കൊച്ചി: മെട്രോ മുന്നൊരുക്കങ്ങളുടെ ഭാഗമായി നഗരകേന്ദ്രത്തില്‍ ഏറ്റെടുത്ത പ്ലോട്ടുകളിലെ കൈവശക്കാരെ ഒഴിപ്പിക്കാന്‍ നടപടി തുടങ്ങി. ഒഴിയുന്നതിനുള്ള സമയപരിധി കഴിഞ്ഞ ദിവസം അവസാനിച്ചതിനെ തുടര്‍ന്നാണ് നിയമപ്രകാരമുള്ള വാറന്റ് നല്കി ഒഴിപ്പിക്കലിന് നടപടി ആരംഭിച്ചത്.
ബാനര്‍ജി റോഡ്, എംജി റോഡ്, സൗത്ത് റെയില്‍വെ സ്റ്റേഷന് റോഡ് എന്നിവിടങ്ങളില്‍ ഇനിയും ഒഴിഞ്ഞുപോകാത്ത വാടകക്കാര്‍ അടക്കമുള്ളവര്‍ക്കാണ് വാറന്റ് നല്‍കുക. വാറന്റ് വിതരണം ഇന്ന് ആരംഭിക്കും.എംജി റോഡില്‍ പദ്ധതിക്കായി ഏറ്റെടുക്കുന്ന പുറമ്പോക്ക് ഭൂമി കയ്യേറിയവരെ ഒഴിപ്പിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മെട്രോ സ്ഥലമെടുപ്പ് യൂണിറ്റുകളുടെ ചുമതല വഹിക്കുന്ന ഡപ്യൂട്ടി കളക്ടര്‍ കെ.പി. മോഹന്‍ദാസ് പിള്ള അറിയിച്ചു.മുട്ടത്ത് മെട്രോ വില്ലേജിനായി 230 ഏക്കര്‍ സ്ഥലം നികത്തുന്നതിന് സര്‍ക്കാരിന്റെ അനുമതിയും കഴിഞ്ഞ ദിവസം ലഭിച്ചു.
മെട്രോ യാര്‍ഡിനായി കണ്ടെത്തിയിട്ടുള്ള 41 ഏക്കര്‍ സ്ഥലത്തിന്റെ ഉടമാവകാശം സംബന്ധിച്ച രേഖകളുടെ പരിശോധന ഉടനെ പൂര്‍ത്തിയാകും. 1.02 ലക്ഷം രൂപയാണ് ഇവിടെ സെന്റിന് വില നിശ്ചയിച്ചിരിക്കുന്നത്.
മെട്രോ സ്ഥലമെടുപ്പ് യൂണിറ്റുകളിലേക്ക് സര്‍ക്കാര്‍ അനുവദിച്ച 32 തസ്തികകളില്‍ 17 പേര്‍ക്ക് നിയമനോത്തരവ് നല്കി. ഇതില്‍ ഏഴ് പേര് കഴിഞ്ഞ ദിവസങ്ങളില്‍ ചുമതലയേറ്റു. ബാക്കിയുള്ളവര്‍ കൂടി കളക്ടറേറ്റിലെ മെട്രോ യൂണിറ്റില്‍ ചുമതലയേല്‍ക്കുന്നതോടെ നടപടിക്രമങ്ങള്‍ക്ക് വേഗമേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: