബ്ലിക്കന്‍ പ്രൈമറിയിലേക്ക് അദ്ദേഹം മത്സരിച്ചിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: