മ്യൂണിക്ക്: ജര്‍മ്മന്‍ ടീമായ ബയേണ്‍ മ്യൂണിക്കിനെ അവരുടെ തട്ടകത്തില്‍ തകര്‍ത്തിട്ടും പ്രീമിയര്‍ ലീഗ് ക്ലബായ ആഴ്സണല്‍ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായി. രണ്ടാം പാദ പ്രീ-ക്വാര്‍ട്ടറില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകളുടെ ഉജ്ജ്വല വിജയം നേടിയിട്ടും ആഴ്സണല്‍ പുറത്തായത് ബയേണ്‍ നേടിയ എവേ ഗോളിന്റെ ആനൂകൂല്യത്തിലാണ്. ആദ്യ പാദത്തില്‍ ബയേണ്‍ ആഴ്സണലിന്റെ തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വിജയിച്ചിരുന്നു. ഇതോടെ ഇരുപാദങ്ങളിലുമായി ഗോള്‍ നില 3-3 എന്ന നിലയിലായി. എന്നാല്‍ എവേ മത്സരങ്ങളില്‍ ബയേണ്‍ മൂന്ന് ഗോളുകള്‍ സ്വന്തമാക്കിയപ്പോള്‍ ആഴ്സണലിന് രണ്ട് ഗോളുകള്‍ നേടാനേ കഴിഞ്ഞുള്ളു. ഈ ഒരു ഗോളിന്റെ മുന്‍തൂക്കമാണ് ബയേണിന് ക്വാര്‍ട്ടറിലേക്ക് സ്ഥാനം നേടിക്കൊടുത്തത്.
മറ്റൊരു മത്സരത്തില്‍ എഫ്സി പോര്‍ട്ടോയെ തോല്‍പിച്ച് സ്പാനിഷ് ക്ലബായ മലാഗ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ലൈന്‍ അപ്പ് പൂര്‍ത്തിയാക്കി. ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ നേടിയ മികച്ച വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് സ്വന്തം ആരാധകര്‍ക്ക് മുന്‍പില്‍ മത്സരത്തിന് ഇറങ്ങിയതെങ്കിലും വന്‍ പരാജയമാണ് അലയന്‍സ് അരീനയില്‍ ബയേണ്‍ മ്യൂണിക്കിനെ കാത്തിരുന്നത്.
ഗണ്ണേഴ്സിന്റെ സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കി മൂന്നാം മിനിറ്റില്‍ തന്നെ ഒലിവര്‍ ഗിറൗഡ് ജര്‍മന്‍ ടീമിനെ ഞെട്ടിച്ചു. സാന്റി കാസറോള തുടങ്ങിവച്ച നീക്കത്തിനൊടുവില്‍ പന്ത് ആരോണ്‍ റമ്പ്സിക്ക്. റമ്പ്സി റോസിക്കിക്ക്. പന്തുമായി ഒന്ന് മുന്നേറിയ ശേഷം റോസിക്കി തിയോ വാല്‍ക്കോട്ടിന് പാസ് നല്‍കി. പാസ് സ്വീകരിച്ച് മുന്നേറിയ തിയോ വാല്‍ക്കോട്ട് പോസ്റ്റിന് മുന്നില്‍ നില്‍ക്കുകയായിരുന്ന ഗിറൗഡിനെ ലക്ഷ്യമാക്കി ക്രോസ് നല്‍കി. ക്രോസ് പിടിച്ചെടുത്ത ഗിറൗഡ് നല്ലൊരു ഷോട്ടിലൂടെ പന്ത് പോസ്റ്റിന്റെ ഇടത്തേമൂലയില്‍ എത്തിച്ചു. തൊട്ടുപിന്നാലെ ബയേണിന്റെ ടോണി ക്രൂസിന്റെ നല്ലൊരു ഷോട്ട് ആഴ്സണല്‍ ഗോളി ലൂക്കാസ് ഫാബിയാന്‍സ്കി രക്ഷപ്പെടുത്തി. പിന്നീട് ബയേണ്‍ തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടത്തി. 22-ാം മിനിറ്റില്‍ ലൂയിസ് ഗുസ്റ്റാവോയുടെ നല്ലൊരു ഷോട്ട് ആഴ്സണല്‍ ഗോളി രക്ഷപ്പെടുത്തി. രണ്ട് മിനിറ്റിനുശേഷം ക്രൂസിന്റെ മറ്റൊരു ശ്രമവും ആഴ്സണല്‍ ഗോളിയുടെ മികവിന് മുന്നില്‍ വിഫലമായി. തുടര്‍ന്നും ബയേണ്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ആദ്യ പകുതിയില്‍ സമനിലഗോള്‍ മാത്രം വിട്ടുനിന്നു.
രണ്ടാം പകുതിയിലും ബയേണിന്റെ മുന്‍തൂക്കമായിരുന്നു കണ്ടത്. മരിയോ മാന്‍സുകിക്കും അര്‍ജന്‍ റോബനും ക്രൂസും മുള്ളറും ഉള്‍പ്പെട്ട ബയേണ്‍നിര തിരമാലകണക്കെ ആഴ്സണല്‍ ഗോള്‍ മുഖത്ത് ആഞ്ഞടിച്ചെങ്കിലും പ്രതിരോധവും ഗോളിയും അവസരത്തിനൊത്തുയര്‍ന്നതോടെ ബയേണിന്റെ നീക്കങ്ങളെല്ലാം വിഫലമായി. എന്നാല്‍ 84-ാം മിനിറ്റില്‍ ആഴ്സണല്‍ ലീഡ് ഉയര്‍ത്തി. സാന്റി കാസറോളയുടെ നല്ലൊരു ക്രോസ് ലോറന്റ് കോസെനി തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ ബയേണ്‍ വലയിലെത്തിച്ചു. ഇതോടെ അഗ്രഗേറ്റ് സ്കോര്‍ 3-3 എന്ന നിലയിലായി. പിന്നീട് ലീഡ് ഉയര്‍ത്താന്‍ ആഴ്സണല്‍ ഉജ്ജ്വലമായി പൊരുതിയെങ്കിലും അവയൊന്നും ലക്ഷ്യത്തിലെത്തിയില്ല.
അതേസമയം മത്സരത്തില്‍ ഉടനീളം നിറഞ്ഞു കളിച്ചെങ്കിലും ബയേണിന് ഒരിക്കല്‍ പോലും ലക്ഷ്യം കാണാനായില്ല. 21 തവണയാണ് ബയേണ്‍ മുന്നേറ്റ നിര ആഴ്സണല്‍ പോസ്റ്റിലേക്ക് നിറയൊഴിച്ചത്. ഇതില്‍ ഒമ്പതെണ്ണവും ആഴ്സണല്‍ ഗോളി രക്ഷപ്പെടുത്തുകയായിരുന്നു. എന്നാല്‍ ആഴ്സണലാകട്ടെ ഗോള്‍ ലക്ഷ്യമാക്കി മൂന്ന് ഷോട്ടുകള്‍ മാത്രമാണ് ഉതിര്‍ത്തത്. ഇതില്‍ രണ്ടെണ്ണം വലയിലെത്തുകയും ചെയ്തു. എന്നാല്‍ എവേ ഗോളിന്റെ മുന്‍തൂക്കം ആതിഥേയരെ തുണച്ചപ്പോള്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ചാമ്പ്യന്‍സ് ലീഗിന്റെ പ്രീക്വാര്‍ട്ടറില്‍ പുറത്താകാനായിരുന്നു ആഴ്സണലിന്റെ വിധി. ഇതോടെ 1995ന് ശേഷം ആദ്യമായി ഇംഗ്ലീഷ് ടീമില്ലാത്ത ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈന്‍ അപ്പിനും യൂറോപ്പ് സാക്ഷിയായി.
മറ്റൊരു രണ്ടാം പാദ പ്രീ-ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗീസ് ക്ലബ്ബായ എഫ്സി പോര്‍ട്ടോയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കി സ്പാനിഷ് ടീമായ മലാഗ ക്വാര്‍ട്ടറിലേക്ക് കുതിച്ചു. ആദ്യപാദത്തില്‍ എഫ്സി പോര്‍ട്ടോ സ്വന്തം നാട്ടില്‍ 1-0ന് ജയിച്ചിരുന്നു. ഇതോടെ ഇരുപാദങ്ങളിലുമായി 2-1ന്റെ വിജയവുമായാണ് മലാഗ ക്വാര്‍ട്ടറിലേക്ക് കടന്നത്. മത്സരത്തിന്റെ 49-ാം മിനിറ്റില്‍ സ്റ്റീഫന്‍ ഡിഫോര്‍ രണ്ടാം മഞ്ഞകാര്‍ഡും ചുവപ്പുകാര്‍ഡും കണ്ട് പുറത്തുപോയശേഷം പത്തുപേരുമായാണ് എഫ്സി പോര്‍ട്ടോ കളിച്ചത്. ഇത് അവര്‍ക്ക് തിരിച്ചടിയാവുകയും ചെയ്തു.
തുടക്കം മുതല്‍ ആക്രമിച്ചുകളിച്ച മലാഗ 43-ാം മിനിറ്റിലാണ് ആദ്യ ഗോള്‍ നേടിയത്. മാനുവല്‍ ഇട്ടൂറയുടെ പാസില്‍ നിന്ന് ഇസ്കോയാണ് ആദ്യഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ 1-0ന് മലാഗ മുന്നിട്ടുനിന്നു. രണ്ടാം പകുതിയിലും മലാഗ മുന്നേറ്റമാണ് മൈതനാത്ത് ദൃശ്യമായത്. തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കൊടുവില്‍ 77-ാം മിനിറ്റില്‍ മലാഗ ലീഡ് ഉയര്‍ത്തി. ഇസ്കോ നല്‍കിയ അളന്നുമുറിച്ച ക്രോസ് തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ റോക്കി സാന്റ ക്രൂസ് പോര്‍ട്ടോ വലയിലെത്തിച്ചു.
ഇത്തവണ ക്വാര്‍ട്ടറില്‍ സ്പെയിനില്‍ നിന്ന് മൂന്ന് ടീമുകളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. മലാഗക്ക് പുറമെ ബാഴ്സ, റയല്‍ എന്നീ ടീമുകള്‍ നേരത്തെ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയിരുന്നു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ആദ്യമായാണ് മൂന്ന് സ്പാനിഷ് ടീമുകള്‍ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറില്‍ എത്തുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: